അരങ്ങിന്റെ കരുത്തിൽ സ്ക്രീനിലേക്ക്
Mail This Article
നാടകത്തിനായി അന്നു കൊണ്ട വെയിലിന്റെ കരുത്തിലാണ് കുമാർ ഇന്ന് സിനിമയിൽ തിളങ്ങുന്നത്. കഴിഞ്ഞദിവസം റിലീസ് ചെയ്ത ജിയോ ബേബിയുടെ ‘ശ്രീധന്യ’യിലെ അളിയൻ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിക്കൊണ്ട് വള്ളിക്കുന്ന് സ്വദേശി സുനിൽകുമാർ എന്ന കുമാർ മലയാള സിനിമയിൽ സ്വന്തം സ്ഥാനമുറപ്പിക്കുകയാണ്.
മറഡോണ, ഒടിയൻ, കുരുതി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷം ചെയ്ത കുമാറിന് ‘അസംഘടിതർ’ എന്ന ചിത്രത്തിലെ പ്രസാദ് എന്ന കടയുടമയുടെ വേഷമാണു വഴിത്തിരിവായത്. അതിലെ പ്രകടനം കണ്ട് മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം വിളിച്ച് അഭിനന്ദിച്ചു. തുടർന്നാണ് ശ്രീധന്യയിൽ അളിയൻ വേഷം ചെയ്യാൻ സംവിധായകൻ ജിയോ ബേബി ക്ഷണിച്ചത്. മഞ്ജു വാരിയർ പ്രധാന വേഷം ചെയ്യുന്ന ‘വെള്ളരിപ്പട്ടണം’ സിനിമയിൽ വില്ലൻ സ്വഭാവമുള്ള വേഷമാണ് ചെയ്യുന്നത്.
നാടകം നൽകിയ കരുത്ത്
∙ വള്ളിക്കുന്ന് വലിയവളപ്പിൽ പരേതരായ അയ്യപ്പൻ–ലീല ദമ്പതികളുടെ മകനായ കുമാർ സ്കൂൾ നാടകങ്ങളിലൂടെയാണ് അഭിനയം തുടങ്ങുന്നത്. കോളജിൽ പഠിക്കുന്ന കാലത്താണ് അമച്വർ നാടകങ്ങളിലേക്കു തിരിയുന്നത്. ബൈജു നഴ്സറി ഉടമ ബൈജുവിന്റെ വാവകൾ ടീമിനൊപ്പം സംസ്ഥാനത്തെ എല്ലാ അമച്വർ നാടക മത്സരങ്ങളിലും പങ്കെടുത്തു. ഒരുതവണ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
ബിരുദപഠനത്തിനു ശേഷം ജയപ്രകാശ് കുളൂർ സംവിധാനം ചെയ്ത‘വെളിച്ചെണ്ണ’ എന്ന നാടകവുമായി കുമാർ യാത്ര തുടങ്ങി. കാസർകോട്ടുനിന്നാരംഭിച്ച് തിരുവനന്തപുരം വരെ. വീടുകളിലെ കോലായകളായിരുന്നു രംഗവേദി. വെളിച്ചമുണ്ടായാൽ പോരാ, അതു കത്തണം, ഉള്ളിൽ നിന്നു കത്തണം എന്ന സന്ദേശവുമായി തുടങ്ങിയ നാടകയാത്ര തിരുവനന്തപുരം എത്തുമ്പോഴേക്കും ആയിരം കോലായകൾ പിന്നിട്ടിരുന്നു.
കുളൂരിന്റെ തന്നെ ദിനേശന്റെ കഥ, എന്താണമ്മേ ഉണ്യേട്ടനിങ്ങനെ, പുല്ല്, കൂടരുത്, ഹോട്ടൽ, ഐസക്ന്യൂട്ടനും ഞാനും എന്നീ ഏകപാത്ര നാടകങ്ങൾ ചെയ്തു. സൂര്യ കൃഷ്ണമൂർത്തിയുടെ സൂര്യ ഫെസ്റ്റിവലിൽ തുടർച്ചയായി 10 നാടകങ്ങൾ അവതരിപ്പിച്ചു.
കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത ചിത്രത്തിലെ വേഷമാണ് കുമാറിനെ സിനിമയിൽ തിരക്കുള്ള നടനാക്കിയത്. സിനിമയിൽ തിരക്കായെങ്കിലും നാടകവഴി മറക്കാൻ കുമാർ തയാറല്ല. സുഹൃത്ത് റഫീക്ക് മംഗലശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ നാടകത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. എമിൽ മാധവിയുടെ നാടകത്തിലും അഭിനയിക്കുന്നുണ്ട്. ബീനയാണു ഭാര്യ. തനുശിവ്, ശിവ് കാർത്തിക് എന്നിവർ മക്കളും.