ADVERTISEMENT

അജിത്ത് നായകനായ ‘വലിമൈ’ എന്ന തമിഴ് ചിത്രം ഹിറ്റിലേക്ക് കുതിക്കുമ്പോൾ ശ്രദ്ധ നേടുന്നത് ഒരു മലയാളി താരം കൂടിയാണ്.  ‘ക്വീനി’ലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഒറ്റപ്പാലംകാരൻ ധ്രുവൻ എന്ന താരമാണ് അജിത്തിന്റെ വില്ലന്മാരിൽ ഒരാളായി വലിമൈയിൽ നിറഞ്ഞാടിയത്.  ഒരു സിനിമാതാരമാകാൻ എയർപോർട്ട് സ്റ്റാഫ് എന്ന ജോലിപോലും ഉപേക്ഷിച്ച് പത്തുവർഷമായി സിനിമയ്ക്ക് പിന്നാലെ സഞ്ചരിക്കുന്ന ധ്രുവൻ ‘ആറാട്ടി’ലും ഒരു ചെറിയ വേഷം ചെയ്തിരുന്നു.  ദുൽഖർ സൽമാൻ നിർമിക്കുന്ന ‘അടി’, ‘ജനഗണമന’ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തുവരാനിരിക്കുന്നത്.  ‘വലിമൈ’യുടെ വിേശഷങ്ങളുമായി ധ്രുവൻ മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുന്നു. 

 

‘ക്വീൻ’ കണ്ടു ‘വലിമൈ’യിൽ എത്തി

 

dhrvu-vinoth

ഞാൻ അഭിനയിച്ച 'ക്വീൻ' കണ്ടതിനു ശേഷമാണ്  സംവിധായകൻ എച്ച്. വിനോദ് എന്നെ വിളിച്ചത്.  കൊറോണ തുടങ്ങിയ ശേഷമുള്ള ആദ്യ ലോക്ഡൗൺ സമയത്തായിരുന്നു അത്.  ചെന്നൈയിൽ ഓഡിഷന് വിളിച്ചപ്പോൾ ലോക്ഡൗൺ ആയത് കാരണം പോകാൻ കഴിഞ്ഞില്ല. നേരിട്ട് എത്താൻ പറ്റാത്തതുകൊണ്ട് വിഡിയോ ചെയ്തു അയയ്ക്കാൻ പറഞ്ഞു.  അത് കണ്ട് ഇഷ്ടപ്പെട്ടാണ് വലിമൈയിലേക്ക് ക്ഷണിച്ചത്.  അജിത്ത് സാറിന്റെ സിനിമയാണെന്ന് സെറ്റിലെത്തിയപ്പോഴാണ് മനസ്സിലായത്.  

 

സംവിധായകൻ എച്ച്. വിനോദ് സാറിന്റെ ഒരു ആരാധകനാണ് ഞാൻ. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ അവസരം ലഭിച്ചത് തന്നെ ഭാഗ്യമായി കരുതിയ എനിക്ക് അജിത്ത് സാറിന്റെ സിനിമയാണെന്നറിഞ്ഞപ്പോൾ ബമ്പർ അടിച്ചതുപോലെ തോന്നി.  വലിമൈയിൽ എന്റേത് ഒരു വില്ലൻ കഥാപാത്രമാണ്.  കാർത്തിയേകയന്റെ കൂടെയുള്ള കഥാപാത്രമാണ്.  പ്രധാനപ്പെട്ട സീനുകളിലൊക്കെ ഉണ്ട്. ബൈക്ക് സ്റ്റണ്ട് അറിയാമോ എന്ന് ഓഡിഷൻ സമയത്തുതന്നെ ചോദിച്ചിരുന്നു.  ഡിഗ്രിക്കു പഠിക്കുമ്പോൾ മുതൽ ബൈക്ക് സ്റ്റണ്ടും കാർ സ്റ്റണ്ടുമൊക്കെ ചെയ്തു നോക്കിയിട്ടുള്ള എനിക്ക് ഇപ്പോൾ അത് ഉപയോഗപ്രദമായി.

 

പ്രൊജക്റ്റിന്റെ വലിപ്പം അറിയാതെയാണ് പോയത് 

 

ഇത്രയും വലിയൊരു പ്രൊജക്റ്റിലാണ് ഞാൻ ഭാഗമാകാൻ പോകുന്നത് എന്ന് അവിടെ എത്തുംവരെ എനിക്ക് അറിയില്ലായിരുന്നു.  വിനോദ് സാറിന്റെ ഒരു ഡ്രീം പ്രോജക്റ്റ് ആയിരുന്നു ഇത്.  പത്തൻപത് ബൈക്ക് , നാലഞ്ച് കാരവൻ ഇതൊക്കെ ഉള്ള സെറ്റ് കണ്ടപ്പോൾ തന്നെ സിനിമയുടെ ഒരു വലിപ്പം എനിക്ക് മനസ്സിലായി.  ഒരു മലയാളി നടനായ എനിക്ക്  വളരെ നല്ലൊരു സ്വീകരണമാണ് കിട്ടിയത്.  അതുപോലെ തന്നെ പ്രൊമോഷന് പോയപ്പോൾ അജിത്ത് സാറിന്റെ ആരാധകരുടെ  സ്നേഹം നേരിട്ട് അറിയാൻ കഴിഞ്ഞു.  ഓരോരുത്തരും വന്ന് നമ്മെയും കെട്ടിപ്പിടിക്കുകയാണ്.  കോയമ്പത്തൂർ ആണ് വലിമൈ കാണാൻ പോയത്.  തിയറ്ററിൽ നല്ല സ്വീകരണമായിരുന്നു.  അജിത്ത് സാറിനോടുള്ള ഇഷ്ടത്തിന്റെ ഒരംശം എനിക്കുകൂടി കിട്ടി.  തമിഴ് ആരാധകർ സ്നേഹം ശരിക്കും പ്രകടിപ്പിക്കുന്നവരാണ്.

 

അജിത്ത് ഒരു മനുഷ്യസ്നേഹി 

 

അജിത്ത് സാറിന്റെ ഒരു പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്.  അത് അങ്ങനെ എല്ലാവർക്കും കിട്ടുന്ന കാര്യമല്ലല്ലോ.  ഇത്രയും സിംപിൾ ആയ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.  സെറ്റിൽ എല്ലാവരെയും ഒരുപോലെയാണ് അദ്ദേഹം കാണുന്നത്.  എല്ലാവരും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തും.  എന്നോടും വലിയ സ്നേഹത്തോടെയാണ് പെരുമാറിയത്.  ഒരിക്കൽ ഹൈദരാബാദിൽ വച്ച് ഷൂട്ടിങ്ങിനിടയിൽ ഞാൻ തണുത്തുവിറച്ച് ഇരിക്കുന്നത് അദ്ദേഹം വളരെ ദൂരത്തുനിന്നു കണ്ടു.  അദ്ദേഹം അസ്സിസ്റ്റന്റിനോട് പറഞ്ഞിട്ട് എനിക്ക് ചൂട് കാപ്പി കൊടുത്തുവിട്ടു, എനിക്ക് ഹീറ്ററും എത്തിക്കാൻ പറഞ്ഞേൽപ്പിച്ചു.  അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ല കണ്ടില്ല എന്ന് നടിച്ചു പോയാൽ മതി.  പക്ഷേ അദ്ദേഹം അങ്ങനെയല്ല വലിയൊരു മനുഷ്യസ്നേഹിയാണ്.   ജോലിക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്യും.  എനിക്ക് പോലും പേടിയാകുന്ന ബൈക് സ്റ്റണ്ടുകൾ അദ്ദേഹം ചെയ്യും.  അത്രയും ഹാർഡ് വർക്ക് ചെയ്താണ് ആ സീനുകൾ ഒക്കെ ചെയ്തിട്ടുള്ളത്.  അദ്ദേഹത്തിനോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല എന്ന സങ്കടമുണ്ട്.  

 

ഭാഷ ഒരു പ്രശ്നമല്ല 

 

പാലക്കാടാണ് എന്റെ സ്വദേശം.  അതുമാത്രമല്ല കോയമ്പത്തൂരാണ് ഞാൻ പഠിച്ചത് അതുകൊണ്ടു തന്നെ അസ്സലായി തമിഴ് പറയും.  തമിഴ് അറിയാമെങ്കിലും അവരുടെ ഒരു സ്പീഡിൽ സംസാരിക്കാൻ കഴിയില്ല.  ഡയലോഗിൽ സഹായിക്കാൻ സംവിധായകന്റെ ടീമിലെ അസ്സോസിയേറ്റ്സ് ഒരുപാടുപേരുണ്ടായിരുന്നു.  അവരോട് വോയ്‌സ് ആയി ഡയലോഗ് പറഞ്ഞു അയക്കാൻ പറഞ്ഞിട്ട് അത് കേട്ട് ഞാൻ പഠിക്കും എന്നിട്ടു അവരെ പറഞ്ഞു കേൾപ്പിക്കും.  അങ്ങനെയാണ് ഡയലോഗ് പഠിച്ചത്.  ചെന്നൈ തമിഴ് സ്ളാങ് വ്യത്യാസമുണ്ട്.  കുറച്ചുകൂടി സ്പീഡ് ആണ്.

 

എയർപ്പോർട്ട് സ്റ്റാഫിൽ നിന്ന് നടനിലേക്ക് 

 

എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന ആളാണ് ഞാൻ. കൊച്ചിയിലും തിരുവനന്തപുരത്തും എയർപോർട്ടുകളിൽ ജോലി ചെയ്തിട്ടുണ്ട്.  പക്ഷേ സിനിമാമോഹം കാരണം ജോലി ഉപേക്ഷിച്ചു.  അഭിനയം എനിക്ക് വളരെയധികം ഇഷ്ടമാണ്.  ഒരുപാട് ഒഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.  അച്ഛനും അമ്മയും ഏട്ടനും ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് എന്റെ കുടുംബം.  

 

ക്വീൻ മുതൽ നാൻസി റാണി വരെ 

 

ആദ്യമായി അഭിനയിച്ച സിനിമ ക്വീൻ ആണ്.  ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിലും അഭിനയിച്ചു.  പിന്നെ ചില ചിത്രങ്ങളിൽ അതിഥി താരമായി എത്തിയിരുന്നു.  വലിമൈ ചെയ്യാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.  ഇപ്പോൾ ആറാട്ടിലും ഒരു ചെറിയ വേഷം ചെയ്യാൻ കഴിഞ്ഞു.  ഷൈൻ ടോം ചാക്കോ നായകനാകുന്ന അടി എന്ന ചിത്രമാണ് അടുത്തത്.   അതിൽ നല്ല ഒരു കഥാപാത്രമാണ്.  ദുൽഖർ സൽമാന്റെ വെയ്‌ഫെറെർ ഫിലിംസ് ആണ് നിർമ്മാണം.  ജനഗണമന, ഖജുരാവോ ഡ്രീംസ്, നാൻസി റാണി എന്നിങ്ങനെ ചില ചിത്രങ്ങളും റിലീസ് ആകാനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com