‘ഈ സിനിമയ്ക്ക് പെയ്ഡ് റിവ്യൂകൾ ഉണ്ടാകില്ല, സ്പോയിലർ ഒഴിവാക്കണമെന്ന അഭ്യർഥന മാത്രം,’ പ്രേക്ഷകർക്ക് കത്തെഴുതി സംവിധായകൻ
Mail This Article
റിലീസിനു മുൻപ് പ്രേക്ഷകർക്ക് കത്തെഴുതി സ്താനാർത്തി ശ്രീക്കുട്ടൻ സിനിമയുടെ സംവിധായകൻ വിനേഷ് വിശ്വനാഥ്. ഈ സിനിമയ്ക്കായി ഏറ്റുവാങ്ങിയ തിരിച്ചടികളും നേരിട്ട പ്രയാസങ്ങളും പ്രേക്ഷകർക്ക് ടിക്കറ്റ് എടുക്കാനുള്ള കാരണമായി സ്ഥാപിക്കാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയ വിനേഷ്, സിനിമ കാണുന്നവർ സത്യസന്ധമായി അഭിപ്രായങ്ങൾ എഴുതണമെന്നും ആവശ്യപ്പെട്ടു. ‘പെയ്ഡ് റിവ്യൂകൾ ഒന്നും ഈ സിനിമയ്ക്ക് ഉണ്ടാകില്ല. സ്പോയിലർ ഒഴിക്കണം എന്നൊരു അഭ്യർത്ഥന മാത്രം,’ വിനേഷ് കുറിച്ചു.
വിനേഷ് വിശ്വനാഥിന്റെ വാക്കുകൾ:
പ്രിയപ്പെട്ടവരെ,
ആദ്യ സിനിമയുടെ പ്രദർശനത്തിലേക്ക് ഇനി 24 മണിക്കൂർ അകലം മാത്രം. ഏറ്റുവാങ്ങിയ തിരിച്ചടികളും നേരിട്ട പ്രയാസങ്ങളും നിങ്ങൾക്ക് ടിക്കറ്റ് എടുക്കുവാനുള്ള കാരണമാക്കി സ്ഥാപിക്കാൻ താൽപര്യമില്ല . എല്ലാ സംവിധായകരുടെയും ആദ്യ സിനിമ പോലെ ഇതും ആസ്വദിച്ച്, ശ്രദ്ധിച്ച്, ഉള്ളതെല്ലാം കൊടുത്ത് മെനഞ്ഞതാണ്. അതു നല്ലതാണെങ്കിൽ കിട്ടേണ്ട തിയറ്റർ ഓട്ടത്തിന് ആദ്യ 3 ദിവസം വളരെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ട്, ഒന്നേ പറയാനുള്ളൂ. പറ്റുന്നവരെല്ലാം ആദ്യദിവസം തന്നെ പടം കാണണം. കണ്ടവർ സത്യസന്ധമായി അഭിപ്രായങ്ങൾ എഴുതിക്കോളൂ. സ്പോയിലർ ഒഴിക്കണം എന്നൊരു അഭ്യർത്ഥന മാത്രമേയുള്ളൂ. ആ അഭിപ്രായങ്ങൾ വായിച്ചു പോകാൻ തീരുമാനമെടുത്താൽ അത് ആദ്യ 2 ദിവസങ്ങളിൽ തന്നെ ആക്കാൻ ശ്രമിക്കുക. കാരണം, നാലാം ദിനം പടം കളിക്കണമെങ്കിൽ ആദ്യ 3 ദിവസം ആള് വന്നേ തീരൂ.
പെയ്ഡ് റിവ്യൂകൾ ഒന്നും ഈ സിനിമയ്ക്ക് ഉണ്ടാകില്ല. നിങ്ങൾ വായിക്കുന്നത് നെഗറ്റിവ് ആയാലും പോസിറ്റിവ് ആയാലും അത് സത്യസന്ധമായിരിക്കും.
കത്തെഴുത്ത് ക്ലീഷെ സ്വീകരിച്ചത് കാര്യമാക്കരുത്. ഈ കഥ ഷോർട്ട്ഫിലിം ആക്കി സാധ്യതകളെ നശിപ്പിക്കരുത് എന്നുപദേശിച്ച് വഴിതെളിച്ച ജെനിത് കാച്ചപ്പള്ളി മുതൽ ഈ വഴിയിൽ വന്നുപോയ ഒട്ടനേകം ‘മനുഷ്യർ’ക്ക് നന്ദി. നിർമാതാക്കളായ ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിനും നിഷാന്ത് ചേട്ടനും റാഫിയ്ക്കക്കും ഒരുപാട് സ്നേഹം.
നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്താനാർത്തി ശ്രീക്കുട്ടൻ. ബജറ്റ് ലാബിന്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവർ ചേർന്നാണ് നിർമാണം. ഏഴാം ക്ലാസ്സ് വിദ്യാർഥികളുടെ കഥയാണ് ഏറെ ഹൃദവും രസകരവുമായ രീതിയിൽ അണിയറക്കാർ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.
അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നീ മുൻനിര താരങ്ങൾക്ക് ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഓഡിഷനിലൂടെയാണ് ഈ കുട്ടികളെ കണ്ടെത്തിയത്. ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റു താരങ്ങൾ.