എന്നേക്കാൾ കഴിവുള്ളവരുണ്ട്, പക്ഷേ അവസരം ലഭിച്ചത് എനിക്ക്, അച്ഛന്റെ പേരിൽ മാത്രം: പൃഥ്വിരാജ്

Mail This Article
സിനിമയിലെ സ്വജന പക്ഷപാതവും താരപാരമ്പര്യവും ചർച്ചയാകുമ്പോൾ, പൃഥ്വിരാജ് സുകുമാരൻ പറഞ്ഞ വാക്കുകളാണ് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ വൈറൽ. ഒന്നോ രണ്ടോ സിനിമകളിൽ മാത്രമേ താര പാരമ്പര്യത്തിലൂടെ അവസരങ്ങൾ ലഭിക്കൂ എന്നും കഴിവും കഠിനാധ്വാനവും ഉണ്ടെങ്കിൽ മാത്രമേ തുടർന്നും പിടിച്ചു നിൽക്കാൻ കഴിയൂ എന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. ‘നന്ദനം’ എന്ന തന്റെ ആദ്യത്തെ ചിത്രത്തിൽ മാത്രമാണ് സുകുമാരന്റെ മകൻ എന്ന നിലയിൽ തനിക്ക് അവസരം ലഭിച്ചതെന്നും അതിനു ശേഷം കഠിനാധ്വാനം കൊണ്ടാണ് ഇന്നത്തെ നിലയിൽ എത്തിച്ചേർന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. അച്ഛന്റെ മകൻ എന്ന രീതിയിൽ തനിക്ക് അവസരങ്ങൾ വേണ്ടെന്നും അതുകൊണ്ടാണ് തന്റെ ആദ്യ പടത്തിലെ ടൈറ്റിൽ ടാഗിൽ സൂര്യ എന്നു മാത്രം വച്ചതെന്നും തമിഴ് താരം വിജയ് സേതുപതിയുടെ മകൻ പറഞ്ഞ വിഡിയോയോടൊപ്പമാണ് പൃഥ്വിരാജിന്റെ വിഡിയോയും തമിഴ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
‘‘എന്റെ അച്ഛൻ ഒരു നടൻ ആയിരുന്നു. എന്റെ പേരിനോടൊപ്പമുള്ള അച്ഛന്റെ പേര് കണ്ടിട്ടാണ് എനിക്ക് എന്റെ ആദ്യ സിനിമയിൽ അവസരം ലഭിക്കുന്നത്. സുകുമാരന്റെ മകനാണല്ലോ, അവനെ അഭിനയിപ്പിച്ചു നോക്കുന്നതിൽ കുഴപ്പമില്ല എന്ന് തോന്നിയാണ് അവർ എന്നെ എടുത്തത്. അതുകൊണ്ടാണ് എനിക്ക് ആ അവസരം ലഭിച്ചത്. അവസരം ലഭിച്ചാൽ എന്നേക്കാൾ നന്നായി അഭിനയിക്കാൻ കഴിവുള്ള കലാകാരന്മാർ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ എനിക്കാണ് ആ അവസരം ലഭിച്ചത്. ആ അവസരം ലഭിക്കാൻ കാരണം എന്റെ അച്ഛൻ വളരെ പ്രശസ്തനായ ഒരു നടനായിരുന്നു എന്നതാണ്. പക്ഷേ എന്റെ ആദ്യത്തെ പടം മാത്രമാണ് അച്ഛന്റെ പേരിൽ കിട്ടിയത്. അതിനു ശേഷം ഇന്ന് വരെ ഞാൻ ഒരുപാട് കഠിനാധ്വാനം ചെയ്താണ് ഈ നിലയിൽ എത്തിയത്.’’– പൃഥ്വിരാജ് പറഞ്ഞൂ.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദന’ത്തിലാണ് പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത്. സിനിമയിലേക്ക് ഒരു പുതുമുഖ താരത്തെ തേടിനടന്ന രഞ്ജിത്തിനോട് നടനും നിർമാതാവുമായ മണിയൻപിള്ള രാജുവാണ് സുകുമാരന്റെയും മല്ലികയുടെയും മകനായ പൃഥ്വിരാജിനെപ്പറ്റി പറയുന്നത്.
പൃഥ്വിരാജ് ആ സിനിമയിലെ നായകനാവുകയും മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാവുകയും ചെയ്തു. ഇപ്പോൾ നടൻ മാത്രമല്ല നിർമാതാവ്, സംവിധായകൻ, വിതരണക്കാരൻ എന്നീനിലകളിലെല്ലാം താരം പ്രശസ്തനാണ്. ഇന്നിപ്പോൾ മലയാള സിനിമയെ പ്രതിനിധീകരിക്കുന്ന പാൻഇന്ത്യൻ താരമായി പൃഥ്വിരാജ് വളർന്നതും സ്വന്തം കഴിവും കഠിനാധ്വാനവും മൂലമാണ്.