ADVERTISEMENT

∙2023 ഡിസംബർ 5 - വൻതുക സ്ത്രീധനം കൊടുക്കാനില്ലാത്തതിന്റെ പേരിൽ ഡോ.എ.ജെ.ഷഹ്നയുടെ ആത്മഹത്യ, വിവാഹം കഴിക്കാമെന്നു നേരത്തെ സമ്മതിച്ചിരുന്ന യുവ ഡോക്ടർ ഇ.എ.റുവൈസ് അറസ്റ്റിൽ. 

∙1942 - വൈക്കം മുഹമ്മദ് ബഷീർ പ്രേമലേഖനമെന്ന കൊച്ചു കഥയെഴുതി. അതിൽ ഇങ്ങനെ പറയുന്നു - ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ തന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു..?

ഇനി വായിക്കുക. അല്ല, കാണുക. കർട്ടൻ ഉയരുന്നു എന്നുപറയുന്നില്ല. കാരണം നാടകത്തിന്റെയും ജീവിതത്തിന്റെയും കർട്ടൻ എന്നും ഉയർന്നുതന്നെയാണു നിൽക്കുന്നത്. അത് താഴ്ന്നട്ടേയില്ല. ഇനി താഴാനും പോകുന്നില്ല. 

വൈക്കം മുഹമ്മദ് ബഷീർ ഇറങ്ങിനടക്കുകയായിരുന്നു തൃശൂരിലൂടെ. കഥയുടെ സുൽത്താനോടൊപ്പം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഒപ്പംകൂടി. കേശവൻ നായരും ഒറ്റക്കണ്ണൻ പോക്കറും പൊൻകുരിശ് തോമയും ജമീലാ ബീവിയും സാറാമ്മയും എട്ടുകാലി മമ്മൂഞ്ഞും ആകാശ മിഠായിയും അടക്കമുള്ളവരെല്ലാം ബഷീറിനൊപ്പം സഞ്ചരിച്ചു. നാടകത്തിന്റെ അരങ്ങുകളിൽ ഒരിടത്ത് അവർ ബഷീർ

സൃഷ്ടിച്ച അതേ കഥാപാത്രങ്ങളായി വിലസി. മറ്റൊരിടത്ത് 80 വർഷം വരെ പഴക്കമുള്ള കഥാപാത്രങ്ങൾ 2023ലേക്ക് ഇറങ്ങിവന്ന് പുതിയ കാലവുമായി സംവദിച്ചു. ഏതു കാലവുമായും ഏതു കാലാവസ്ഥയുമായും പോരാ‌ടാൻ കഴിവുള്ള ബഷീറിയൻ കഥാപാത്രങ്ങളുടെ കരുത്തായിരുന്നു രണ്ടിടത്തും കണ്ടത്. ഒരിടത്ത് ബഷീറും സ്വന്തം കഥാപാത്രങ്ങളോടൊപ്പം അരങ്ങിൽ നിറഞ്ഞപ്പോൾ അദ്ദേഹത്തെ ‘രംഗത്തിറക്കാതെ’ ബഷീറിയൻ ചിന്തകളെ നവലോക സാഹചര്യത്തിൽ വിലയിരുത്തുന്ന ധീരമായ പരീക്ഷണമായിരുന്നു മറ്റൊരിടത്ത്. ബഷീറിനെ ആസ്പദമാക്കിയ 2 നാടകങ്ങൾ സാംസ്കാരിക നഗരിയിൽ ഒരേദിവസങ്ങളിൽ അരങ്ങുനിറഞ്ഞതിന്റെ യാദൃച്ഛികതയെന്തെന്നുപോലും അറിയില്ല. ‘പ്രേമലേഖനം’ അടിയൊഴുക്കാക്കി ഈ നാ‌ടകങ്ങൾ അരങ്ങേറുമ്പോൾ പ്രേമത്തിനുമേൽ സ്ത്രീധനം പിടിമുറുക്കി ഡോ.ഷഹ്നയുടെ ആത്മഹത്യ നടക്കുന്നു, ഈ ദിവസങ്ങളിൽത്തന്നെ. അതിന്റെ യാദൃച്ഛികതയും അറിയില്ല. അരണാട്ടുകര സ്കൂൾ‌ ഓഫ് ഡ്രാമയും തൃശൂർ രംഗചേതനയുമാണ് ബഷീറിനെ വ്യത്യസ്ത രീതിയിൽ അരങ്ങിലെത്തിച്ചത്. ബഷീർ കഥകൾ വായിച്ചവർക്കും വായിക്കാത്തവർക്കും ഒരുപോലെ സംതൃപ്തി നൽകുന്ന നാടകാനുഭവമാണ് ഇവ സമ്മാനിച്ചതെന്ന് കാഴ്ചക്കാരുടെ എണ്ണം വ്യക്തമാക്കുന്നു. കൃതികൾ വായിച്ചവർക്ക് പുതിയ സാഹചര്യങ്ങളെ ചേർത്തുള്ള രണ്ടാം വായനയും കാഴ്ചയും. വായിക്കാത്തവർക്ക് അന്നും ഇന്നും ബഷീർ എങ്ങനെ പ്രസക്തനാകുന്നു എന്നതിന്റെ വെളിപാടും.

ന്നാലും ന്റെ സാറാമ്മേ..

തൃശൂർ സംഗീത നാടക അക്കാദമി നാട്യഗൃഹത്തിൽ രംഗചേതന പലതവണ അരങ്ങേറ്റിയ ന്നാലും ന്റെ സാറാമ്മേ..എന്ന ഈ നാടകം മുന്നോട്ടുകൊണ്ടുപോകുന്നത് പേരു സൂചിപ്പിക്കുംപോലെ പ്രേമലേഖനത്തിലെ നായികാനായകന്മാരായ സാറാമ്മയും കേശവൻ നായരും തന്നെ. വിദേശത്തുനിന്ന് നാട്ടിലെത്തി ‘ഭൂമിയുടെ അവകാശികളിലെ’ രണ്ടേക്കർ ഭൂമി വാങ്ങി താമസിക്കാനൊരുങ്ങുന്ന ഇവരെ ബഷീറിന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങൾ വലയംചെയ്യുന്നു. അതിൽ ആനവാരി രാമൻ നായരുണ്ട്, പള്ളിക്കെന്തിനാ പൊൻകുരിശെന്നു ആനവാരിയും പൊൻകുരിശും എന്ന കഥയിൽ ചോദിച്ച പൊൻകുരിശു തോമയുണ്ട്. കരടി മാത്തനും സൈനബയുമുണ്ട്. ഒപ്പം ആകാശ മിഠായിയും. 

drama-32
ന്നാലും ന്റെ സാറാമ്മേ..എന്ന നാടകത്തിൽനിന്ന്

പ്രേമലേഖനത്തിൽ ആകാശ മിഠായി ഒരു സാങ്കൽപിക കഥാപാത്രം മാത്രമാണ്. സാറാമ്മയ്ക്കും കേശവൻ നായർക്കും ഒരു മകൻ ജനിച്ചാൽ അവന് നൽകാനുദ്ദേശിക്കുന്ന മതേതര പേര്. എന്നാൽ നാടകത്തിൽ ആകാശ മിഠായി കഥാപാത്രമായി തന്നെ അരങ്ങത്തെത്തുന്നു. മണ്ടൻ മൂത്തപ്പയുടെയും സൈനബയുടെയും മകനായി അവതരിപ്പിക്കുന്ന ആകാശമിഠായിക്ക് പുതിയ കാല മാർക്കറ്റിങ് തന്ത്രത്തിന്റെ രൂപമാണ്. സാറാമ്മയെ പ്രണയിച്ച് ആ കുടുംബത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്ന ആകാശ് പുതിയ കാല ഫണ്ടിങ് ഏജൻസിയുടെ മുഖമാണ്. കുടുബ ബന്ധങ്ങളെ തകർത്ത് സൃഷ്ടിച്ചെടുക്കുന്ന അരാജകത്വം വിദഗ്ധമായി മാർക്കറ്റ് ചെയ്യുക. അനാർക്കിസം ലോക ക്രമമാക്കി ഫണ്ടിങ് ഏജൻസികൾ കൊഴുക്കുന്നത് കൺമുന്നിലെ യാഥാർഥ്യമാണ്. 80 വർഷത്തിനു ശേഷം തിരിച്ചെത്തുന്ന ബഷീർകഥാപാത്രങ്ങളുടെ കണ്ണിലൂടെ സമകാലീന സമൂഹം കണ്ണാടിക്കു മുന്നിലെന്നപോലെ നിൽക്കുന്നു. എന്നിട്ടും സാറാമ്മയുടെയും കേശവൻ നായരുടെയും പ്രണയത്തെ തോൽപിക്കാനാകുന്നില്ലെന്നിടത്താണ് പ്രതീക്ഷ.  

drama-3
ന്നാലും ന്റെ സാറാമ്മേ..എന്ന നാടകത്തിൽനിന്ന്

സകല ജീവജാലങ്ങൾക്കും അവകാശമുണ്ടെന്നു ബഷീർ പറയുന്ന ഭൂമി വാങ്ങിയ കേശവൻ നായർക്കെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ കുപ്പായമണിയുന്ന ആനവാരി രാമൻനായരും പ്രതിപക്ഷ നേതാവായ പൊൻകുരിശു തോമയും പിന്നാമ്പുറത്ത് ഒന്നിക്കുന്നു. മറ്റൊരാൾക്ക് നോട്ടമുള്ള ഈ ഭൂമി നിങ്ങളെന്തിനു വാങ്ങിയെന്നാണ് ഇവരുടെ ചോദ്യം. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളാണ് എക്കാലവും ഭരണമെന്ന് ഓർമിപ്പിക്കുമ്പോൾ കോടതി നിർദേശം പോലും അവഗണിച്ച് കയ്യേറ്റഭൂമി വിട്ടുകൊടുക്കാത്ത സമകാലീനകാലത്തെ ജനപ്രതിനിധിയുടെ മുഖം മനസ്സിൽ തെളിയാതിരിക്കില്ല. മോറൽ പൊലീസിങ്ങിന്റെ മറ്റൊരു പേരായി അവിഹിതം നിറയുമ്പോൾ എന്താണ് അവിഹിതം എന്നതിനും നാടകം ഉത്തരം കൊടുക്കുന്നുണ്ട്. നാട്ടുകാർക്ക് വിഹിതം കിട്ടാത്തതാണ് അവിഹിതം...! ബഷീർ ഒരുക്കിനൽകിയ ചട്ടക്കൂടിൽനിന്ന് കാലത്തിനനുസരിച്ച് കഥാപാത്രങ്ങളെ പുറത്തു‌കടത്തി പുതിയ മനോവ്യാപാരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയാണ് സാറാമ്മയെന്ന നാടകം വ്യത്യസ്തമാകുന്നത്. കേശവൻ നായരായി അഭിനയിക്കുന്ന പ്രേംകുമാർ ശങ്കരന്റെ രചനയും സംവിധാനവും ഈ ആക്ഷേപഹാസ്യ പ്രക‌ടനത്തെ മികവുറ്റതാക്കുന്നു. സാറാമ്മയായി സ്നേഹലിജിയും തോമയായി പ്രതീഷും ആകാശായി കിഷോറും സൈനബയായി ജയന്തിയും രാമൻനായരായി ജെനുവും, ഒപ്പം ഷിന്റോയും ആന്റണിയുമെല്ലാം തകർത്തഭിനയിക്കുന്നുണ്ട്. നാടകത്തിന്റെ ഒടുവിലാണ് തിരിച്ചറിയുന്നത് ഇക്കണ്ടതെല്ലാം സാറാമ്മയുടെ സ്വപ്നമായിരുന്നെന്ന്. സാറാമ്മയും കേശവൻ നായരും ഇപ്പോഴും വിദേശത്താണ്. നാട്ടിലേക്കു മടങ്ങണോ..? ഇരുവരും ഒരുപോലെ തീരുമാനിക്കുന്നു, വേണ്ട. ഈ നവകേരളത്തിലേക്ക് മടങ്ങേണ്ടെന്നു തീരുമാനം.   

yamandan

യമണ്ടൻ ബഡുക്കൂസ്

കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയിലെ അഞ്ചാം സെമസ്റ്റർ ബിടിഎ വിദ്യാർഥികൾ അവതരിപ്പിച്ച യമണ്ടൻ ബഡുക്കൂസിലൂടെ ബഷീറിന്റ ഒട്ടേറെ കഥാപാത്രങ്ങൾ ഒരുമാറ്റവുമില്ലാതെ അരങ്ങുകാണുന്നു. ബഷീറിന്റെ ഒട്ടുമിക്ക കഥകളിലും ബഷീർ തന്നെ ഒരു കഥാപാത്രമാകുമെന്നതുപോലെ ഇവിടെയും ആ വെളുത്ത ജുബായിലും മുണ്ടിലും ബഷീർ കഥ നയിക്കുന്നു. പ്രേമവും നിരാശയും സഹാനുഭൂതിയും നർമവുമെല്ലാം ചേർന്നൊഴുകുന്ന ബഷീറിയൻ കഥാനദിയിലൂടെ ഓരോ കഥാപാത്രവും ഒഴുകിയൊഴുകിയെത്തി അരങ്ങുണർത്തുന്നു. ഒന്നര മണിക്കൂറിൽ ബഷീറിയൻ പ്രപഞ്ചം അതേപോലെ സൃഷ്ടിക്കുകയാണ് അണിയറക്കാർ. സ്ഥലത്തെ പ്രധാന ദിവ്യൻ, പൂവൻപഴം,നീലവെളിച്ചം, അമ്മ, മതിലുകൾ, വിശ്വവിഖ്യാതമായ മൂക്ക് എന്നിവയടക്കമുള്ള കഥകളിലൂടെയാണ് നാടകസഞ്ചാരം. അബ്ദുൽ ഖാദർ സാഹിബായി എത്തുന്ന എ.ആഷിഫിന്റെ ആക്റ്റിങ് പാറ്റേൺ പലപ്പോഴും ബഷീറിന്റെ ചാരുകസാലയിൽനിന്ന് നമ്മെ ഉണർത്തിയെടുക്കുന്നുണ്ട്. എം.എസ്.അരവിന്ദാണ് ബഷീറായി അരങ്ങിലെത്തുന്നത്. ജയിൽ മോചിതനായിട്ടും പ്രണയം ബഷീറിനെ ജയിലിന്റെ ‘മതിലുകളിൽ’ തളച്ചിടുന്നു. ഈ തടവറയാണ്, ഈ മതിലാണ് യഥാർഥ സ്വാതന്ത്ര്യമെന്ന് പറയുമ്പോൾ ‘മതിലു’കൾക്ക് ഒന്നിലേറെ അർഥം കൈവരുന്നു. രാജീവ് കൃഷ്ണൻ, അജിത് ലാൽ ശിവലാൽ, ഫവാസ് അമീർ ഹംസ എന്നിവരാണ് നാടകം രൂപപ്പെടുത്തിയത്. 

English Summary:

Vaikom Muhammad Basheer’s Stories and Drama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com