ഇതാണ് ആ സർക്കുലർ; സിദ്ദിഖിന്റെ ലുക്ക് ഔട്ട് നോട്ടിസ് പുറത്ത്
Mail This Article
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിനായി പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 65 വയസ്സും അഞ്ച് അടി ഏഴ് ഇഞ്ച് ഉയരമുള്ള സിദ്ദിഖ് മമ്മദ് എന്ന ആളിനെ കണ്ടെത്തിയാൽ എത്രയും പെട്ടന്ന് താഴെ കാണുന്ന പൊലീസ് നമ്പറുകളിൽ ബന്ധപ്പെടണമെന്നാണ് നോട്ടിസിൽ അറിയിച്ചിരിക്കുന്നത്.
നടൻ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും നോട്ടിസ് നൽകിയിട്ടുണ്ട്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും നോട്ടീസ് പതിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്.
മറ്റേതെങ്കിലും സംസ്ഥാനത്തെത്തിയാൽ തിരിച്ചറിഞ്ഞ് അന്വേഷണസംഘത്തെ അറിയിക്കാൻ ഫോൺ നമ്പറും പത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. തമിഴ്നാട്, കർണാടക പത്രങ്ങളിൽ സിദ്ദിഖിന്റെ ഫോട്ടോ പതിച്ച അറിയിപ്പും അന്വേഷണസംഘത്തിന്റെ ഫോൺ നമ്പറും പരസ്യമായി പ്രസിദ്ധീകരിക്കാൻ ഇന്നലെത്തന്നെ കൈമാറി.
സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽനിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം.
പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഒരു സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അവിടെ ചെന്നപ്പോൾ പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു. 2019ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു.
സിദ്ദിഖിനു വേണ്ടി പൊലീസ് കൊച്ചിയിൽ തിരച്ചിൽ നടത്തവെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫിസിലെത്തി മകൻ ഷഹീൻ സിദ്ദിഖ്. അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഷഹീൻ ഓഫിസിൽ നിന്നും മടങ്ങി. തുടർ നിയമനടപടികൾ ചർച്ച ചെയ്യാനാണ് ഷഹീൻ ഇവിടെയത്തിയത്. 2.55നു ഓഫിസിലെത്തിയ ഷഹീൻ 35 മിനിറ്റിനു ശേഷം 3.30 ഓടെയാണ് പുറത്തേക്കിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ ഷഹീൻ തയാറായില്ല.