ഗ്ലാമറസ്സായ യക്ഷികൾ; കോടികൾ വാരി ‘അരൺമനൈ’ ; ഒരിടവേളയ്ക്കു ശേഷം തമിഴ്നാട്ടിൽ ഒരു ഹിറ്റ്
Mail This Article
രജനികാന്ത് ചിത്രമടക്കം കോളിവുഡില്‍ ദുരന്തമായി മാറിയപ്പോൾ തമിഴകത്തിനു രക്ഷകനായി എത്തുകയാണ് സുന്ദർ സി. സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ച ഹൊറര്‍ കോമഡി ചിത്രം ‘അരണ്‍മണൈ 4’ തകർന്നു കിടന്നിരുന്ന തമിഴ് ബോക്സ്ഓഫിസിന് ഉണർവേകിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ സിനിമ അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു.
ക്യാപ്റ്റൻ മില്ലർ, അയലാൻ, ലാൽ സലാം, സൈറൺ തുടങ്ങി വമ്പൻ സിനിമകൾ തമിഴകത്ത് ഈ വർഷം റിലീസ് ചെയ്തിരുന്നെങ്കിലും ബോക്സ്ഓഫിസിൽ കാര്യമായ നേട്ടമുണ്ടാക്കാനൊന്നും ഇവയ്ക്കായില്ല. അരൺമനൈ നാലാം ഭാഗം പൊങ്കല്‍ ചിത്രങ്ങളുടെ കലക്‌ഷൻ റെക്കോർഡുകളും ഭേദിച്ചേക്കും. തുടർച്ചയായി മലയാള സിനിമകൾ തമിഴകത്ത് നിറഞ്ഞോടുമ്പോഴാണ് ഒരിടവേളയ്ക്കു ശേഷം തമിഴ് സിനിമ കുടുംബ പ്രേക്ഷകരുടെ മനം കവരുന്നത്.
നായികമാരായ തമന്നയുടെയും റാഷി ഖന്നയുടെയും ഗ്ലാമർ പ്രകടനമാണ് സിനിമയുടെ പ്രധാന ആകർഷണം. സെല്‍വി എന്ന കഥാപാത്രത്തിനായി തമന്ന വാങ്ങിയത് അഞ്ച് കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
അരൺമനൈ ഫ്രാഞ്ചൈസിയുടെ അതേ ടെംപ്ലേറ്റോടെ മേക്കിങിൽ പോലും ഒരു മാറ്റവുമില്ലാതെയാണ് സുന്ദർ സി. നാലാം ഭാഗവുമായി എത്തിയത്. നിർമാണവും സുന്ദർ സി. തന്നെ. ഇറങ്ങിയ എല്ലാ ഭാഗങ്ങളും സൂപ്പർഹിറ്റായിരുന്നു എന്നതും മറ്റൊരു പ്രത്യേകത. അടുത്ത് നൽകിയ അഭിമുഖത്തിൽ സിനിമയുടെ അഞ്ചാം ഭാഗവും സുന്ദർ സി. പ്രഖ്യാപിച്ചിട്ടുണ്ട്.
അരണ്‍മണൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ സി., ഹൻസിക, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദർ സി.യും ഹൻസികയും അഭിനയിച്ചിരുന്നു.
2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ സി., ആര്യ, റാഷി, ആൻഡ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തി. ഈ നാല് ചിത്രങ്ങളും പരസ്പരം ബന്ധമുള്ളവ അല്ല എന്നതും ശ്രദ്ധേയമാണ്.