ADVERTISEMENT

മലയാള സിനിമയിലെ ത്രില്ലറുകളുടെ തമ്പുരാനായ ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ‘നുണക്കുഴി’ ചിരിയുടെ മാലപ്പടക്കം തീർത്ത് തീയറ്ററിൽ ചരിത്രം രചിക്കുകയാണ്.  ജീത്തു ജോസഫിന്റെ കൂമൻ, 12ത് മാൻ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ കൃഷ്ണ കുമാർ തന്നെയാണ്  ‘നുണക്കുഴിയുടെയും സ്രഷ്ടാവ്. ത്രില്ലറുകളുടെ സംവിധായകനും എഴുത്തുകാരനും ഒത്തുചേർന്നപ്പോൾ പിറന്നത് പ്രേക്ഷകരെ ചിരിയുടെ പടുകുഴിയിൽ ചാടിച്ച കോമഡിപടം .  ത്രില്ലർ മാത്രം എഴുതുന്ന എഴുത്തുകാരൻ എന്ന് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ താല്പര്യമില്ലെന്നും എല്ലാത്തരം കഥകളും എഴുതാനാണ് ആഗ്രഹമെന്നും തിരക്കഥാകൃത്ത് കൃഷ്ണ കുമാർ പറയുന്നു.  ഒരു സിനിമയുടെ ലക്‌ഷ്യം പ്രേക്ഷകരെ രസിപ്പിക്കുക എന്നുള്ളതാണ്.  തീയറ്ററിൽ പ്രേക്ഷകരോടൊത്തിരുന്ന് നുണക്കുഴി കണ്ടപ്പോൾ സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ പ്രേക്ഷകർ ആർത്തുചിരിക്കുന്നത് കണ്ടു സന്തോഷം തോന്നി എന്ന് കൃഷ്ണകുമാർ പറയുന്നു. നുണക്കുഴി പകർന്ന സന്തോഷചിരിയുമായി മനോരമ ഓൺലൈനിനൊപ്പം ചേരുകയാണ് തിരക്കഥാകൃത്ത് കൃഷ്ണ കുമാർ.

ആ നുണക്കുഴി അല്ല ഈ നുണക്കുഴി 

നുണക്കുഴി എന്ന വാക്കുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല.  ഈ സിനിമ പറയുന്നത് നുണപറഞ്ഞ് ആൾക്കാർ പോയി ഓരോ പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നതിനെക്കുറിച്ചാണ്.  നുണ പറഞ്ഞ് ഓരോ കുഴിയിൽ ചെന്ന് ചാടുന്നതിനാണ് ഞങ്ങൾ നുണക്കുഴി എന്ന പേരു കൊടുത്തത്.  ആദ്യം വേറൊരു വർക്കിംഗ് ടൈറ്റിൽ ഇട്ടിട്ടാണ് ഈ സിനിമ തുടങ്ങിയത്. സിനിമയിൽ തന്നെ അൽത്താഫ് സലീമിന്റെ കഥാപാത്രം ചെയ്യാനിരിക്കുന്ന ഒരു സിനിമയുണ്ട്. ആ സിനിമയുടെ പേരിട്ടിട്ടാണ് സിനിമ തുടങ്ങിയത്. അതുകഴിഞ്ഞ് വേറെ രണ്ടു മൂന്നു പേരുകൾ ചർച്ച ചെയ്തതിനുശേഷം എനിക്ക് ഇങ്ങനെ ഒരു ഐഡിയ തോന്നി. ഞാൻ ജിത്തുവിനോട് ചോദിച്ചു ഇങ്ങനെ ഒരു പേരുണ്ട് ഇതിനൊരു പൈങ്കിളി സ്വഭാവമുണ്ടോ. ഞാൻ മടിച്ചു പഠിച്ചാണ് ചോദിച്ചത് അപ്പോൾ ജിത്തു പറഞ്ഞു നമ്മുടെ സിനിമയ്ക്ക് പറ്റിയ ഒരു പേര് തന്നെയാണ് ഇത്. അങ്ങനെയാണ് 'നുണക്കുഴി' എന്ന പേരിലേക്ക് എത്തുന്നത്. സിനിമയുടെ പ്രമോഷൻ തുടങ്ങിയപ്പോൾ ഞങ്ങൾ ഇത് നുണ പറഞ്ഞ് ചെന്നു ആൾക്കാർ വീഴുന്ന കുഴിയാണ് എന്ന് പറഞ്ഞപ്പോൾ എല്ലാവരും പറഞ്ഞു ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ടൈറ്റിൽ ആണിത് എന്ന്.  ചിലപ്പോഴൊക്കെ ആളുകൾ വളരെ എളുപ്പത്തിൽ സോൾവ് ചെയ്യാൻ പറ്റുന്ന ഒരു കാര്യമായിരിക്കും കള്ളം പറഞ്ഞ് കള്ളം പറഞ്ഞു കൊണ്ടുപോയി വലിയ അപകടത്തിൽ ചെന്ന് ചാടുന്നത്.  

സിനിമ വിജയിച്ചത് പരിചയസമ്പന്നനായ സംവിധായകനറെ കഴിവ് 

ഒരു സിനിമ നന്നാകാൻ തിരക്കഥ മാത്രം നന്നായിട്ടു കാര്യമില്ല.  എത്ര മോശം തിരക്കഥ ആയാലും നല്ല സംവിധായകന്റെ കയ്യിൽ കിട്ടിയാൽ നല്ല സിനിമയായി മാറും.  കോമഡിയും ത്രില്ലറും ചേർന്ന ഈ തിരക്കഥ നല്ല ഒരു എന്റർടൈനർ ആയിട്ടുണ്ടെങ്കിൽ അത് കയ്യടക്കമുള്ള സംവിധായകനായ ജിത്തുവിന്റെ കഴിവ് തന്നെയാണ്.  ജിത്തുവിന്റെ എക്സ്പീരിയൻസ് അതിൽ വളരെ പ്രധാനമാണ്. ഒരു സീൻ ആ സിനിമയിൽ വേണമെന്ന്, അല്ലെങ്കിൽ ഈ ഡയലോഗ് പറയണം എന്നോ പറയേണ്ടെന്നോ ഒക്കെ ഉള്ള ഒരു ജഡ്ജ്മെന്റ് ഇത്രയും എക്സ്പീരിയൻസ് ഉള്ള ഒരു സംവിധായകനു മാത്രമേ ഉണ്ടാവുകയുള്ളൂ. സംവിധായകന്റെ എക്സ്പീരിയൻസ് സിനിമയെ വളരെ സഹായിക്കും. എത്ര നല്ല തിരക്കഥയാണെങ്കിലും സംവിധായകൻ കഴിവില്ലെങ്കിൽ അത് ഒരു നല്ല സിനിമയായി മാറില്ല.  ത്രില്ലർ മാത്രം ചെയ്തിട്ടുള്ള സംവിധായകനും ത്രില്ലർ എഴുതി ശീലമുള്ള എഴുത്തുകാരനും ഒരുമിച്ച് ചേർന്നപ്പോൾ കോമഡി പടം ആണെങ്കിലും അതിലും ത്രില്ലർ കൂടി കടന്നു വന്നു. കോമഡി ആണെങ്കിലും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ടാണ് പടം മുന്നോട്ട് പോയത് എന്ന് പലരും പറഞ്ഞിരുന്നു. 

nunakkuzhi-team

 രണ്ടാം ഭാഗം ഉണ്ടോ ?

സിനിമയ്ക്ക് രണ്ടാം ഭാഗം ഉള്ള രീതിയിലാണ് നുണക്കുഴി അവസാനിപ്പിച്ചിരിക്കുന്നത്.  പക്ഷേ സിനിമ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുന്നു എന്ന് നോക്കിയിട്ട് മാത്രമേ രണ്ടാം ഭാഗം പ്ലാൻ ചെയ്യൂ എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടായേ മതിയാവൂ കാരണം ഇതിൽ എബിയുടെ പ്രശ്നം സോൾവ് ചെയ്തിട്ടില്ല, എബിയുടെ ഭാര്യയുടെ പ്രശ്നം സോൾവ് ചെയ്തിട്ടില്ല,  മറ്റ് പല കഥാപാത്രങ്ങളും പ്രശ്നങ്ങളിൽ കുരങ്ങിക്കിടക്കുകയാണ്.  അതൊന്നും തീരാതെയാണ് സിനിമ അവസാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് സിനിമയോട് താല്പര്യമുണ്ടെങ്കിൽ രണ്ടാം ഭാഗം ചെയ്യാമെന്ന് കരുതിയിരുന്നു. ഒന്നാം ഭാഗം പ്രേക്ഷകർ സ്വീകരിച്ചില്ലെങ്കിൽ രണ്ടാം ഭാഗം ചെയ്തിട്ട് കാര്യമില്ലല്ലോ.  പക്ഷേ ഒന്നാം ഭാഗം സ്വീകരിച്ചിട്ട് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെട്ടു എന്നാണ് അർത്ഥം. 

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ താല്പര്യമില്ല 

എന്റെ കയ്യിൽ ഇങ്ങനെ കഥയുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഞാൻ ജിത്തുവിനെ സമീപിക്കുകയായിരുന്നു. എന്നെ സംബന്ധിച്ച് കഥകൾ എഴുതണമെന്നേയുള്ളൂ അത് ത്രില്ലർ തന്നെ ആകണമെന്ന് ഒരു നിർബന്ധവുമില്ല.  അതുകൊണ്ടുതന്നെ ആദ്യത്തെ ത്രില്ലർ സിനിമകൾ കഴിഞ്ഞപ്പോൾ ഇനി എന്തെങ്കിലും വ്യത്യസ്ത രീതിയിൽ എഴുതണമെന്ന് തോന്നിയിരുന്നു. പല ജോണർ ഉള്ള സിനിമകൾ ചെയ്യണം.  ഞാൻ ആദ്യമായി ജിത്തുവിനോട് പറഞ്ഞത് ഒരു കോമഡി സിനിമയാണ്. പക്ഷേ അത് നടന്നില്ല അതിനുശേഷമാണ് 12ത് മാനും കൂമനും ഒക്കെ പറഞ്ഞത്.  ജിത്തുവിനും ത്രില്ലർ വിട്ടിട്ട് പല ജോണർ ഉള്ള സിനിമകൾ ചെയ്യണമെന്ന് താല്പര്യമുണ്ട്. അതുകൊണ്ടാണ് ഒരു കോർട്ട് റൂം ഡ്രാമ ചെയ്തത്. ഇതിനുശേഷം ഒരു ഇമോഷണൽ ഡ്രാമ സിനിമ ഞങ്ങൾ ഒരുമിച്ച് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടരുത് എന്ന് എല്ലാ ഫിലിം മേക്കേസിനും ആഗ്രഹം ഉണ്ടായിരിക്കുമല്ലോ അതുപോലെതന്നെ എനിക്കും ജിത്തുവിനും പലതരത്തിലുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമാണ ഒടുവിൽ നുണക്കുഴിയായി വന്നത്. ഈ സിനിമ വിജയിച്ചു അടുത്ത സിനിമയും ഒരു കോമഡി സിനിമ  ചെയ്ത് അതും വിജയിച്ചാൽ നമ്മൾ ഒരു കോമഡി സിനിമ ചെയ്യുന്ന ആളായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ എനിക്ക് താല്പര്യമില്ല.  ഒരു കള്ളിയിൽ നമ്മൾ ഒതുങ്ങപ്പെടേണ്ട കാര്യമില്ലല്ലോ. എനിക്ക് എന്തെങ്കിലും വ്യത്യസ്തമായ എഴുതണമെന്ന് തോന്നിയപ്പോഴാണ് ഞാൻ നുണക്കുഴി എഴുതി തുടങ്ങിയത്.  സ്വാഭാവികമായി എന്റെ കഥകളുടെ ആദ്യത്തെ കേൾവിക്കാരൻ ജിത്തു തന്നെയാണ്. ഇത് ജിത്തു ചെയ്യും എന്ന പ്രതീക്ഷയിൽ ഒന്നുമല്ല ഞാൻ വെറുതെ കഥ പറഞ്ഞതാണ് പക്ഷേ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ ജിത്തു പറഞ്ഞു എനിക്ക് കഥ ഇഷ്ടപ്പെട്ടു.  ഒരു സാധാരണ കോമഡി സിനിമയിൽ നിന്നും വ്യത്യസ്തമായ കുറച്ചു ലൗഡ് ആയ എന്നാൽ നമുക്ക് കുറച്ച് ഒതുക്കിപ്പിടിച്ച് ചെയ്യാവുന്ന ഒരു പരിപാടി ഇതിലുണ്ട്.  ആ സ്ക്രീൻ പ്ലേ ഒന്നുകൂടി വർക്ക് ചെയ്തോളൂ എന്ന് ജിത്തു പറഞ്ഞു.  ജിത്തു ചെയ്തത് കൊണ്ട് തന്നെയാണ് ഈ സിനിമ ഇത്രയും നന്നായി വന്നത്.  ഒരു പുതിയ ആൾ ആയിരുന്നു ചെയ്തതെങ്കിൽ ചിലപ്പോൾ ഇത് നമ്മുടെ കയ്യിൽ നിന്നും പാളിപോയേനെ. കാരണം ഇതിന്റെ മീറ്റർ ഒന്നും മാറി പോയാൽ  കുളമായി പോകും. 

nunakkuzhi-review

ബൈജുവിന് വേണ്ടി എഴുതിയ ഡയലോഗുകൾ 

 നമ്മൾ ഒരു റൗണ്ട് എഴുത്ത് കഴിയുമ്പോഴേക്കും പിന്നെ കാസ്റ്റിംഗിന്റെ ലിസ്റ്റ് എടുത്തു തുടങ്ങും. ഇതിലെ പ്രധാന കഥാപാത്രമായ എബി സക്കറിയെ കുറിച്ച് ചർച്ച ചെയ്തപ്പോൾ അപ്പോൾ അത് തന്നെ ബേസിൽ തന്നെ ചെയ്യട്ടെ എന്ന് ഒരു തീരുമാനത്തിലേക്ക് എല്ലാവരും കൂടി എത്തിയിരുന്നു. പിന്നെ തിരുവനന്തപുരം ബൈജു ചേട്ടൻ തന്നെയാണ് ഈ ഒരു കഥ വായിച്ചപ്പോൾ പോലീസുകാരനായി എല്ലാവരുടെയും മനസ്സിൽ തോന്നിയത്.  ഞാൻ എഴുതിയപ്പോഴും എന്റെ മനസ്സിലും തോന്നിയത് ബൈജു ചേട്ടൻ തന്നെ ആ കഥാപാത്രം ചെയ്യണമെന്നുള്ളതായിരുന്നു. എഴുതിയെഴുതി വരുമ്പോഴാണ് ഇത് ബേസിലാണ് അല്ലെങ്കിൽ ഇതിനു ഗ്രേസ് ആണ് നല്ലത് എന്നൊക്കെ തോന്നുന്നത്. ബൈജു ചേട്ടന്റെ കഥാപാത്രം എഴുതി തുടങ്ങിയപ്പോൾ തന്നെ അത് അദ്ദേഹം ചെയ്യണമെന്ന് തോന്നിയിരുന്നു അതുകൊണ്ടുതന്നെ ആ ഡയലോഗുകൾ അദ്ദേഹത്തിന് വേണ്ടി തന്നെയാണ് എഴുതിയത്. ഗ്രേസും ബെയ്സിലും അൽത്താഫും ഒക്കെ നന്നായി ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന ആൾക്കാരാണ്.  അവർ കഥാപാത്രം ഏറ്റെടുത്താൽ പിന്നെ നമുക്ക് പകുതി ജോലി കുറഞ്ഞു.  ഈ ജനറേഷനിലെ കോമഡി ഒക്കെ അവർക്ക് നന്നായി കണക്ട് ചെയ്യാൻ പറ്റും. അൽത്താഫിന് പകരം കുറച്ചുകൂടി സീനിയർ ആയ ഒരാളാണ് ആ കഥാപാത്രം ചെയ്യുന്നതെങ്കിൽ അത് ആ ഏജ്ഗ്രൂപ്പിൽ ഉള്ളവരുടെ ഹ്യൂമറായി പോകും. അപ്പോൾ ആ ഏജ് ഗ്രൂപ്പിലുള്ള ബേസിൽ, അൽത്താഫ്, ഗ്രേസ് പിന്നെ മുതിർന്ന ആൾക്കാരായ സിദ്ധിഖ് ചേട്ടൻ,  ബൈജു ചേട്ടൻ, മനോജ് ചേട്ടൻ പിന്നെ ഇടയ്ക്ക് നിൽക്കുന്ന ഷൈജു കുറുപ്പ് ഇങ്ങനെ പല കാലഘട്ടത്തിലെ ആൾക്കാരെ എല്ലാംകൂടി ഉപയോഗിക്കുകയായിരുന്നു. ഞങ്ങൾ വിചാരിച്ചതിലും നന്നായി എല്ലാവരും പെർഫോം ചെയ്തിട്ടുണ്ട്.

ഐ ആം എ റിച്ച്  ജെന്റിൽമാൻ ഷോ സം റെസ്‌പെക്ട് 

 "ഐ ആം എ റിച്ച്  ജെന്റിൽമാൻ ഷോ സം റെസ്‌പെക്ട്" എന്നുള്ള ഡയലോഗ് ബെയ്സിൽ കയ്യിൽ നിന്ന് ഇട്ടതാണ്. ഇൻകം ടാക്സ് ഓഫീസിൽ ഇയാള് ചെല്ലുന്ന സമയത്ത് ഇയാളെ ആരും കാര്യമായി പരിഗണിക്കുന്നില്ല അവിടെ സീനിൽ വേറെ ഡയലോഗ് ആയിരുന്നു ഞാൻ എഴുതിയിരുന്നത്, എന്നെ എല്ലാവരും ഒന്ന് പരിഗണിക്കേണ്ടതാണ് എന്ന രീതിയിലുള്ള ഒരു ഡയലോഗ്.  അപ്പോഴാണ് ബേസിൽ ഈ ഡയലോഗ് പറഞ്ഞത്. ബേസിൽ പറഞ്ഞു ഒരു ആറ്റിറ്റ്യൂഡ് ഇട്ട് നമുക്ക് ഇവിടെ ഒരു ഡയലോഗ് ഇടാം എന്ന് പറഞ്ഞിട്ട് ആ ഡയലോഗ് പറഞ്ഞു.  പിന്നെ അത് തുടർച്ചയായി വീണ്ടും വീണ്ടും പലയിടത്ത് ഉപയോഗിച്ചു അത് തിയേറ്ററിൽ ചിരി പടർത്തി.  പുള്ളി റിച്ചാണെന്ന് ആർക്കും തോന്നുന്നില്ല പക്ഷേ പുള്ളി റിച്ചാണെന്ന് എല്ലാവരെയും അറിയിക്കുകയും വേണം അതിനുവേണ്ടി ആ ഡയലോഗ് നല്ല ഉപകാരം ചെയ്തു.

പ്രതികരണങ്ങൾ

 വളരെ നല്ല പ്രതികരണങ്ങളാണ് തിയേറ്ററിൽ നിന്നും കിട്ടുന്നത്. പടം കാണുന്നവരെല്ലാം വിളിച്ച് അഭിപ്രായം പറയുന്നുണ്ട്.  നമ്മൾ പ്രതീക്ഷിക്കാത്തത്രയും റെസ്പോൺസ് ആണ് കിട്ടുന്നത്.  വലിയ സന്തോഷമുണ്ട്. ഞാൻ ആ പടം കണ്ടത് തിയേറ്ററിൽ ഓഡിയൻസിന്റെ കൂടെ ഇരുന്നാണ്.  അവർ എല്ലാ തമാശകൾക്കും ആർത്ത് ചിരിക്കുന്നുണ്ടായിരുന്നു. പ്രേക്ഷകനെ രസിപ്പിക്കുക എന്നുള്ളതാണ് ഒരു സിനിമയുടെ ഉദ്ദേശം അത് ഏത് രീതിയിലായാലും രസിപ്പിക്കുക.  ത്രില്ലടിപ്പിച്ച് ആണെങ്കിൽ അങ്ങനെ, ചിരിപ്പിച്ചാണെങ്കിൽ അങ്ങനെ. എന്തായാലും പ്രേക്ഷകരുടെ കൂടെയിരുന്നു കണ്ടപ്പോൾ അവർ രസിക്കുന്നതായിട്ടാണ് മനസ്സിലാക്കിയത്.  സിനിമ തുടങ്ങിയതുപോലെ അവസാനം വരെ എല്ലാവരും ചിരിക്കുകയായിരുന്നു.  ഉള്ളിൽ സന്തോഷിച്ചാണ് ഞാനിരുന്ന് പടം കണ്ടത്.  

ട്രെയിലർ കാണാം
ട്രെയിലർ കാണാം

അവകാശവാദങ്ങളൊന്നും ഇല്ല 

ഇതൊരു വലിയ അവകാശവാദങ്ങളൊന്നും ഇല്ലാതെ വന്ന സിനിമയാണ്.  ഇതൊരു കനപ്പെട്ട കഥയാണെന്നോ കൂടുതൽ വാഗ്ദാനങ്ങളും ഒന്നും നൽകിയിട്ടില്ല.  ഞങ്ങൾ ആദ്യം മുതലേ പറയുന്നത് ഇത് വളരെ ലൈറ്റ് ഹാർട്ടഡ് ആയിട്ട് വന്നിരുന്ന് കാണാൻ പറ്റുന്ന വളരെ സാധാരണമായ ഒരു ഹ്യൂമർ  സിനിമയാണ് എന്നാണ്. പ്രേക്ഷകരെ രണ്ടരമണിക്കൂർ ആസ്വദിപ്പിക്കുക, ചിരിപ്പിക്കുക എന്നത് മാത്രമാണ് ഞങ്ങൾ പറഞ്ഞിരുന്നത്. ഇത് പ്രേക്ഷകനെ ചിരിപ്പിക്കാനായി എടുത്ത പടമാണ്.  തിയേറ്ററിൽ പ്രേക്ഷകർ കൈയ്യടിച്ചു ചിരിക്കുന്നതിനുഞങ്ങൾ സാക്ഷ്യം വഹിച്ചു. കുടുംബങ്ങൾ സ്ത്രീകൾ കുട്ടികൾ എല്ലാവരും ഒരുമിച്ചാണ് വന്നിരുന്നു സിനിമ കണ്ടത്. മനസ്സ് നിറഞ്ഞ നന്ദി.

English Summary:

Exclusive interview of Jeethu Joseph's new film Nunakkuzhi's scriptwriter Krishna Kumar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com