‘മാർക്കോ’യിലെ ഒരേയൊരു നിഷ്കളങ്കൻ; വിക്ടറായി തിളങ്ങി ഇഷാൻ ഷൗക്കത്ത്

Mail This Article
‘മാർക്കോ’ സിനിമയില്‍ ആകെയുള്ള നിഷ്കളങ്ക മുഖം വിക്ടർ എന്ന കഥാപാത്രത്തിന്റേതാണ്. സിനിമയിൽ ‘ക്രൂരന്മാരായ’ കഥാപാത്രങ്ങളായി സ്‌ക്രീനിൽ നിറഞ്ഞാടിയ പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള നടീനടന്മാരുടെ പ്രകടനം പ്രേക്ഷകരെയാകെ ഞെട്ടിച്ചു. അതിൽത്തന്നെ വൈകാരികമായി മാർക്കോയുമായി ഏറെ അടുപ്പമുള്ള ‘വിക്ടര്‍’ എന്ന അന്ധ സഹോദരനായി വേഷമിട്ട പുതുമുഖ നടനെ തിരയുകയാണ്, മലയാള പ്രേക്ഷകനും, സോഷ്യൽ മീഡിയയും. ഇഷാൻ ഷൗക്കത്ത് എന്ന പുതുമുഖമാണ് വിക്ടറായി വേഷമിട്ടത്.

അന്ധതയുടെ അതി സങ്കീർണതയും ഉൾക്കാഴ്ചയും തന്റെ കണ്ണുകളിലൂടെയും ചലനങ്ങളിലൂടെയും അസാധ്യമായ മികവോടെയാണ് ഇഷാൻ ഷൗക്കത്ത് പകർന്നാടിയത്. കണ്ണിലൂടെയും, ശരീര ഭാഷയിലൂടെയും ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥകൾ കൃത്യമായി പ്രേക്ഷകരിലെത്തിക്കാൻ ഇഷാന് കഴിഞ്ഞു. ഒരു അരങ്ങേറ്റക്കാരന്റെ പരാധീനകളില്ലാത്ത പ്രകടനമാണ് ഇഷാൻ നടത്തിയത് സ്വന്തം ശബ്ദത്തിൽത്തന്നെ. കഥാപാത്രങ്ങൾക്ക് സ്വന്തം ശബ്ദം തന്നെ നൽകണം എന്ന നിർബന്ധമുള്ള ഈ ചെറുപ്പക്കാരൻ, മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിക്കുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.

ദുബായിൽ ജനിച്ചു വളർന്ന ഇഷാൻ, അമേരിക്കയിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്നും അഭിനയത്തിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 2022ൽ കാൻസ് വേള്‍ഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത നടനുള്ള പുരസ്‌കാരം നേടിയ ഇഷാൻ മലയാളത്തിൽ സജീവമാകുകയാണ്. മഹേഷ് നാരായണന്റെ മമ്മൂട്ടി - മോഹൻലാൽ ചിത്രം, ഫ്രൈഡേ ഫിലിംസിന്റെ പടക്കളം തുടങ്ങി നിരവധി പ്രോജക്ടുകളാണ് ഇഷാന്റേതായി ഒരുങ്ങുന്നത്.
പ്രശസ്‌ത ഛായാഗ്രാഹകനും പ്രവാസി സംരംഭകനും എൺപതുകൾ മുതൽ സജീവമായ സിനിമ സഹചാരിയുമായ ഷൗക്കത്ത് ലെൻസ്‌മാന്റെ പുത്രനാണ് ഇഷാൻ ഷൗക്കത്ത്.