ADVERTISEMENT

കാളികാവ് സുനിയെന്ന കഥാപാത്രമായി ഒമർ ലുലു ചിത്രം ‘ബാഡ് ബോയ്സി’ൽ തകര്‍ത്താടുകയാണ് ടിനി ടോം. കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഓവറായി പോകാൻ സാധ്യതയുള്ള വേഷമായിരുന്നു തന്റേതെന്നും അത് ജനങ്ങൾ ഏറ്റെടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും ടിനി പറയുന്നു. കൂടാതെ മലയാള സിനിമയ്ക്കെതിരെ വരുന്ന നെഗറ്റിവ് റിവ്യുവിനെതിരെയും അദ്ദേഹം സംസാരിക്കുകയുണ്ടായി. പ്രമോഷനെ പോലെ തന്നെ ഡി പ്രമോഷനും മലയാള സിനിമയ്ക്ക് അപകടകരമാണെന്ന് ടിനി പറയുന്നു.. പണം കൊടുത്തുള്ള സൈബർ ആക്രമണങ്ങൾ ഫെയ്ക്ക് ഐഡിയിൽ നിന്നുമാണ് വരുന്നതെന്ന് താരം വ്യക്തമാക്കി. ‘ബാഡ് ബോയ്സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

കാളികാവ് സുനി?

ഒരുപാട് അഭിപ്രായങ്ങൾ കിട്ടിയ വേഷമാണ് ബാഡ് ബോയ്സ് എന്ന ചിത്രത്തിലെ കാളിക്കാവ് സുനി. ചിത്രം കണ്ട ഒരുപാട് പേർ മികച്ച അഭിപ്രായമാണ് പങ്കുവച്ചത്. അതിൽ ഒരുപാട് സന്തോഷമുണ്ട്. ഗ്യാങ്സ്റ്റർ ജോണറിൽ ഉള്ള ചിത്രങ്ങൾ ഒരുപാട് ഒന്നും ഞാൻ ചെയ്തിട്ടില്ല. ഗ്യാങ്സ്റ്റർ ജോണർ മാത്രമല്ല അതിനോടൊപ്പം തന്നെ തമാശയും ചേരുന്നു എന്നുള്ളതാണ് ഈ ചിത്രത്തിന്റെ ഏറ്റവും പ്രത്യേകതയായി എനിക്ക് തോന്നിയത്. ഈ കഥ കേട്ടപ്പോൾ തന്നെ അതെനിക്ക് ചെയ്യാൻ പറ്റും എന്ന് തോന്നി. കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഓവറായി പോകാൻ ചാൻസ് ഉള്ള ഒരു വേഷമാണ്. അങ്ങനെ ഒരു വേഷം ചെയ്ത് പ്രേക്ഷകരുടെ അഭിപ്രായത്തിൽ നിന്നും നല്ലത് എന്ന് കേൾക്കുമ്പോൾ വലിയ സന്തോഷമാണ് ഉള്ളത്. ആവേശം പോലെയുള്ള ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്ന ഒരു കാലത്ത് അത്തരത്തിൽ ഒരു വേഷം ചെയ്യാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്.

കാളികാവ് സുനി ഒരു നല്ലവനായ ഗുണ്ട

ദൈവവിശ്വാസിയായ ഒരു ഗുണ്ടയാണ് കാളികാവ് സുനി. ഒരാൾക്ക് ആവശ്യം വരുമ്പോൾ അവർക്ക് ഒപ്പം നിൽക്കാൻ അയാൾ മടിക്കുന്നില്ല. ജീവിക്കാനുള്ള തത്രപ്പാടിൽ ഗുണ്ടയായ ഒരാൾ. പല പ്രശ്നങ്ങളിലും ഇടപെടാതെ അതിൽനിന്നൊക്കെ ഒഴിഞ്ഞുമാറി ഒരു ബ്രോക്കറെ പോലെ പ്രവർത്തിക്കുന്നയാൾ. അടി ഉള്ളടത്തു നിന്നുമൊക്കെ സുനി ഒഴിഞ്ഞുമാറുന്നുണ്ട്. അത് അയാളുടെ ബുദ്ധിയാണ്. മറ്റൊരാളെ മുന്നിൽ നിർത്തി കളികൾ കളിക്കുന്ന ആൾ. ആ ക്യാരക്ടറിന് വലിയൊരു ലൈഫ് ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു ബിഗിനിങ് മിഡിൽ എൻഡ് ഉള്ള ക്യാരക്ടർ.

tini-rahman

കാളികാവ് സുനിയുടെ വേഷത്തിലും ഉണ്ട് പ്രത്യേകത? 

അതേ, ബ്ലാക്ക് ആൻഡ് ബ്ലാക്ക് ഡ്രസ്സ് ഇട്ടിട്ട് അതിനൊപ്പം ഒരു കറുത്ത കണ്ണട കൂടി വയ്ക്കുന്നു. തുടക്കത്തിൽ ആ കറുത്ത കണ്ണട വയ്ക്കുന്നതിന് വലിയ പ്രത്യേകത ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ റഹ്മാൻ സാറാണ് ആ കണ്ണട വയ്ക്കുന്നതിലൂടെ ഒരു സസ്പെൻസ്  ക്രിയേറ്റ് ചെയ്യാം എന്ന് പറയുന്നത്. അങ്ങനെയാണ് ഗ്ലാസ് എന്തിനാണ് വയ്ക്കുന്നത് എന്ന കാര്യം പ്രേക്ഷകനു മുന്നിൽ തുറന്നു കാണിക്കുന്നത്. ആ സീനും നന്നായി പെർഫോം ചെയ്യാൻ പറ്റി. അതിന് ഒരുപാട് അഭിപ്രായങ്ങൾ വന്നിരുന്നു.

ബാഡ്ബോയ്‌സ് സെറ്റിലെ വിശേഷങ്ങൾ?

സിനിമ പോലെ തന്നെ ആ സെറ്റും വളരെ രസകരമായിരുന്നു. എല്ലാവരും ഒരുമിച്ചിരിക്കുകയും തമാശ പറയുകയും ഒക്കെ ചെയ്ത ഒരു നല്ല സെറ്റ്. ആരും തന്നെ കാരവനിൽ പോയിരിക്കുന്നില്ലായിരുന്നു. റഹ്മാനെ പോലെ ഒരാൾ നമുക്കപ്പമുള്ളപ്പോൾ പുള്ളി നടുക്ക് ഇരിക്കുകയും ബാക്കിയുള്ളവരെല്ലാം ചുറ്റിലിരിക്കുകയും ചെയ്തു തമാശ പറയുന്ന ഒരു രസകരമായ സെറ്റ്. സീൻ ഇല്ലാത്ത സമയത്തെല്ലാം തമാശ പറയലായിരുന്നു. ആ ലൊക്കേഷൻ ശരിക്കും കോളജിൽ പഠിക്കുന്ന കാലത്തേക്ക് എന്നെ തിരിച്ചുകൊണ്ടുപോയി എന്ന് വേണമെങ്കിൽ പറയാം. ഡയറക്ടർ എന്നോ ആക്ടർ എന്നോ വ്യത്യാസമില്ലാത്ത ഒരു ഹൈരാർക്കി ഒന്നുമില്ലാത്ത ഒരു സെറ്റ്. സാധാരണ ഓരോ ഷൂട്ടിങ് കഴിയുമ്പോഴേക്കും തിരിച്ചു വീട്ടിലേക്ക് മടങ്ങാനുള്ള ഒരു തിരക്കുണ്ടാകും. ബാഡ് ബോയ്സ് ലൊക്കേഷനെ കുറിച്ച് പറയുകയാണെങ്കിൽ അവിടെ നിന്നും ആർക്കും വീട്ടിലേക്ക് തിരിച്ചു മടക്കാൻ വലിയ താല്പര്യം ഇല്ലാത്ത പോലെയായിരുന്നു.

tiny1

ശങ്കർ, ബാബു ആന്റണി, റഹ്മാൻ തുടങ്ങിയ നടന്മാർക്കൊപ്പം അഭിനയിക്കുമ്പോൾ?

ഇവരെപ്പോലെയുള്ള വലിയ നടന്മാരെ നേരിൽ കാണാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും അത് നടന്നില്ല. പക്ഷേ ഇപ്പോൾ അവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു പ്രിവിലേജ് തന്നെയാണ്.ഞാൻ ആദ്യമായി നേരിട്ട് കണ്ട ഒരു സിനിമാനടനാണ് ശങ്കർ സാർ. എന്റെ വീടിനടുത്ത് ഒരു ഷൂട്ടിങ് നടക്കുമ്പോൾ ആണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കൽ പോലും വിചാരിച്ചിട്ടില്ല. 

ബാബു ആന്റണിയെ പോലെ ഒരു നടൻ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഞാനൊക്കെ ചെറുപ്പത്തിൽ അദ്ദേഹത്തെ സ്ക്രീനിൽ കണ്ടു കയ്യടിച്ചിട്ടുണ്ട്. മാർഷ്യൽ ആർട്സ് പഠിക്കാൻ ഞാൻ തീരുമാനിക്കാൻ കാരണം തന്നെ ബ്രൂസ്‌ലിയും ബാബു ആന്റണിയും  കാരണമാണ്. അത്രയ്ക്ക് നല്ല ഉയരവും ആകാരവടിവുമൊക്കെയാണ് അതിന് എന്നെ പ്രചോദിപ്പിക്കാൻ കാരണമായി. ഇപ്പോഴും അദ്ദേഹത്തെ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. വലിയ ദൈവാനുഗ്രഹം ആണ് അതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹം ഉണ്ടെങ്കിൽ ഒരു സിനിമ പ്രേക്ഷകർ സ്വീകരിക്കും എന്നതിന്റെ തെളിവാണ് ആർഡിഎക്സും ഈ ചിത്രവും ഒക്കെ.

മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ എന്നു തുടങ്ങുന്ന താരനിരയെയൊക്കെ ഞാൻ ഒക്കെ വളരെയധികം ആരാധിച്ചിരുന്നതാണ്. പ്രത്യേകിച്ചും റഹ്മാനെ ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാൻ ഒക്കെ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ നടക്കാനും ശ്രമിച്ചിട്ടുണ്ട്. നേരിട്ട് കണ്ടപ്പോൾ എനിക്ക് ആദ്യം വിശ്വസിക്കാൻ പറ്റിയില്ല .ഞാൻ ആദ്യം കാണുമ്പോൾ അദ്ദേഹമൊക്കെ ഒരു ചോക്ലേറ്റ് ബോയ് ആണ്. ഇപ്പോഴും അതുപോലെ തന്നെ. പിന്നെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഷീലു. അവർക്കൊപ്പം മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിൽ അവർ എൻറെ ഭാര്യയായിരുന്നു. ബാഡ് ബോയ്സിൽ അവർ ഒരുപാട് നന്നായാണ് അഭിനയിച്ചിരിക്കുന്നത്. വലിയ മാറ്റങ്ങൾ അവരിൽ ഉണ്ടായിട്ടുണ്ട്. ഹീറോയിൻ എന്നതിലുപരി ഒരു കേന്ദ്ര കഥാപാത്രമായാണ് അവർ പെർഫോം ചെയ്തിരിക്കുന്നത്.

tini-rahman2

 

ചിത്രത്തിനെതിരെ വലിയ ഡിഗ്രേഡിങ് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്?

സമൂഹത്തിൽ ഉയർന്നിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് പെയ്ഡ് ഡിഗ്രേഡിങ്. പെയ്ഡ് പ്രൊമോഷനേക്കാൾ അപകടകാരി ആണിത്. ചിത്രത്തിന് നെഗറ്റീവ് കമൻറുകൾ ഇടുന്ന ആളുകളെ ശ്രദ്ധിച്ചാൽ മനസ്സിലാകും അവർക്ക് ഒരു മുഖം ഉണ്ടാവില്ല. പലതും ഹെൽമെറ്റ് വച്ചിട്ടുള്ളതോ അല്ലെങ്കിൽ മറ്റേതെങ്കിലും ചിത്രങ്ങളോ വെച്ചിട്ടുള്ള ഐഡിയിൽ നിന്നുമാണ് അവർ ഇത്തരം കമൻറുകൾ ഇടുന്നത്. സിനിമ കാണുന്ന ഒരാളും അതിനെപ്പറ്റി മോശം പറയില്ലെന്നാണ് വിശ്വസിക്കുന്നത്. ചിത്രം കണ്ടിട്ടുള്ള ആളുകളുടെ അഭിപ്രായവും അത് ശരിവെക്കുന്നതാണ്. ഡിഗ്രേഡിങിനുവേണ്ടി പൈസ മേടിക്കുന്നതിന്റെ പല തെളിവുകളും കിട്ടിയിട്ടുണ്ട്. ചിലർക്ക് പെയ്മെൻറ് കൊടുത്തിട്ടില്ല എന്നുണ്ടെങ്കിൽ അവർ അപ്പോൾ തന്നെ ഡിഗ്രേഡ് ചെയ്യുന്നത് വലിയ കഷ്ടം തന്നെയാണ്. അത്തരക്കാർ ഒരു ചെറിയ വീഴ്ചയെ വലിയ വീഴ്ചയാണ് അവതരിപ്പിക്കുന്നതും. പടം കണ്ടിട്ട് ഇഷ്ടപ്പെടാത്തവരുടെ അഭിപ്രായം സ്വീകരിക്കാൻ തയ്യാറാണ്. പക്ഷേ ഇത്തരം ഡിഗ്രേഡിങ് ചെയ്യുന്നവരെ കുറിച്ച് എന്തു പറയാനാണ്. ഓൾഡ് ജനറേഷനും ന്യൂജനറേഷനും ഒക്കെ ഉൾപ്പെടുന്ന ഒരു ചിത്രത്തെക്കുറിച്ച് ആണ് മോശം അഭിപ്രായം, ഒരു അറ്റാക്ക് എന്ന തരത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ചിത്രം ഫെസ്റ്റിവലിന് അയയ്ക്കാൻ വേണ്ടി തയാറാക്കിയതൊന്നുമല്ല. തികഞ്ഞ ഒരു എന്റർടെയ്ൻമെന്റ് ചിത്രം. ഓണത്തിന് ആഘോഷിക്കാൻ പറ്റുന്ന ഒരു മെഗാ ഷോ. 

നല്ലതു പറയാൻ നമ്മുടെ നാട്ടിലെ ചില ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ മോശമാണെന്നുണ്ടെങ്കിൽ അത് ഉറപ്പായും ഉറക്കെ വിളിച്ചു പറയുകയും ചെയ്യും. നന്നായി പെർഫോം ചെയ്തിട്ടുണ്ട് എന്ന് ചെറിയ ഒരു വിഭാഗം മാത്രമാണ്  തുറന്നു പറയാൻ മനസ്സ് കാണിക്കുന്നത്. നല്ലത് വന്നിട്ടുണ്ടെങ്കിൽ അത് മനഃപൂർവം പറയാതിരിക്കാനും ശ്രമിക്കുന്നുണ്ട്. അത് ചില ആളുകളുടെ ആറ്റിറ്റ്യൂഡാണ്. നല്ലത് വരുമ്പോൾ നല്ലതെന്നും മോശം വരുമ്പോൾ മോശമാണ് എന്നും പറയുമ്പോൾ നമുക്കും സന്തോഷമാണ്. ഇപ്പോൾ മോശം മാത്രമാണ് വിളിച്ചു പറയുന്നത് അതിൽ ഒരുപാട് വിഷമമുണ്ട്. ഒരുപക്ഷേ ഇയാളെ പെട്ടെന്ന് കയറി പോകണ്ട എന്ന ചിന്ത ഉള്ളതുകൊണ്ടാവും. പിന്നെ ഒരു കാര്യമുള്ളത് ചിത്രം കാണാതെ അഭിപ്രായം പറയുന്നവരുടെ എണ്ണം ഇപ്പോൾ കൂടുകയാണ്. അതൊരു ഡിഗ്രേഡിങ്ങിന്റെ ഭാഗം മാത്രമായാണ് കാണാൻ ശ്രമിക്കുന്നത്.

English Summary:

Chat with Tiny Tom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com