ADVERTISEMENT

അജു വർഗീസ് എന്ന നടനെ ഉൾപ്പെടുത്തി കഴിഞ്ഞ 14 വർഷത്തിനുള്ളിൽ ചെറുതും വലുതുമായ 145 സിനിമകൾ ഇറങ്ങിയിട്ടുണ്ട് മലയാളത്തിൽ. പക്ഷേ, പുതിയ സിനിമകൾക്കു വേണ്ടി ഇപ്പോഴും ‘ചാൻസ്’ ചോദിക്കുന്നുണ്ടെന്നു പറയാനൊരു മടിയുമില്ല അജുവിന്. വെബ് സീരിസുകൾ അടക്കം 14 സിനിമകളിലാണ് ഈ വർഷം അജുവിന്റെ അഭിനയം പതിഞ്ഞത്. കോമഡി മുതൽ നെഗറ്റീവ്, സൈക്കോ വേഷങ്ങൾ വരെ അതിലുണ്ട്. ഇതിനിടെ ഒരു സിനിമയിൽ ഗായകനുമായി. മലയാളത്തിന് അപ്പുറത്തേക്കും ചുവടുവയ്ക്കുകയാണ് അജു.

വേറിട്ട വേഷങ്ങളെപ്പറ്റി..?

ശരിക്കും ഒരു കൺഫ്യൂഷനിലാണ് ഞാൻ. കോമഡി വേഷങ്ങൾ ചെയ്യുമ്പോൾ ആളുകൾ ചോദിക്കും കോമഡി മാത്രമേയുള്ളോന്ന്.. ഇനി സീരിയസ് വേഷങ്ങൾ ചെയ്താൽ അതിലും വരും ചോദ്യം. പക്ഷേ, ഈ വർഷം ഇതെല്ലാം ചെയ്യാനും പരീക്ഷിക്കാനും പറ്റി. ‘വർഷങ്ങൾക്കു ശേഷം’ സിനിമയിൽ ഇരട്ട വേഷമായിരുന്നു. ‘ഗുരുവായൂർ അമ്പല നടയിൽ’ ഗായകനായി. കേരള ക്രൈം ഫയൽസ്, പേരല്ലൂർ പ്രീമിയർ ലീഗ് എന്നീ വെബ്സീരിസുകളിൽ തീർത്തും വ്യത്യസ്തമായ വേഷങ്ങൾ. സ്വർഗം, ഫീനിക്സ് എന്നിവയിൽ നായകനായിരുന്നു. ഗഗനചാരി, ഹലോ മമ്മി എന്നിവയിൽ കോമഡി, ആനന്ദ് ശ്രീബാലയിൽ നല്ലൊരു ക്യാരക്ടർ വേഷം. സ്താനാർത്തി ശ്രീക്കുട്ടനിൽ നെഗറ്റീവ്, അങ്ങനെ വേറിട്ടൊരു യാത്രയായിരുന്നു. കഴിഞ്ഞ 2 വർഷമായി ഞാൻ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ അൽപം കൂടി ശ്രദ്ധിക്കുന്നുണ്ട്. വേഷത്തിന്റെ ദൈർഘ്യത്തിലല്ല, അതിന്റെ പുതുമയ്ക്കും പ്രാധാന്യത്തിനുമാണു മുൻഗണന.

കൃഷ്ണ.. കൃഷ്ണ ഗായകനായതിനെപ്പറ്റി..?

ആ പാട്ട് ഞാൻ പാടിയെന്നു പറയുന്നത് ശരിയല്ല. ഞാൻ ശരിക്കും വരികൾ വായിച്ചതേയുള്ളൂ. സംഗീത സംവിധായകൻ അങ്കിത് മേനോനോടാണ് കടപ്പാട്. അദ്ദേഹമാണ് പാട്ട് ഇന്നത്തെ രൂപത്തിലാക്കിയത്. പരിപാടികൾക്കൊക്കെ പോകുമ്പോൾ ആ പാട്ട് വീണ്ടും പാടണമെന്നു ചിലർ ആവശ്യപ്പെടാറുണ്ട്. ഞാൻ നേരിട്ടു പാടിയാൽ ആളുകൾ ഉറപ്പായും എന്നെ വെറുക്കും.

‘വർഷങ്ങൾക്കു ശേഷം’സിനിമയ്ക്കുണ്ടായ വിമർശനങ്ങളെ എങ്ങനെ കാണുന്നു?

ആദ്യ ദിനങ്ങളിൽ കാണുന്ന ആളുകളുടെ വ്യത്യസ്തമായ ചിന്താഗതികളും സോഷ്യൽ മീഡിയ റിവ്യൂകളും ഒരു സിനിമയെ ബാധിക്കാറുണ്ടെന്നതു സത്യമാണ്. പക്ഷേ, സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിനു വഴങ്ങാതെ ആ സിനിമ കണ്ടവർ ഏറെപ്പേരുണ്ട്. അവർക്ക് ഈ ചിത്രം നന്നായി കണക്ട് ആയി. സിനിമ ഇറങ്ങും മുൻപ് ധ്യാനും ബേസിലും ഒക്കെ ചേർന്നു നൽകിയ അഭിമുഖങ്ങൾ കണ്ടവർ ഈ സിനിമ കോമഡി ചിത്രമായിരിക്കുമെന്നു കരുതിപ്പോയി. സിനിമാ റിവ്യൂവിനെ മോശമായി കരുതുന്ന ആളല്ല ഞാൻ. എനിക്കെതിരെയുണ്ടായ വിമർശനങ്ങളെപ്പോലും പോസിറ്റീവായാണു കണ്ടത്. കഥാപാത്രങ്ങളും പ്രകടനവും നന്നാവുമ്പോൾ നല്ലതു പറഞ്ഞിട്ടുള്ളവരും ഏറെയുണ്ട്.

ഗഗനചാരിയുടെ പരീക്ഷണം..?

മലയാള സിനിമയിൽ ഇന്നോളം കണ്ടിട്ടില്ലാത്ത പരീക്ഷണമായിരുന്നു ആ സിനിമ. എന്നേക്കാളേറെ ആ സിനിമയുടെ കഥയും കഥാപാത്രങ്ങളും മുതിർന്ന താരമായ ഗണേഷ്കുമാറിനു കണക്ട് ആയി. അദ്ദേഹമാണ് ആ സിനിമയുടെ ജീവൻ എന്നു പറയാം. തിയറ്ററിലും ഒടിടിയിലും മികച്ച അഭിപ്രായം ഗഗനചാരി നേടിയപ്പോൾ അതൊരു വലിയ ധൈര്യം കൂടിയാണ് തരുന്നത്. ഇനിയും ഇത്തരം ചിത്രങ്ങൾ പുറത്തിറക്കാൻ.

നിർമാതാവിന്റെ വേഷം അഴിച്ചു വച്ചോ..?

‘ലവ് ആക്‌ഷൻ ഡ്രാമ’ നിർമിച്ചപ്പോഴാണ് എന്റെ മുടിയും താടിയുമെല്ലാം വേഗം നരച്ചത്. ഇത്രയേറെ ടെൻഷനുള്ള പരിപാടി വേറെയില്ല. ഇപ്പോൾ അഭിനയത്തിലാണു ശ്രദ്ധ. കഥാപാത്രങ്ങൾക്കായാണു കൂടുതൽ സമയം ചെലവഴിക്കുന്നത്. ഇപ്പോഴും പഠിക്കുകയാണ് പലതും.

ഭാഷയ്ക്ക് അപ്പുറത്തേക്ക്..?

തമിഴിലേക്ക് ചുവടു വയ്ക്കുകയാണ്. പേരൻപ് സംവിധാനം ചെയ്ത റാമിന്റെ സിനിമയിൽ നല്ലൊരു കഥാപാത്രമായെത്തുന്നുണ്ട്. ഇതിനൊപ്പം പ്രഭുദേവ – എ.ആർ.റഹ്മാൻ എന്നിവർ കാൽ നൂറ്റാണ്ടിനു ശേഷം ഒന്നിക്കുന്ന ചിത്രം മൂൺവാക്ക്. ഒരു ജോളി അടിച്ചുപൊളി കഥാപാത്രമാണതിൽ. ഇതിനൊപ്പം മലയാളത്തിൽ ഐഡന്റിറ്റിയാണ് അടുത്ത ചിത്രം. പടക്കുതിരയിൽ വീണ്ടും നായകനായെത്തുന്നു. കേരള ക്രൈം ഫയൽസ് 2, ലവ് അണ്ടർ കൺസ്ട്രക്‌ഷൻ എന്നീ വെബ്‌സീരിസുകളുമുണ്ട്.

English Summary:

Chat with Aju Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com