മലയാളം പറഞ്ഞ് സായി പല്ലവി, മേജർ മുകുന്ദ് ആയി ശിവകാർത്തികേയൻ; ‘അമരൻ’ ട്രെയിലർ പുറത്ത്

Mail This Article
ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘അമരൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ട്രെയിലറിനു മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. നേരത്തേ സായി പല്ലവിയുടെ ക്യാരക്ടർ ടീസറും പുറത്തുവന്നിരുന്നു.
രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമരൻ’. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായി പല്ലവി വേഷമിടുന്നു. നേരത്തെ ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മേജര്‍ മുകുന്ദിന്‍റെ ഭാര്യയായ ഇന്ദു റബേക്ക വര്‍ഗീസ് വളരെ വൈകാരികമായാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
ഉലകനായകന്‍ കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസാണ് ‘അമരൻ’ നിർമിക്കുന്നത്. സായി പല്ലവിയുടെ സഹോദരന്‍റെ വേഷത്തിൽ ‘പ്രേമലു’വിൽ നെഗറ്റിവ് റോളിലെത്തിയ ശ്യാം മോഹന്‍ എത്തുന്നു. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിൽ ശിവകാർത്തികേയനും എത്തുന്നു.