‘പറവ’യിൽ ഓഡിഷനു വന്നിട്ടും കിട്ടിയില്ല, ഭാഗ്യം വന്നത് രോമാഞ്ചത്തിൽ: സിജു അഭിമുഖം
Mail This Article
തിയറ്ററുകളിൽ ചിരിയുടെ വെടിക്കെട്ടുമായി എത്തിയ ‘രോമാഞ്ചം’, സിനിമ സ്വപ്നം കണ്ടു നടന്ന ഒരുപാട് ചെറുപ്പക്കാരുടെ ഭാഗ്യ ചിത്രവും കൂടിയാണ്. അതിലൊരാളാണ് മുകേഷ് എന്ന കഥാപാത്രമായെത്തിയ സിജു സണ്ണി. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ സിജുവിന് അഭിനയം ഭ്രാന്തായിരുന്നു. ബിടെക് കഴിഞ്ഞ് സൗദിയിലേക്ക് പറന്നെങ്കിലും സിനിമയെന്ന ഭ്രാന്തിനു പിന്നാലെ കൂടാൻ സിജു നാട്ടിലേക്കു മടങ്ങി. കോവിഡ് കാലത്ത് ചെയ്ത റീൽസ് വിഡിയോയിൽ നിന്നാണ് ജിത്തു മാധവൻ സിജുവിനെ കണ്ടെത്തുന്നത്. സിനിമയിൽ ഒരു ചെറിയ വേഷമെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു നടന്ന തനിക്ക് ജിത്തു വച്ച് നീട്ടിയത് ഏറ്റവും വലിയ സമ്മാനമായിരുന്നു എന്ന് സിജു പറയുന്നു. രോമാഞ്ചത്തിന്റെ വിശേഷങ്ങളുമായി സിജു സണ്ണി മനോരമ ഓൺലൈനിനൊപ്പം ചേരുന്നു...
രോമാഞ്ചം എന്റെ ഭാഗ്യചിത്രം
വിശുദ്ധ മെജോ ആണ് എന്റെ ആദ്യ സിനിമ. അതിൽ ചെറിയ ഒരു സീനിൽ മാത്രമേ ഞാൻ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം സൗബിൻ ഇക്കയും (സൗബിൻ സാഹിർ) മഞ്ജു ചേച്ചിയും (മഞ്ജു വാര്യർ) ഒരുമിച്ചഭിനയിച്ച ‘വെള്ളരിപ്പട്ടണം’ എന്ന ചിത്രത്തിൽ രണ്ടുമൂന്നു സീനിൽ അഭിനയിച്ചു. എന്റെ മൂന്നാമത്തെ ചിത്രമാണ് ‘രോമാഞ്ചം’. സിനിമയിലുടനീളമുള്ള കഥാപാത്രം ആദ്യമായി ചെയ്തത് രോമാഞ്ചത്തിലാണ്. രോമാഞ്ചം ഒരു ഭാഗ്യ ചിത്രം തന്നെയാണ്. ഒരു തുടക്കക്കാരൻ ഒട്ടും പ്രതീക്ഷിക്കാത്ത സ്വീകാര്യതയാണ് രോമാഞ്ചത്തിൽ ലഭിച്ചത്.
ബാലപാഠങ്ങൾ വേനൽത്തുമ്പിയിൽനിന്ന്
സ്കൂളിൽ പഠിക്കുമ്പോൾ ചെറിയ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അന്നൊക്കെ ടിവിയിൽ ചെറിയ കോമഡി സ്‌കിറ്റുകൾ വരുമായിരുന്നു. അതൊക്കെ എഴുതി രണ്ടു മൂന്നു സുഹൃത്തുക്കൾ ചേർന്ന് ചെയ്യുമായിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. സ്കൂൾ വെക്കേഷൻ ആകുമ്പോൾ വേനൽത്തുമ്പി എന്ന സമിതിയോടൊപ്പം ചേർന്ന് തെരുവുനാടകം, നാടൻ പാട്ട് തുടങ്ങിയവയിലൊക്കെ പങ്കെടുക്കും. ആ ക്യാംപിൽ പ്രവർത്തിക്കുമ്പോൾ അഭിനയത്തെക്കുറിച്ച് കൂടുതൽ പഠിക്കുകയും അഭിനയത്തോട് കൂടുതൽ ഇഷ്ടം തോന്നുകയും ചെയ്തു. വേനൽത്തുമ്പികളിൽ വരുന്ന ചില ചേട്ടന്മാർ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർമാരായി വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അവരുടെ കയ്യിൽനിന്ന് മൊബൈൽ നമ്പർ വാങ്ങി, ക്യാംപ് കഴിഞ്ഞ ശേഷം വിളിച്ച് സിനിമയിലേക്കുള്ള ഓഡിഷൻ നടക്കുന്നതൊക്കെ മനസ്സിലാക്കി അതിനൊക്കെ പോകാൻ തുടങ്ങി. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾത്തന്നെ ഓഡിഷനുകൾക്ക് പോകുമായിരുന്നു. പക്ഷേ ഒന്നും വർക്ക് ആയില്ല
സൗദിയിലെത്തിയിട്ടും വിടാത്ത അഭിനയമോഹം
എൻജിനീയറിങ് കഴിഞ്ഞപ്പോഴും എന്റെ ലക്ഷ്യം സിനിമ തന്നെ ആയിരുന്നു. ഞാൻ ജീവിതം പാഴാക്കുന്നു, ഒന്നും നടക്കുന്നില്ല എന്നായപ്പോൾ ജോലിക്ക് പോയേ പറ്റൂ എന്ന് വീട്ടിൽ നിന്നുള്ള സമ്മർദം വന്നു. അങ്ങനെയാണ് സൗദിയിലേക്കു പോകുന്നത്. പക്ഷേ അവിടെയെത്തി ജോലിയിൽ പ്രവേശിച്ചിട്ടും ഓഡിഷന് ഫോട്ടോ അയയ്‌ക്കൽ നിർത്തിയില്ല. നാട്ടിൽ അവധിക്ക് വരുമ്പോഴെങ്കിലും സിനിമയിൽ ചാൻസ് കിട്ടിയാലോ എന്നായിരുന്നു ചിന്ത. ചെറിയ എഴുത്ത് പരിപാടികൾ ഉണ്ടായിരുന്നു, ഒരു സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. സൗദിയിൽവച്ചും ഞാൻ നാട്ടിൽ എത്തുമ്പോൾ സിനിമയിൽ അഭിനയിക്കുന്നതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു.
വഴിത്തിരിവായത് റീൽസ് വിഡിയോ
ഞാൻ എഴുതിയ തിരക്കഥയ്ക്ക് ഒരു നിർമാതാവിനെ കിട്ടിയപ്പോൾ സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു വന്നു. പക്ഷേ ആ സിനിമ നടന്നില്ല. ആയിടയ്ക്കാണ് കോവിഡ് വന്നത്. ഇനി എന്തുചെയ്യും എന്നു കരുതിയിരിക്കുമ്പോഴാണ് റീൽസ് വിഡിയോകൾ പ്രചാരത്തിലായത്. 30 സെക്കൻഡ് കണ്ടന്റ് എഴുതി ഞാൻ തന്നെ വിഡിയോ ചെയ്തു തുടങ്ങി. അതിൽ ഒരു വിഡിയോ രോമാഞ്ചത്തിന്റെ സംവിധായകൻ ജിത്തു ചേട്ടൻ കാണാനിടയായി. അങ്ങനെയാണ് സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം എന്നെ വിളിച്ചത്.
കഥ കേട്ടത് മുതൽ ഷർട്ട് ഇട്ടിട്ടില്ല
ജിത്തു ചേട്ടൻ വിളിച്ച് കഥ പറഞ്ഞിട്ട്, ഇതിൽ മുകേഷ് എന്ന കഥാപാത്രമാണ് സിജു ചെയ്യുന്നതെന്നു പറഞ്ഞു. ഒരുവീട്ടിൽ ഒരുമിച്ചു താമസിക്കുന്ന കൂട്ടുകാർക്കിടയിൽ തീരെ വൃത്തിയില്ലാത്ത, ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ആളാണ് മുകേഷ്. ആകെയുള്ള രണ്ടു ലുങ്കി നനയ്ക്കാതെ, ഷർട്ട് ഇടാതെ, നഖം വെട്ടാതെ നടക്കുന്ന, ഏതു സാഹചര്യത്തിലും കിടക്കുന്ന ഒരാൾ. ‘‘നീ ഇനി മുതൽ വീട്ടിൽ ഷർട്ട് ഇടാതെ നടന്നോളൂ, സിനിമ ചെയ്യാറാകുമ്പോഴേക്കും അത് ശീലമാകും’’ എന്നു പറഞ്ഞു. അങ്ങനെ അന്നുമുതൽ ഞാൻ ഒരു ഉഴപ്പനായി ജീവിക്കാൻ തുടങ്ങി. മുടി വെട്ടാതെ, നഖം വെട്ടാതെ, ഷർട്ട് ഇടാതെ നടക്കുന്ന എന്നെ കണ്ടിട്ട് വീട്ടിൽ പോലും എല്ലാവർക്കും വെറുപ്പായിത്തുടങ്ങി. എനിക്കെന്തെങ്കിലും പറ്റിയതാണോ എന്ന അവരുടെ പേടി കണ്ടിട്ട് ഞാൻ പറഞ്ഞു, ‘‘ഇതൊരു സിനിമയ്ക്കു വേണ്ടിയുള്ള തയാറെടുപ്പാണ്’’. വീട്ടുകാരോടു മാത്രമേ പറഞ്ഞുള്ളൂ സുഹൃത്തുക്കളോടോ നാട്ടുകാരോടോ പറഞ്ഞില്ല. അവരുടെ വിചാരം എനിക്കെന്തോ കാര്യമായി സംഭവിച്ചു എന്നുതന്നെ ആയിരുന്നു. എന്റെ കഥാപാത്രം ഒരുപക്ഷേ എന്നിൽ നിന്ന് മാറിപ്പോയേക്കുമോ എന്ന പേടി കാരണമാണ് ആരോടും പറയാതിരുന്നത്. എന്നാലും വീട്ടുകാര്‍ പറഞ്ഞത് ‘‘എടാ, ഒരു സിനിമയിൽ അഭിനയിക്കാൻ പോകുവല്ലേ, മുടിയൊക്കെ വെട്ടി വൃത്തിയാക്കിയിട്ട് പോ’’ എന്നാണ്.
ട്രെയിനിൽ തുടങ്ങിയ അടുപ്പം
കഥ പറഞ്ഞു കുറച്ചുദിവസം കഴിഞ്ഞ് ജിത്തു ചേട്ടൻ ഞങ്ങളെയെല്ലാം ആലുവയിലേക്ക് വിളിച്ചു. ഞങ്ങളെല്ലാം തമ്മിൽ പരിചയപ്പെടാനും ഒരു വൈബ് ഉണ്ടാക്കാനുമായിരുന്നു അത്. നിരൂപും നത്തും മാത്രം ഇല്ലായിരുന്നു. ഞങ്ങളെല്ലാം പാട്ടും കൂട്ടുമായി അവിടെ കൂടി. ജഗദീഷ് മിമിക്രി ചെയ്യും, ഞങ്ങളെല്ലാം പാട്ടിട്ട് ഡാൻസ് കളിക്കും, സിനിമയിലെ സീനുകൾ ചെയ്തു നോക്കും. ഞങ്ങളെല്ലാം തമ്മിൽ സിനിമയിലെ പേരു തന്നെയാണ് വിളിച്ചിരുന്നത്. കുറച്ചു ദിവസം കഴിഞ്ഞു ചെന്നൈയിലേക്കുള്ള ട്രെയിനിലാണ് സജിൻ ഗോപുവും നത്തും ജോയിൻ ചെയ്തത്. ചെന്നൈയിൽ എത്തിയപ്പോഴേക്കും ഞങ്ങളെല്ലാം സെറ്റായി. നിരൂപ് എന്ന സജിൻ ഗോപു ജാനേ മൻ, ചുരുളി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ചെയ്തു ഞങ്ങളെക്കാൾ കുറച്ചു സീനിയർ ആയ ആളാണ്. ഞങ്ങളുടെ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്. ഇപ്പോൾ പ്രമോഷന് വേണ്ടി പോകുമ്പോൾ പോലും ഞങ്ങൾ സിനിമയിലെപ്പോലെ തന്നെയാണ് ഹോട്ടൽ റൂം പോലും എടുക്കുന്നത്. ഞാനും അനന്തനും ഒരു റൂം, നത്തും സോമനും ഒരു റൂം അഫ്സലും ജോമോനും ഒരു റൂം. ഈ കൂട്ടുകെട്ട് ഇതുപോലെ കൊണ്ടുപോകാനാണ് ആഗ്രഹം.
പ്രതികരണങ്ങൾ
രോമാഞ്ചത്തിന്റെ ട്രെയിലർ ഇറങ്ങിയത് മുതൽ നല്ല പ്രതികരണങ്ങളാണ്. ട്രെയിലർ കണ്ടു നല്ല പ്രതീക്ഷയുണ്ട് എന്നാണ് എല്ലാവരും വിളിച്ചു പറഞ്ഞത്. സിനിമ ഇറങ്ങിയപ്പോൾ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ലഭിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സിനിമയിലുള്ളവരുമായ ഒരുപാട് പേര് വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു. പുതിയ സിനിമകളിലേക്ക് വിളിക്കുന്നുണ്ട്. രണ്ടുമൂന്ന് പ്രൊജക്ടുകളിലേക്കുള്ള ചർച്ചകൾ നടക്കുകയാണ്.
സൗബിൻ ഷാഹിറുമായി അഞ്ചു വർഷം മുൻപൊരു ബന്ധമുണ്ട്
സൗബിൻ ഇക്കയുമായി ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നതെങ്കിലും അദ്ദേഹവുമായി അഞ്ചു വർഷം പഴക്കമുള്ള ഒരു ബന്ധമുണ്ട്. അഞ്ചു വർഷം മുൻപ് സൗബിൻ ഇക്ക ചെയ്ത ‘പറവ’ എന്ന ചിത്രത്തിന്റെ ഓഡിഷന് ഞാൻ പോയിരുന്നു. അപ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുത്തിരുന്നു. അന്ന് ആ ചിത്രത്തിലേക്ക് അവസരം ലഭിച്ചില്ല. ആ ഫോട്ടോ ഞാൻ സൂക്ഷിച്ചു വച്ചിരുന്നു. രോമാഞ്ചത്തിന്റെ ലൊക്കേഷനിൽ വച്ച് യാദൃച്ഛികമായി അഞ്ചു വർഷം മുൻപുള്ള പടം ഫോണിലെ മെമ്മറിയിൽ വന്നു. ഞാൻ സൗബിക്കയെ ഈ ഫോട്ടോ കാണിച്ചു. സൗബിക്കക്ക് അന്നത്തെ കാര്യമൊന്നും ഓർമയില്ല. അദ്ദേഹം കണ്ടിട്ട്, ആഹാ കൊള്ളാമല്ലോ എന്ന് പറഞ്ഞു. ഞാൻ വീണ്ടും അദ്ദേഹത്തോടൊപ്പം ഒരു പടം എടുത്തിട്ട് രണ്ടുംകൂടി ഒരുമിച്ച് ചേർത്ത് സൂക്ഷിച്ചു വച്ചിരിക്കുകയാണ്. സൗബിക്ക ഞങ്ങളെയെല്ലാം നന്നായി സഹായിച്ചു, വലിയ കൂട്ടുകാരായിട്ടാണ് ഷൂട്ടിങ് കഴിഞ്ഞു പിരിഞ്ഞത്. അദ്ദേഹത്തിന്റെ വെള്ളരിപ്പട്ടണത്തിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട് അതും വലിയ സന്തോഷമാണ്.
അർജുനേട്ടൻ (അർജുൻ അശോകൻ) പടം പകുതി ആയപ്പോഴാണ് ജോയിൻ ചെയ്തത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഇംപാക്ട് എന്താണെന്ന് പടം കണ്ടവർക്കറിയാം. സ്ക്രിപ്റ്റ് വായിച്ചപ്പോൾത്തന്നെ സിനു എന്ന കഥാപാത്രം എങ്ങനൊയിരിക്കും ചെയ്യുക എന്ന് കാണാൻ കാത്തിരിക്കുകയായിരുന്നു. ആ കഥാപാത്രം അത്ര ഹൈപ്പ് ആണ് ആ തിരക്കഥയിൽ ഉണ്ടാക്കി വച്ചിരിക്കുന്നത്. അർജുൻ ഏട്ടൻ വന്നു അഭിനയിച്ചു തുടങ്ങിയപ്പോൾ റേഞ്ച് മാറി. സിനിമ വേറെ ലെവൽ ആകുമെന്ന് അപ്പോഴേ മനസ്സിലായി. അർജുനേട്ടനും കൂൾ മനുഷ്യനാണ്. നമുക്ക് എന്തെങ്കിലും തെറ്റ് പറ്റിയാലും, കുഴപ്പമില്ല, ഒന്നുകൂടി ചെയ്യാം എന്നൊക്കെ പറഞ്ഞ് സപ്പോർട്ട് ചെയ്യുമായിരുന്നു.
ഇത്ര വലിയ ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചില്ല
സിനിമ ചെയ്യുമ്പോൾത്തന്നെ ഈ ചിത്രം വിജയിക്കും എന്നൊരു തോന്നലുണ്ടായിരുന്നു. എങ്കിലും ഇത്ര വലിയൊരു ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചില്ല. ഇത് ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറമുള്ള വിജയമാണ്. കേരളത്തിലും പുറത്തും ജിസിസിയിലും ഒക്കെ ചിത്രം വൻ വിജയമാണ്. പുറം രാജ്യങ്ങളിലുള്ള സുഹൃത്തുക്കൾ സിനിമയ്ക്ക് കയറിയിട്ട് ടിക്കറ്റ് ഫോട്ടോ എടുത്തു അയയ്ക്കുന്നതു കാണുമ്പോൾ സന്തോഷമുണ്ട്. ഒരു പ്രവാസി ആയിരുന്ന എനിക്കറിയാം അവർക്ക് ആകെ കിട്ടുന്ന അവധി വെള്ളിയാഴ്ചയാണ്. അവർ അവരുടെ സമയവും പണവും നമ്മുടെ പടം കാണാൻ ചെലവഴിക്കുമ്പോൾ അവരെ തൃപ്തിപ്പെടുത്തി എന്നറിയുന്നതിൽ സന്തോഷമുണ്ട്. സിനിമയിലെത്തുക എന്നത് ഒരു ആഗ്രഹമായിരുന്നു. അതു സഫലമായി. ഒരു തുടക്കക്കാരനു കിട്ടാവുന്നതിൽ കൂടുതൽ സ്വീകാര്യതയാണ് കിട്ടിയത്. എനിക്ക് മാത്രമല്ല സിനിമയിൽ ഉള്ള ഓരോ താരത്തിനും ഫാൻ ബേസ് ഉണ്ടാവുകയാണ്. ഏറ്റവും ചെറിയ കഥാപാത്രം പോലും വന്ന് കയ്യടി നേടിയാണ് പോകുന്നത്. ഭയങ്കര സന്തോഷമുണ്ട്.
വീട്ടുകാർക്കും സന്തോഷം
എന്റെ സ്ഥലം പത്തനംതിട്ടയിൽ തട്ട എന്ന സ്ഥലത്താണ്. വീട്ടിൽ അമ്മയും ചേടത്തിയമ്മയും അവരുടെ കുഞ്ഞും ഉണ്ട്. ചേട്ടൻ ഇപ്പോൾ സൗദിയിലാണ്. പപ്പ മരിച്ചുപോയി. കുടുംബവുമൊത്ത് രോമാഞ്ചം കണ്ടിട്ടാണ് ചേട്ടൻ പോയത്. ഞാൻ അന്ന് സ്ഥലത്തില്ലായിരുന്നു. ഞാൻ തിരിച്ചു വന്നപ്പോൾ വീണ്ടും അമ്മയും ചേട്ടത്തിയമ്മയുമായി പോയി സിനിമ കണ്ടു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സിനിമ കണ്ടു. ഇപ്പോൾ ബന്ധുക്കൾ സിനിമ കണ്ടിട്ട് അയച്ച ശബ്ദസന്ദേശങ്ങൾ അമ്മ എനിക്ക് അയച്ചു തരാറുണ്ട്.
വേറൊരു രസകരമായ സംഭവമുണ്ടായി. എന്റെ പപ്പയുടെ ബന്ധത്തിലെ ഒരു അമ്മച്ചി എന്റെ പടം കാണാൻ പോയി, അമ്മച്ചി അങ്ങനെ പടമൊന്നും കാണുന്ന ആളല്ല. പടം കണ്ടിട്ട് അമ്മച്ചി എന്റെ മമ്മിയെ വിളിച്ചു പറഞ്ഞു, ‘‘എടീ മേഴ്‌സി അവന് അവർ ഒരു ഷർട്ട് പോലും കൊടുത്തില്ല, അവനെ അവര്‍ എപ്പോഴും ഒരു കക്കൂസിൽ കിടത്തിയിരിക്കുവാ, അത് കണ്ടിട്ട് കുറേപേർ ഇരുന്നു കയ്യടിച്ച് ചിരിക്കുന്നു.’’ അവരുടെ മനസ്സിൽ അവരുടെ കൊച്ചുമോനെ വളരെ മോശമായി എല്ലാവരും കാണുന്നു എന്നാണ് തോന്നിയത്. അപ്പൊ എന്റെ മമ്മി പറഞ്ഞു, ‘‘അങ്ങനെയല്ല അമ്മച്ചി അവന്റെ സിനിമയിലെ റോള് അങ്ങനെ ആണ്’’. അമ്മച്ചിക്ക് അത്രയും വെറുപ്പ് തോന്നിയെങ്കിൽ എന്റെ കഥാപാത്രം വിജയിച്ചു എന്നാണ് തോന്നുന്നത്.