രൺബീർ ഹൈദരാബാദിലേക്ക് മാറേണ്ടിവരും: വിവാദമായി തെലങ്കാന മന്ത്രിയുടെ പ്രസംഗം
Mail This Article
ബോളിവുഡിനെ പരിഹസിച്ച് തെലങ്കാന തൊഴിൽ വകുപ്പ്മന്ത്രിയും ഭാരത് രാഷ്ട്ര സമിതി(ബി.ആർ.എസ്) നേതാവുമായ ചമകുര മല്ല റെഡ്ഡി. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ബോളിവുഡും ഹോളിവുഡും തെലുങ്ക് ജനത ഭരിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ രൺബീർ കപൂർ ഹെെദരാബാദിലേയ്ക്ക് മാറേണ്ടി വരുമെന്നും മന്ത്രി പരിഹസിച്ചു. രൺബീർ കപൂർ നായകനായെത്തുന്ന അനിമൽ എന്ന ചിത്രത്തിന്റെ ഹൈദരാബാദിൽ വെച്ചുനടന്ന പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു റെഡ്ഡിയുടെ പരാമർശം.
മുംബൈ പഴയതായി, ബെംഗളൂരു ഗതാഗതക്കുരുക്കിലാണ്, ഇന്ത്യ ഭരിക്കുന്നത് ഹൈദരാബാദ് നഗരം മാത്രമാണെന്നും ബിആർഎസ് നേതാവ് പറഞ്ഞു. മന്ത്രിയുടെ പരാമർശത്തിൽ കനത്ത പ്രതിഷേധമാണ് ബോളിവുഡ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. റെഡ്ഡിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
രൺബീർ കപൂറിനും അനിൽ കപൂറിനും പുറമെ സംവിധായകൻ രാജമൗലി, നടൻ മഹേഷ് ബാബു, നിർമാതാവ് ദിൽ രാജു എന്നിവരും ചടങ്ങിനെത്തിയിരുന്നു. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകൻ. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനിൽ കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക.