ADVERTISEMENT

ഇടി, മോഹൻലാൽ എന്നീ ചിത്രങ്ങൾക്കു ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഖൽബ്’ ട്രെയിലർ എത്തി. ‘മൈക്ക്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ രഞ്ജിത്ത് സജീവ് ആണ് നായകനായി എത്തുന്നത്. കഴിഞ്ഞ വർഷം മികച്ച നവാഗത പ്രതിഭയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം സ്വന്തമാക്കിയ നടൻ കൂടിയാണ് രഞ്ജിത്ത്. പുതുമുഖം നെഹാനസ് സിനുവാണ് നായിക. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇരുപതാമതു ചിത്രം കൂടിയാണിത്.

അങ്കമാലി ഡയറീസ്സിനു ശേഷം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്നതാണ് ഈ ചിത്രം. ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അതീവ ഹൃദ്യമായ ഒരു പ്രണയ കഥയാണ് വിശാലമായ ക്യാൻവാസ്സിലൂടെയും വലിയ മുതൽ മുടക്കോടെയും അവതരിപ്പിക്കുന്നത്. ആലപ്പുഴയുടെ സംസ്ക്കാരവും, ആചാരങ്ങളും, ജീവിതവുമൊക്കെ കോർത്തിണക്കി ജീവിത ഗന്ധിയായ ഒരു പ്രണയ കഥ പറയുന്നു ഈ ചിത്രത്തിലൂടെ. മികച്ച ആക്‌ഷൻ രംഗങ്ങളും, ഇമ്പമാർന്ന രംഗങ്ങളമൊക്കെ കോർത്തിണക്കിയുള്ള ഒരു ക്ലീൻ എന്റർടെയ്നറായിരിക്കും ഈ ചിത്രം. 

എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നതെന്ന് വിജയ് ബാബു പറഞ്ഞു. ഇരുപത്തിയഞ്ചോളം പുതുമുഖങ്ങൾക്ക് ഈ ചിത്രത്തിൽ മികച്ച വേഷമുണ്ട്. പത്യേക ഓഡിയേഷനിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. രണ്ടാഴ്ച്ചയോളം പരിശീലനവും നൽകിയാണ് ഇവരെ ക്യാമറക്കു മുന്നിലെത്തിച്ചത്. സിദ്ദിഖും ലെനയും ഈ ചിത്രത്തിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പന്ത്രണ്ടു ഗാനങ്ങളാൽ ഏറെ സമ്പന്നമാണ് ഈ ചിത്രം. മൂന്നു സംഗീത സംവിധായകർ ഈ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു. നിന്നാൽ, പ്രകാശ് അലക്സ്, വിമൽ എന്നിവരാണ് സംഗീത സംവിധായകർ. സുഹൈൽ കോയയുടേതാണു വരികൾ. ഛായാഗ്രഹണം ഷാരോൺ ശീനിവാസ്. എഡിറ്റിങ് അമൽ മനോജ്. കലാസംവിധാനം അനിസ് നാടോടി. മേക്കപ്പ് നരസിംഹ സ്വാമി. കോസ്റ്റ്യൂം ഡിസൈൻ സമീറാ സനീഷ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു. പ്രൊഡക്‌ഷൻ മാനേജേർസ് സെന്തിൽ പൂജപ്പുരാന, ജീർ നസീം. പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു പന്തലക്കോട്. പ്രൊഡക്‌ഷൻ കൺട്രോളർ ഷിബു ജി.സുശീലൻ. പിആർഓ വാഴൂർ ജോസ്.

English Summary:

Watch Qalb Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com