ജീവിതത്തിലും ഈ പ്രണയം സൂപ്പർഹിറ്റ്; നക്ഷത്രങ്ങള്‍ പ്രണയിക്കുമ്പോള്‍

Mail This Article
തിയറ്ററിലെ നനുത്ത തണുപ്പിലും ഇരുട്ടിലും സ്‌ക്രീനില്‍ പ്രണയം കൊണ്ട് അധരസിന്ദൂരം തൊടുന്ന നായികാ നായികമാര്‍ ചിലപ്പോഴെങ്കിലും ജീവിതത്തിലും പ്രണയിക്കാറുണ്ട്. ചിലരുടെയൊക്കെ പ്രണയം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ മറ്റ് ചിലരുടെ പ്രണയം മുളയിലേ കരിഞ്ഞു പോകാറുമുണ്ട്. അപൂര്‍വം ചിലരാകട്ടെ ജീവിതത്തിലുടനീളം ആ പ്രണയം നിലനിര്‍ത്തുകയും ദീര്‍ഘകാലം ദമ്പതികളായി ഒരുമയോടെ കഴിയുന്നതും കണ്ടിട്ടുണ്ട്. പല തലങ്ങളില്‍ പെട്ട താരങ്ങള്‍ സ്‌ക്രീനില്‍ നിന്നും തങ്ങളുടെ ഇണയെ കണ്ടെടുത്തിട്ടുണ്ട്. അതില്‍ ചിലതൊക്കെ പാതിവഴിയിലും മറ്റ് ചിലത് മുക്കാല്‍ വഴിയിലും കാലിടറുകയും പരസ്പരം വേര്‍പിരിയുന്നിടത്തോളം എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ആജീവനാന്ത ബന്ധമായി നിലനിന്ന ദാമ്പത്യങ്ങളുമുണ്ട്.
സംവിധായകന്‍ ഐ.വി.ശശി തന്റെ അവളുടെ രാവുകള്‍ എന്ന സിനിമയില്‍ നായികയായി വന്ന സീമയെ പില്‍ക്കാലത്ത് ജീവിതസഖിയാക്കി. വിവാഹശേഷവും നിരവധി സിനിമകളില്‍ അഭിനയിച്ച സീമയ്ക്ക് രണ്ട് സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചതും ശശിയുടെ സിനിമകളിലൂടെയാണ്. കുട്ടികള്‍ മുതിര്‍ന്ന ശേഷം പോലും ആ പ്രണയം അഭംഗുരം തുടര്‍ന്നു. ശശിയുടെ മരണം വരെ നിറഞ്ഞ സ്‌നേഹത്തോടെ ആ ബന്ധം മുന്നോട്ട് പോയി. സമീപകാലത്ത് പോലും ഒരു അഭിമുഖത്തില്‍ സീമ പറയുകയുണ്ടായി. ‘ശശിയേട്ടനില്ലെങ്കില്‍ സീമയില്ല. എന്നെ സീമയാക്കിയത് അദ്ദേഹമാണ്. അല്ലെങ്കില്‍ ഞാന്‍ വെറും ശാന്തിയായി മണ്‍മറയുമായിരുന്നു. ആരാലും അറിയപ്പെടാതെ..’ മരണാനന്തരവും തന്റെ പങ്കാളിയോടുളള സ്‌നേഹവും കടപ്പാടും ഈ പ്രണയിനിയെ നയിക്കുന്നു.

രഹസ്യപ്രണയത്തില്‍ നിന്നും ദീര്‍ഘദാമ്പത്യത്തിലേക്ക്
ജയറാം-പാര്‍വതി ദാമ്പത്യവും സമാന തലത്തില്‍ ദീര്‍ഘകാലമായി നില്‍ക്കുന്നു. പ്രണയകാലത്ത് ഇരുവരും സെറ്റില്‍ വച്ച് കണ്ടാലും മറ്റുളളവരുടെ മുന്നില്‍ വച്ചും പരിചയഭാവം നടിക്കാതെ ഒഴിഞ്ഞുമാറുന്നതും പരസ്പരം ഗൗരവം നടിക്കുന്നതിന്റെയും പൊരുള്‍ ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ മനുഷ്യമനസുകള്‍ കൊണ്ട് അമ്മാനമാടുന്ന സഹപ്രവര്‍ത്തകനായ ശ്രീനിവാസന്‍ ഈ അകല്‍ച്ചയ്ക്ക് പിന്നിലെ അടുപ്പം മനക്കണ്ണാല്‍ തിരിച്ചറിഞ്ഞു. ജയറാമിനോട് അദ്ദേഹം അത് തുറന്ന് ചോദിക്കുകയും ചെയ്തു. ഏതായാലും ദൈവം കയ്യൊപ്പിട്ട ഏതോ ഒരു നിമിഷത്തില്‍ പൂവിട്ട പ്രണയമായിരുന്നു അവരുടേത്. മക്കളായ കണ്ണന്റെയും മാളുവിന്റെയും വിവാഹത്തിന് കൈപിടിച്ചുകൊടുക്കാന്‍ എത്തിയ ദമ്പതികളുടെ കണ്ണില്‍ ഈ പ്രായത്തിലും പഴയ പ്രണയത്തിളക്കം മാഞ്ഞിട്ടില്ല.

ചലച്ചിത്രകാരന്‍ സത്യന്‍ അന്തിക്കാട് സഹധര്‍മ്മിണി നിമ്മിയെ പ്രണയിക്കുന്ന കാലത്ത് അത്യാവശ്യം കവിതയെഴുത്തും മറ്റുമായി നാട്ടില്‍ ചുറ്റിത്തിരിയുകയാണ്. സിനിമയില്‍ ഭാഗ്യം അന്വേഷിച്ച് മദ്രാസിലെത്തിയ അദ്ദേഹം സഹസംവിധായകനായി കയറിക്കൂടി. ചില പടങ്ങള്‍ക്ക് പാട്ടുമെഴുതി. അന്ന് മൊബൈല്‍ ഫോണില്ല. കത്തുകളില്‍ കൂടിയാണ് ആശയവിനിമയം. നിമ്മിയാവട്ടെ സാമാന്യം സാമ്പത്തിക ശേഷിയുളള കുടുംബത്തിലെ അംഗവും. വീട്ടുകാര്‍ നിമ്മിക്ക് വേറെ വിവാഹം ആലോചിക്കുന്നു എന്നറിഞ്ഞ സത്യന്‍ പിന്നെ ഒട്ടും വൈകിയില്ല, നിമ്മിയെ വിവാഹം ചെയ്തു. ഇന്ന് സപ്തതിയിലെത്തി നില്‍ക്കുന്ന സത്യനും നിമ്മിയും തമ്മിലുളള ഹൃദയബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ ദശകങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സ്‌നേഹത്തിന്റെ ഇഴയടുപ്പം എത്ര തീവ്രമാണെന്ന് ഇവരുടെ ദാമ്പത്യം വ്യക്തമാക്കുന്നു.

നടന്‍ ശ്രീനിവാസനും ഭാര്യ വിമലയും ഇതു പോലെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. പല ഭാഗത്തു നിന്നും എതിര്‍പ്പുകളുണ്ടായിട്ടും വിമല ശ്രീനിയെ തന്നെ വിവാഹം കഴിച്ചു. ആദ്യകാലങ്ങളില്‍ അലച്ചിലും കഷ്ടപ്പാടുകളുമായി ശ്രീനി ബുദ്ധിമുട്ടിയപ്പോള്‍ സ്‌കൂള്‍ ടീച്ചറായ വിമല താങ്ങും തണലുമായി നിന്നു. വിമലയ്ക്ക് അദ്ദേഹത്തിന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. പിന്നീട് ശ്രീനിവാസന്‍ മലയാള സിനിമയിലെ ഒന്നാം നിര തിരക്കഥാകൃത്തും നായകനടനും എല്ലാമായി വളര്‍ന്നു. ഇപ്പോഴും ശ്രീനിക്ക് തണലും നിഴലുമായി വിമല ടീച്ചര്‍ ഒപ്പമുണ്ട്. ഒരിക്കലും പിണങ്ങാത്ത, അകലാത്ത വിധം പ്രണയത്തിന്റെ സ്വര്‍ണ്ണനൂല്‍ അവരെ ചേര്‍ത്തു നിര്‍ത്തുന്നു. ഒരിക്കല്‍ തന്റെ പെട്ടിയില്‍ ഒരു ആരാധികയുടെ കത്ത് കാണാനിടയായ വിമല ടീച്ചര്‍ കരഞ്ഞ് ബഹളമുണ്ടാക്കിയ കഥ പോലും ശ്രീനി എത്ര ഹ്യൂമറെസ്സായാണ് എഴുതിയത്. അത് വായിച്ച് പൊട്ടിച്ചിരിക്കാനും വിമല ടീച്ചറുണ്ട്. കാലത്തിനും പ്രായത്തിനും മായ്ക്കാനാവാത്ത ഊഷ്മളമായ ഹൃദയബന്ധത്തിന്റെ വലിയ മാതൃകകളില്‍ ഒന്നായി ശ്രീനിയും വിമലയും പൊതുസമൂഹത്തിന് മുന്നിലുണ്ട്.
ഫ്‌ളൈറ്റില്‍ വച്ച് ഒരു മോതിരമാറ്റം
ഷാജി കൈലാസും ആനിയും തമ്മില്‍ മതപരമായും പ്രായത്തിലും നല്ല അന്തരമുണ്ട്. ഒരു പ്രോഗ്രാമിന്റെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വച്ച് പരിചയപ്പെടുകയും മനസ്സു തുറന്ന് സംസാരിക്കുകയും ചെയ്ത അവര്‍ തമ്മില്‍ അടുത്തത് വളരെ പെട്ടെന്നായിരുന്നു. ഒരു ഫ്‌ളൈറ്റ് യാത്രയ്ക്കിടയില്‍ പരസ്പരം മോതിരം മാറ്റം നടത്തിയ കഥയും പറഞ്ഞു കേട്ടിട്ടുണ്ട്. കാത്തിരുന്നാല്‍ അത് ശാശ്വതമായ ഒരു ബന്ധത്തിലേക്ക് എത്തില്ലെന്ന ബോധ്യം മൂലം വീട്ടുകാരുടെ സമ്മതത്തിന് കാത്തു നില്‍ക്കാതെ അവര്‍ റജിസ്റ്റര്‍ വിവാഹം കഴിച്ചു. സുഹൃത്തുക്കളായ രഞ്ജി പണിക്കരെയും സുരേഷ് ഗോപിയെയും സാക്ഷികളാക്കി ആയിരുന്നു വിവാഹം. ശ്രുതിഭംഗം വരാത്ത സംഗീതം പോലെ അവരുടെ ദാമ്പത്യം നിലനില്‍ക്കുന്നു. ആനിയുടെ മുഖത്തെ ആ നിഷ്‌കളങ്കമായ ചിരി ഇന്നും മാഞ്ഞിട്ടില്ല. ഷാജി അതിന് ഒരിക്കലും ഇടവരുത്തിയിട്ടുമില്ല.

ഇതേ ചിരി സുഹൃത്തായ ചിപ്പിയുടെ മുഖത്തുമുണ്ട്. നായിക എന്ന നിലയില്‍ ചിപ്പി പല ഭാഷകളില്‍ കത്തി നില്‍ക്കുന്ന കാലത്താണ് അന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന രഞ്ജിത്തുമായി അടുക്കുന്നത്. രഞ്ജിത്തിന്റെ സ്‌നേഹവും കരുതലും പരിഗണനയും നിറഞ്ഞ പ്രകൃതമാണ് ചിപ്പിയെ ആകര്‍ഷിച്ചതെന്ന് പിന്നീട് ചില അഭിമുഖങ്ങളില്‍ അവര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ജാതീയമായ അന്തരങ്ങള്‍ പോലും കണക്കാക്കാതെ അവര്‍ വിവാഹിതരായപ്പോള്‍ കുടുംബാംഗങ്ങള്‍ക്കും അതിനൊപ്പം നില്‍ക്കേണ്ടി വന്നു. കാലാന്തരത്തില്‍ ചിപ്പി അഭിനയം നിര്‍ത്തി വീട്ടമ്മയായി ഒതുങ്ങിക്കൂടിയപ്പോള്‍ രഞ്ജിത്ത് മലയാളത്തിലെ മുന്‍നിര നിർമാതാക്കളില്‍ ഒരാളായി വളര്‍ന്നു. അഭിനയം ഇപ്പോഴും ചിപ്പിയെ മോഹിപ്പിക്കുന്നു എന്ന് തോന്നിയ നിമിഷം രഞ്ജിത്ത് വീണ്ടും ക്യാമറയ്ക്ക് മുൻപിലേക്ക് വരാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ തങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസ് നിർമിക്കുന്ന ടിവി സീരിയലുകളില്‍ മാത്രം മതി അഭിനയമെന്ന് ചിപ്പി തീരുമാനമെടുത്തു. കണ്ടുമുട്ടിയ നാളുകളിലെ അതേ പ്രണയവായ്‌പ്പോടെ ഇന്നും ഇടപെഴകുന്ന ദമ്പതികളെ പൊതുചടങ്ങുകളില്‍ പോലും കാണാം. സിനിമയിലെ പ്രണയത്തിനും ദാമ്പത്യത്തിനും എന്നും മികച്ച മാതൃകയാണ് ചിപ്പിയും രഞ്ജിത്തും.

സമാനമായ തലത്തില്‍ നില്‍ക്കുന്നവരാണ് നടി മേനകയും നിർമാതാവ് സുരേഷ്‌കുമാറും. തമിഴ്നാട്ടുകാരിയായ മേനക മലയാളിയായ സുരേഷിനെ പ്രണയിച്ചപ്പോള്‍ ഈ ബന്ധത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് ആശങ്കപ്പെട്ടവര്‍ ഏറെ. എന്നാല്‍ അവര്‍ രണ്ടുപേര്‍ക്കും അക്കാര്യത്തില്‍ ഒട്ടും സംശയമുണ്ടായിരുന്നില്ല. അത്രകണ്ട് സുദൃഢമായിരുന്നു ആ ബന്ധം. പതിറ്റാണ്ടുകള്‍ കടന്നു പോയി. രണ്ട് പെണ്‍മക്കള്‍ വിവാഹിതരായിട്ടും മാതാപിതാക്കളുടെ പരസ്പര സ്‌നേഹവും ധാരണയും അവര്‍ക്കും മറ്റുളളവര്‍ക്കും പ്രചോദനമായി നില്‍ക്കുന്നു. ഈ ബന്ധങ്ങളുടെ എല്ലാം അടിസ്ഥാന കാരണം ലളിതമാണ്. പെട്ടെന്നുണ്ടായ കേവല ആകര്‍ഷണമായിരുന്നില്ല ഇവര്‍ക്ക് പ്രണയം. പരസ്പരം ആഴത്തിലുളള തിരിച്ചറിവും ആത്മബന്ധവുമായിരുന്നു. അതുകൊണ്ട് തന്നെ കാലത്തിന് ആ അടുപ്പത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
സിനിമയിലെ പ്രണയം ജീവിതത്തിലേക്കും
‘മഴ’, ‘മധുരനൊമ്പരക്കാറ്റ്’, ‘മേഘമല്‍ഹാര്‍’ എന്നിങ്ങനെ പല പ്രണയചിത്രങ്ങളിലും ബിജു മേനോന്റെ നായികയായിരുന്നു സംയുക്ത വര്‍മ. ഇരുവരും ഒരേ നാട്ടുകാര്‍. ആ പരിചയവും ബന്ധവും പ്രണയത്തിന് വഴിമാറിയത് സ്വാഭാവികമായിരിക്കാം. ഏതായാലും അധികം വിവാദങ്ങള്‍ക്ക് ഇടനല്‍കാതെ വളരെ വേഗം അവര്‍ വിവാഹിതരായി. കുടുംബിനിയായ ശേഷം അഭിനയരംഗത്തു നിന്നും മാറി നിന്ന സംയുക്ത പിന്നീട് ചില പരസ്യചിത്രങ്ങളില്‍ മുഖം കാണിച്ചു. അവരുടെ യോഗാ വിഡിയോകളും വൈറലായിരുന്നു. കാലത്തിന് മായ്ക്കാന്‍ കഴിയാത്ത തീവ്രതയോടെ നിലനില്‍ക്കുന്ന പ്രണയമാണ് സംയുക്തയുടെയും ബിജുവിന്റേതും. സിനിമാ ദമ്പതികള്‍ക്കിടയില്‍ പതിവുളള അപസ്വരങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ബന്ധം.

ഒരുപാട് പ്രണയങ്ങളിലുടെ കടന്നു പോയി ഒടുവില്‍ തന്റെ യഥാര്‍ത്ഥ കാമുകനെ കണ്ടെത്തിയ അഭിനേത്രിയാണ് നയന്‍താര. നടന്‍മാരായ ചിമ്പുവും പ്രഭുദേവയും തന്നോട് കാണിച്ച ആകര്‍ഷണത്തെ പ്രണയമെന്ന് തെറ്റിദ്ധരിച്ച അവര്‍ പിന്നീട് ആ ബന്ധങ്ങളുടെ പൊളളത്തരം തിരിച്ചറിഞ്ഞ് പിന്‍മാറി. എന്നാല്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് കണ്ടുമുട്ടിയ വിഷ്‌നേഷ് ശിവയുടെ നിഷ്‌കളങ്കവും നിര്‍വ്യാജവുമായ സ്‌നേഹം അവരുടെ മനസ്സിലുടക്കി. ആ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും അവര്‍ പരസ്പരം ഗാഢമായി മനസ്സിലാക്കി കഴിഞ്ഞിരുന്നു. ആത്മാര്‍ത്ഥതയുളള ഒരു സ്ത്രീയാണ് നയന്‍താരയെന്ന് അടുപ്പമുളളവര്‍ക്ക് എല്ലാം അറിയാം. അതേ ആത്മാർഥതയാണ് നയന്‍സ് വിഘ്‌നേഷില്‍ കണ്ട ഗുണം. ഒരേ തരംഗദൈര്‍ഘ്യമുളളര്‍ തമ്മിലുളള കൂടിച്ചേരലായിരുന്നു അവരെ സംബന്ധിച്ച് പ്രണയം. ജാതിമതങ്ങളും പ്രാദേശികവും സാമ്പത്തികവും പദവിപരമായ അന്തരങ്ങളുമൊന്നും ആ പ്രണയത്തില്‍ തടസ്സമായില്ല. അവര്‍ പിന്നീട് വിവാഹിതരാവുകയും ആ ബന്ധം സുദൃഢമായി തുടരുകയും ചെയ്യുന്നു.
തലമുറകള്‍ ആവര്‍ത്തിച്ച പ്രണയം
ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ വിധ പിന്തുണയുമായി ഒപ്പം നിന്ന നടന്‍ സുകുമാരനെ മല്ലിക പ്രണയിച്ചു പോയത് സ്വാഭാവികം. സുകുമാരനും അതേ ഇഷ്ടം മല്ലികയോടുണ്ടായിരുന്നു. മല്ലികയുടേത് രണ്ടാം വിവാഹമാണെന്നതോ അവര്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന നടിയായിരുന്നെന്നോ അന്ന് നായകനിരയില്‍ കത്തിജ്വലിച്ചു നിന്ന സുകുമാരന്‍ നോക്കിയില്ല. സ്‌നേഹത്തിന് വലിപ്പചെറുപ്പം ബാധകമല്ലല്ലോ? ഉപാധികളില്ലാത്ത സ്‌നേഹമായിരുന്നു അവരുടേത്. ഒന്നും മോഹിക്കാതെ സുകുമാരന്‍ മല്ലികയെ വിവാഹം കഴിച്ചു. താന്‍ സമ്പാദിച്ചതില്‍ നിന്ന് നയാപൈസ അനാവശ്യമായി കളയാതെ അദ്ദേഹം മല്ലികയുടെ ഭാവി സുരക്ഷിതമാക്കാനായി സൂക്ഷിച്ചു വച്ചു. ജീവിതത്തിന്റെ പാതിവഴിയില്‍ വച്ച് പ്രണയാതുരമായ ആ ഹൃദയം നിലച്ചപ്പോഴും മല്ലിക പതറിയില്ല. സുകുവേട്ടനെക്കുറിച്ചുളള നിറമുളള ഓര്‍മകളുമായി അവര്‍ പതിറ്റാണ്ടുകള്‍ ജീവിച്ചു. രണ്ട് ആണ്‍മക്കളെ നല്ല നിലയില്‍ വളര്‍ത്തി. ഇന്ന് രണ്ടുപേരും മാതാപിതാക്കളുടെ വഴി പിന്തുടര്‍ന്ന് പ്രണയിച്ച് വിവാഹം കഴിച്ചു. പാകത വന്ന പ്രണയമായിരുന്നു ഇരുവരുടേതും.

വലിയ നായികയൊന്നുമായിരുന്നില്ലെങ്കിലും നല്ല കുടുംബിനിയാകാന്‍ കഴിയുന്ന സ്‌നേഹമസൃണമായ ഒരു ഹൃദയത്തിന് ഉടമയായ പൂര്‍ണിമ, ഇന്ദ്രജിത്തിന്റെ നല്ല കണ്ടെത്തലായിരുന്നു. പൃഥ്വിരാജാകട്ടെ സിനിമയ്ക്കു പുറത്തു നിന്നാണ് തന്റെ പങ്കാളിയെ കണ്ടെത്തിയത്. ഉപരിപ്ലവമായി ചിന്തിക്കുന്ന സ്ത്രീകളെ ഉള്‍ക്കൊളളാന്‍ രാജുവിന്റെ ഉള്‍ക്കാമ്പുളള മനസ്സിന് കഴിയുമായിരുന്നില്ല. ബിബിസിയില്‍ ജേണലിസ്റ്റായ സുപ്രിയാ മേനോന്‍ ആഴമേറിയ തിരിച്ചറിവുകളും കാര്യപ്രാപ്തിയും പക്വതയുമുളള പെണ്‍കുട്ടിയായിരുന്നു. പൃഥ്വിരാജ് ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന്. ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ഒരു ദിവസം അദ്ദേഹം തന്റെ ജീവിതസഖിയുടെ പേര് വെളിപ്പെടുത്തി. ആ കുട്ടി എത്ര കണ്ട് നല്ല പങ്കാളിയായിരുന്നുവെന്ന് അനുദിനം കാലം ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഇന്ന് രാജുവിന് തോളോടു തോള്‍ ചേര്‍ന്നു നിന്ന് സിനിമയുടെ നിർമാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുകൊളളുന്നു സുപ്രിയ. മലയാളത്തിലെ മികച്ച നിര്‍മാതാക്കളുടെ മുന്‍നിരയിലാണ് സുപ്രിയയുടെ സ്ഥാനം. പരസ്പരം ഗാഢമായ പ്രണയം നിലനില്‍ക്കുമ്പോഴും പൃഥ്വിരാജിന്റെ ഭാര്യ എന്ന മേല്‍വിലാസത്തിനപ്പുറം സുപ്രിയ മേനോന്‍ എന്ന നിലയില്‍ തനതു വ്യക്തിത്വം നിലനിര്‍ത്തുന്നു അവര്‍.
ആരാധന പ്രണയത്തിന് വഴിമാറിയപ്പോള്‍
മോഹന്‍ലാലും സുചിത്രയും തമ്മില്‍ പ്രണയിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ പ്രേമിച്ച് നടക്കാന്‍ സമയമില്ലാത്ത വിധം തിരക്കുകളിലായിരുന്നു അന്ന് ലാല്‍. സിനിമകളില്‍ ലാലിന്റെ അസാമാന്യ പ്രകടനം കണ്ട് അദ്ദേഹത്തിന്റെ കടുത്ത ആരാധികയായി മാറിയ സുചിക്ക് അങ്ങോട്ട് പ്രണയം തോന്നുകയായിരുന്നു. പിന്നീട് യാദൃച്ഛികമായി ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് ലാലിനെ നേരില്‍ കാണാനിടയായ സുചി താരപരിവേഷമില്ലാത്ത അദ്ദേഹത്തിന്റെ സമീപനം കണ്ട് അമ്പരന്നു. ഒരു വിവാഹം ഉണ്ടെങ്കില്‍ അത് ലാലുമായി മാത്രം എന്ന തീരുമാനം എടുത്തതോടെ വീട്ടുകാരും പച്ചക്കൊടി വീശി. സുചിയും ലാലും നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും അതേ ആത്മബന്ധം നിലനിര്‍ത്തുന്നു. അപസ്വരങ്ങളില്ലാത്ത അപൂര്‍വം ദാമ്പത്യങ്ങളില്‍ ഒന്നാണ് അവരുടേത്.

കന്നട നിർമാതാവ് നവീനും ഭാവനയും തമ്മില്‍ അടുത്തത് ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്. കേവല കൗതുകത്തിനപ്പുറം വളരെ ആത്മാർഥതയുള്ള മനുഷ്യനാണ് നവീന്‍ എന്ന് ഭാവന വളരെ വേഗം തിരിച്ചറിഞ്ഞു. അത്രമേല്‍ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ മറ്റൊരാള്‍ക്കും കഴിയില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഭാവന അയാളുടെ പ്രണയം സ്വീകരിച്ചത്. പ്രതിസന്ധികൾ പലതും നേരിടേണ്ടി വന്നെങ്കിലും പരസ്പരം തുണയായി ഇരുവരും ഉലയാതെ നിന്നു. സ്‌നേഹം എന്നത് വെറും ആകര്‍ഷണമല്ലെന്നും അത് ഉളളില്‍ തട്ടിയ ആഴമേറിയ അനുഭവമാണെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ ദമ്പതികളാണ് നവീനും ഭാവനയും.
ഉള്ളില്‍ തട്ടിയ പ്രണയം
സിനിമയിലെ ഏറ്റവും മികച്ച ദമ്പതികള്‍ ആരെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല മറുപടികളുണ്ടാകാം. എല്ലാം ആപേക്ഷികമാണ്. താരതമ്യങ്ങളില്‍ അര്‍ത്ഥമില്ലെന്നും പറയാം. എന്നാല്‍ സൂര്യയും ജ്യോതികയും തമ്മിലുളള പ്രണയത്തിന് സമാനതകളില്ല. ജോ എന്ന് പ്രണയപൂര്‍വം ആദ്യം വിളിച്ച അതേ വികാരവായ്‌പോടെയാണ് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും സൂര്യ അവരെ വിളിക്കുന്നത്. വിളിയില്‍ മാത്രമല്ല പരസ്പരമുളള മനോഭാവത്തിലും ഹൃദയത്തില്‍ തൊട്ട ആ സ്‌നേഹമുണ്ട്. ജോ ഇല്ലാതെ സൂര്യയും സൂര്യ ഇല്ലാതെ ജോയും പൂര്‍ണമാവില്ല എന്ന് ആർക്കും അനുഭവിച്ചറിയാന്‍ പാകത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും തിളങ്ങുന്ന പ്രണയത്തിന്റെ പാരമ്യതയാണ് അവരുടെ ബന്ധം.

കുഞ്ചാക്കോ ബോബനും ജയസൂര്യയും ടൊവീനോയും ജോജുവും അടക്കം പല നായകനടന്‍മാരും പ്രണയിച്ച് വിവാഹം കഴിക്കുകയും ആ പ്രണയതീവ്രത നഷ്ടപ്പെടാതെ ഇന്നും നല്ല ദാമ്പത്യം നയിക്കുകയും ചെയ്യുന്നുണ്ട് . ഒരു മുസ്ലിം പെണ്‍കുട്ടിയെ സ്‌നേഹിച്ച് വിവാഹം ചെയ്ത ജോജുവിന്റെ ജീവിതത്തില്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ പോലും തടസ്സമായില്ല.
ഫഹദും നസ്രിയയും തമ്മിലുളള പ്രണയവും ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. അവര്‍ തമ്മില്‍ വലിയ പ്രായവ്യത്യാസവുമുണ്ടായിരുന്നു. ഒരു സിനിമാ സെറ്റില്‍ വച്ച് സംഭവിച്ച നൈമിഷ പ്രണയം വളരുകയും അതിന് വീട്ടുകാരുടെ അംഗീകാരം ലഭിക്കുക കൂടി ചെയ്തപ്പോഴും പിന്നീട് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ആ പരസ്പര ധാരണ വിടാതെ കൊണ്ടു നടക്കുകയും ചെയ്ത ഫഹദ് തന്റെ പ്രിയതമയെക്കുറിച്ച് ആദ്യം പറഞ്ഞ കമന്റ ് ഇന്നും ശ്രദ്ധേയം, 'നസ്രിയ...അവള്‍ ഒരു മാജിക്കാണ്..'!

നസ്രിയയുടെ കലാപരമായ കഴിവുകള്‍ക്ക് ഒരിക്കലും വിലങ്ങു തടിയായില്ല ഫഹദ്. നല്ല കഥാപാത്രങ്ങള്‍ വന്നപ്പോഴൊക്കെ നസ്രിയ അഭിനയിച്ചു. ഫഹദിനൊപ്പം മാത്രമല്ല മറ്റ് നായകന്‍മാര്‍ക്കൊപ്പവും! എല്ലാം വിജയചിത്രങ്ങള്‍. ഫഹദും പാന്‍ ഇന്ത്യന്‍ താരമായി വിവാഹശേഷം വളര്‍ന്നു. പ്രണയം സര്‍ഗാത്മകമായ കഴിവുകളെ പ്രോജ്ജ്വലിപ്പിക്കുന്ന എനര്‍ജി ബൂസ്റ്ററാണെന്ന് പറഞ്ഞത് സിഗ്മണ്ട് ഫ്രോയിഡാണെങ്കില്‍ അനുഭവം കൊണ്ട് അത് നമ്മെ ബോധ്യപ്പെടുത്തിയത് ഈ മാജിക്കല്‍ ദമ്പതികളാണ്. ജീവിതത്തിലെ ഓരോ ദിനങ്ങളും വാലന്റൈന്‍സ് ഡേയാക്കി മാറ്റിയവര്‍.
നടി ചാന്ദ്‌നിയും നടന്‍ ഷാജു ശ്രീധറും തമ്മില്‍ പ്രണയിച്ചപ്പോള്‍ ആറുമാസം തികയില്ലെന്ന് പ്രവചിച്ചവരുണ്ട്. പതിവ് സിനിമാ പ്രണയങ്ങളിലെ അനിശ്ചിതത്വമാവാം അങ്ങനെ ചിന്തിക്കാന്‍ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചത്. എന്നാല്‍ കാല്‍നൂറ്റാണ്ട് പിന്നിട്ട ശേഷവും പ്രണയമധുരിമ നഷ്ടപ്പെടാത്ത സ്‌നേഹമിഥുനങ്ങളായി അവര്‍ വിരാജിക്കുന്നു. നടന്‍ കൃഷ്ണകുമാര്‍ പ്രണയിച്ചത് സ്‌ക്രീനിലെ നായികയെ അല്ല, ജീവിതത്തില്‍ നിന്നും കണ്ടെടുത്ത ഒരു പെണ്‍കുട്ടിയെയാണ്. ഷാജുവിന്റെ കാര്യത്തിലെന്ന പോലെ കൃഷ്ണകുമാറിന്റെ ജീവിതത്തിലും പലരും കണ്ട തടസ്സം വ്യത്യസ്ത ജാതിയില്‍പ്പെട്ടവര്‍ എന്നതായിരുന്നു. കിച്ചുവും സിന്ധുവും തമ്മില്‍ സാമ്പത്തികമായും വലിയ അന്തരമുണ്ടായിരുന്നു വിവാഹം നടക്കുന്ന കാലത്ത്. എന്നാല്‍ ഇതൊന്നും അവരുടെ ദാമ്പത്യത്തെ ബാധിച്ചില്ല.
കലാഭവന്‍ നവാസ് രഹനയെ തന്റെ പങ്കാളിയാക്കുന്നത് സിനിമയില്‍ വച്ചുണ്ടായ പരിചയത്തില്‍ നിന്നാണ്. ഒരേ വിഭാഗത്തില്‍ പെട്ടവര്‍ എന്നതായിരുന്നു തുടക്കത്തില്‍ അവര്‍ തമ്മിലുളള സമാനതയായി പലരും കണ്ടത്. എന്നാല്‍ അതിലുപരി ചേര്‍ച്ചയുളള മനസുകളായിരുന്നു തങ്ങളുടേതെന്ന് ദീര്‍ഘകാലം പിന്നിട്ട വിജയകരമായ ദാമ്പത്യം കൊണ്ട് അവര്‍ തെളിയിച്ചു കഴിഞ്ഞു. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് ചേക്കേറിയ നായിക നടി മഞ്ജിമ, നടന്‍ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതമിന്റെ കണ്ണിലുടക്കിയത് വളരെ പെട്ടെന്നായിരുന്നു. ഏറെക്കാലം നീണ്ടുനിന്ന പ്രണയത്തിനു ശേഷം വീട്ടുകാരുടെ അംഗീകാരത്തോടെ ഇരുവരും വിവാഹിതരായി.
ബാച്ചിലേഴ്‌സ് ലവ്
ബാഹുബലിയിലുടെ ആഗോളശ്രദ്ധ പിടിച്ചു പറ്റിയ പ്രഭാസിന് ചുറ്റും പ്രണയം കലര്‍ന്ന ആരാധനയുമായി വട്ടമിട്ടു പറന്ന പതിനായിരങ്ങളുണ്ട്. എന്നാല്‍ ഒരു പെണ്‍കുട്ടിയും അദ്ദേഹത്തിന്റെ മനസ്സിലുടക്കിയതായി പ്രഭാസ് തുറന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ നടി അനുഷ്‌കയും പ്രഭാസും തമ്മില്‍ മാനസികമായി അടുപ്പത്തിലാണെന്നും വീട്ടുകാരുടെ പച്ചക്കൊടി ലഭിക്കാത്തതിനാലാണ് ആ ബന്ധം യാഥാർഥ്യമാകാത്തതെന്നും പലരും പ്രചരിപ്പിക്കുന്നു. നാല്‍പ്പതുകളിലെത്തിയിട്ടും ഇരുവരും വിവാഹിതരായിട്ടില്ല എന്നതും മറ്റൊരു കൗതുകം.
ഒരു കാലത്ത് നയന്‍താരയുടെ പേരുമായി ചേര്‍ത്തുവച്ച് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്ന നടന്‍ ചിമ്പുവിന്റെ പേര് പിന്നീട് പലരുമായി ചേര്‍ത്തും പ്രത്യക്ഷപ്പെട്ടെങ്കിലും ഒരു പ്രണയവും സഫലമായില്ല. ഇന്നും അവിവാഹിതനായി തുടരുകയാണ് ചിമ്പു.
യുവാക്കള്‍ക്കിടയില്‍ തരംഗമായ ഉണ്ണി മുകുന്ദന്‍ പുരുഷസൗന്ദര്യത്തിന്റെ മികച്ച പ്രതീകമെന്ന നിലയില്‍ വളരെക്കാലം മുൻപെ നിരവധി പെണ്‍കുട്ടികളുടെ മനസ്സില്‍ സ്ഥാനം നേടിയ നടനാണ്. എന്നാല്‍ ആരാധനയ്ക്കും പ്രണയങ്ങള്‍ക്കുമൊന്നും പിടിതരാതെ തന്റെ കരിയറിനെ പ്രണയിക്കുന്ന ഉണ്ണിയെയാണ് നാം കണ്ടത്. നാല്‍പ്പതുകളോട് അടുത്തിട്ടും ഉണ്ണിയിലെ കാമുകനെ സ്വന്തമാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സമീപകാലത്ത് ഒരു അഭിമുഖത്തില്‍ ഇനിയൊരു വിവാഹാം ആകാം എന്ന മട്ടില്‍ ഉണ്ണി തുറന്ന് പറഞ്ഞതോടെ ആരായിരിക്കും ആ പ്രണയിനി എന്ന അന്വേഷണത്തിന് ആക്കം കൂടിയിരിക്കുകയാണ്.
ഐശ്വര്യാ റായ് , കത്രീനാ കൈഫ് അടക്കമുളള വിശ്വോത്തര സുന്ദരികളുമായി ചേര്‍ത്ത് ഒരു കാലത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന സല്‍മാന്‍ ഇന്നും ദാമ്പത്യത്തിന്റെ ഉപാധികളില്ലാത്ത നിത്യകാമുകനായി തുടരുകയാണ്. വിവാഹം കഴിച്ചാലും ഇല്ലെങ്കിലും പ്രണയം മനുഷ്യമനസുകളില്‍ നിന്ന് ഒരു നാളും ചോര്‍ന്നു പോകുന്നില്ല. ഹൈപ്പര്‍ സെന്‍സിറ്റീവായ കലാകാരന്‍മാരെ സംബന്ധിച്ച് സാധാരണ മനുഷ്യരെ അപേക്ഷിച്ച് പ്രണയതീവ്രത ഇത്തിരി കൂടുമെന്ന് വേണമെങ്കില്‍ പറയാം. സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പ്രണയത്തിന് പുത്തന്‍ നിര്‍വചനങ്ങളും ഭാഷ്യങ്ങളും നല്‍കി അവര്‍ നമ്മെ അമ്പരപ്പിച്ചു കൊണ്ടേയിരിക്കുന്നു. എന്നും...!