കോവിഡ് കാലത്ത് പ്രാദേശിക ഒടിടികളിലൂടെ നേട്ടം കൊയ്ത് വിപിൻ അറ്റ്ലീ

Mail This Article
കോവിഡ് കാലത്ത് സിനിമാ മേഖല സ്തംഭിച്ചു നിന്നപ്പോൾ തന്റെ രണ്ടു ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തിച്ച സംവിധായകനാണ് വിപിൻ ആറ്റ്ലി. വട്ടമേശ സമ്മേളനം, മ്യൂസിക്കൽ ചെയർ എന്നീ ചിത്രങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് റിലീസ് ചെയ്തത്. ആദ്യത്തേത്ത് കോമഡിയുടെ പശ്ചാത്തലത്തിൽ എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിച്ച ചിത്രമായിരുന്നെങ്കിൽ രണ്ടാമത്തേത് മരണമെന്ന ഗഹനവിഷയത്തെ ചർച്ച ചെയ്യുകയാണ്. കോവിഡ് കാലത്ത് മലയാളത്തിൽ ടിക്കറ്റ് വച്ച് ആദ്യമായി ഒടിടി റിലീസ് ചെയ്ത ചിത്രം മ്യൂസിക്കൽ ചെയറായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ 17000 ടിക്കറ്റുകൾ വിറ്റുപോയെന്ന് വിപിൻ ആറ്റ്ലി പറയുന്നു.
വൻകിട ഒടിടി പ്ലാറ്റ്ഫോമുകളെ സമീപിക്കാനാകാത്ത ചെറിയ സിനിമകൾക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു മ്യൂസിക്കൽ ചെയറിന്റെ ഓൺലൈൻ സ്വീകാര്യത. തുടർന്ന് പ്രാദേശിക ഓൺലൈൻ പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്ത ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രവും ഈ മേഖലയിലെ പ്രധാന വഴിത്തിരിവായി. ഒടിടി റിലീസിനു ശേഷം കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കും മ്യൂസിക്കൽ ചെയർ തിരഞ്ഞെടുക്കപ്പെട്ടതിന്റെ നിറവിലാണ് ഹോംലി മീൽസ് എന്ന സിനിമയുടെ തിരക്കഥാകൃത്തും നടനും ബെൻ സിനിമയുടെ സംവിധായകനും കൂടിയായ വിപിൻ ആറ്റ്ലി. ചലച്ചിത്രമേളയുടെ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി പതിപ്പുകളിൽ മികച്ച അഭിപ്രായമാണ് മ്യൂസിക്കൽ ചെയർ നേടിയത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കിയത്. മനുഷ്യന്റെ ബോധ–അബോധ മനസിനെ നിരന്തരം അലട്ടുന്ന മരണഭയത്തെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്. എഴുത്തുകാരനായ ഒരു യുവാവിന്റെ ആത്മസംഘർഷങ്ങളിലൂടെ മരണമെന്ന കസേരകളിയുടെ പൊരുൾ അന്വേഷിക്കുകയാണ് മ്യൂസിക്കൽ ചെയർ.
വമ്പൻ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് സിനിമ എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് പ്രാദേശികമായ സ്ട്രീമിങ് ആപ്പിലൂടെ റിലീസ് ചെയ്യുക എന്ന ആശയത്തിലേക്ക് എത്തിച്ചതെന്ന് സംവിധായകൻ പറയുന്നു. തിയറ്ററുകൾ അനിശ്ചികമായി അടഞ്ഞു കിടക്കുന്നതിനാൽ, വലിയ സാമ്പത്തിക പിൻബലമില്ലാത്ത നിർമാതാവിന് മുടക്കുമുതൽ തിരിച്ചുകിട്ടാൻ മറ്റു മാർഗങ്ങളില്ലാത്തതും ഈ വഴി സ്വീകരിക്കാൻ കാരണമായെന്നും വിപിൻ പറയുന്നു.
പ്രാദേശിക ബിസിനസ്
വൻകിട ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ചിത്രങ്ങളെത്തിക്കാൻ സാധിക്കാത്ത ചെറുകിട നിർമാതാക്കൾക്ക് പ്രാദേശിക സ്ട്രീമിങ് സൈറ്റുകളും മീഡിയകമ്പനികളും വലിയ ആശ്വാസമാണ് നൽകുന്നതെന്നാണ് വിപിൻ ആറ്റ്‌ലിയുടെ അനുഭവം. മ്യൂസിക്കൽ ചെയറിന്റെ വിജയത്തിനൊപ്പം വിപിന്റെ തൊട്ടുമുൻപത്തെ വട്ടമേശസമ്മളനം എന്ന ചിത്രവും ഇത്തരത്തിൽ പ്രാദേശിക സഹകരണത്തോടെ ബിസിനസ് വളർത്തുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്. 18 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള മനോരമ മ്യൂസിക്കിന്റെ യുട്യൂബ് ചാനൽ വഴിയാണ് വട്ടമേശ സമ്മേളനം റിലീസ് ചെയ്തിരിക്കുന്നത്. തീർത്തും സൗജന്യമായതിനാൽ വ്യാജ പതിപ്പുകളെ പേടിക്കുകയും വേണ്ട. ചാനലിന് ശക്തമായ സബ്‌സ്‌ക്രൈബേഴ്‌സ് പിന്തുണയുള്ളതിനാൽ ചിത്രത്തിന്റെ വ്യൂവർഷിപ്പിന് അനുസരിച്ച് യുട്യൂബിൽ നിന്നുള്ള വരുമാനത്തിന്റെ പങ്കാളിത്തം നിർമാതാവിന് നേട്ടമാകുകയും ചെയ്യും.