കൂടുതൽ ചെറുപ്പമായി പൃഥ്വി; സയീദ് മസൂദിലേക്കുള്ള തയാറെടുപ്പ്?
Mail This Article
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെ ഏറ്റവും പുതിയ ലുക്ക് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ക്ലീൻ ഷേവ് ചെയ്ത് കൂടുതൽ ചെറുപ്പമായ പൃഥ്വിരാജിനെയാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്. 2018ൽ റിലീസ് ചെയ്ത ആദം ജൊവാൻ സിനിമയിലെ അതേലുക്ക് തന്നെയാണ് പൃഥ്വിയുടേതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.
അതേസമയം അഭിനയവുമായി ബന്ധപ്പെട്ട് കരാർ ഒപ്പിട്ട ചിത്രങ്ങളെല്ലാം പൂർത്തിയായതോടെ എംപുരാന്റെ ചിത്രീകരണത്തിനായി അമേരിക്കയിലേക്ക് തിരിക്കുകയാണ് പൃഥ്വിരാജ്. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരലമ്പല നടയിൽ, ബോളിവുഡ് ചിത്രമായ സർസമീൻ എന്നിവയിലെ തന്റെ ഭാഗങ്ങളെല്ലാം ഇതിനോടകം പൃഥ്വി പൂർത്തിയാക്കി കഴിഞ്ഞു.
എംപുരാനിൽ അബ്റാം ഖുറേഷിയുടെ വലംകൈയ്യായ സയീദ് മസൂദായി പൃഥ്വി മുഴുനീള വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ കഥാപാത്രത്തിനുവേണ്ടി കൂടിയാണ് മേക്കോവർ. അതേസമയം മോഹൻലാൽ അമേരിക്കയിൽ എത്തിക്കഴിഞ്ഞു. സിനിമയുടെ മൂന്നാം ഷെഡ്യൂൾ ആണ് അമേരിക്കയിൽ പുരോഗമിക്കുന്നത്. മോഹൻലാൽ ജനുവരി 28ന് ലൊക്കേഷനില്‍ ജോയിൻ ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം. മുരളി ഗോപിയാണ് തിരക്കഥ. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമിക്കുക. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദർശനത്തിന് എത്തുക.
അതേസമയം ആടുജീവിതമാണ് പൃഥ്വിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. വിഷു റിലീസായി സിനിമ തിയറ്ററുകളിലെത്തും. വിലായത്ത് ബുദ്ധ, ഗുരുവായൂരമ്പല നടയിൽ, ബഡേ മിയാൻ ചോട്ടേ മിയാൻ എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റു പ്രോജക്ടുകൾ.