ADVERTISEMENT

കോവിഡിനു മുൻപു വരെ വരുന്ന സിനിമകൾ ചെയ്യുക എന്നതായിരുന്നു എന്റെ രീതി. തുടക്കത്തിൽ നീലത്താമര ചെയ്യുമ്പോഴൊക്കെ സിനിമയിലേക്ക് ആവേശപൂർവം കയറണം എന്നൊന്നും ഇല്ലായിരുന്നു. ഇന്ന് അതല്ല മാനസികാവസ്ഥ. ഇന്നെനിക്കു സിനിമകൾ ചെയ്തേ പറ്റൂ. 54 വയസ്സായി. കാക്കനാട് വാടക വീടെടുത്ത് താമസിക്കുകയാണ്. ജീവിതത്തിന്റെ യൗവനകാലത്തൊക്കെ വരേണ്ട സ്ട്രഗിൾ ഇപ്പോഴാണ് അനുഭവിക്കുന്നത്. ഷുഗറൊക്കെ കട്ട് ചെയ്തു. ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നു. ഭാരം കുറച്ചു. അമ്മയാകണമെങ്കിലും നിങ്ങൾ അതിലും വ്യത്യസ്തയാകണം ’’– തലസ്ഥാനത്തെ ജീവിതം കൊച്ചിയിലേക്ക് പറിച്ചു നട്ടതിന്റെ കഥ പറഞ്ഞ് മാലാ പാർവതി തുടങ്ങി.

പതിവായി വരുന്ന കഥാപാത്രങ്ങളുടെ ഒരു ട്രാക്കുണ്ട് മാലാ പാർവതിക്ക്. അതൊരു അമ്മയോ ഡോക്ടറോ ആകാം. ഷോർട്ട് ഫിലിം ആയാലും അഭിനയിക്കുക എന്നതാണ് മാലയുടെ രീതി. മീഡിയമല്ല അഭിനയമാണ് പ്രധാനം. ‘‘ അമ്മയോ ഡോക്ടറോ എന്തുമാകട്ടെ. സ്റ്റീരിയോടൈപ്പ് എന്നു കരുതുന്ന ക്യാരക്ടറിൽ എന്തു മാറ്റം വരുത്താം എന്നു ഞാൻ ആലോചിക്കാറുണ്ട്. കെട്ട്യോളാണ് മാലാഖ, വിശേഷം, ഓസ്‌ലർ, ടീച്ചർ എന്നീ ചിത്രങ്ങളിൽ ഞാൻ ഡോക്ടറാണ്. ഇൗ നാലു ഡോക്ടർമാരെയും ഒന്നിനൊന്നു വ്യത്യസ്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇതെപ്പോഴും സാധിക്കണമെന്നുമില്ല. മുറയിലെ രമച്ചേച്ചി മുൻവിധികളെ വെല്ലുവിളിക്കുന്ന വേഷമാണ്. അതിന്റെ തിരക്കഥയൊക്കെ നേരത്തെ കിട്ടിയതു കൊണ്ട് കഥാപാത്രത്തെ പഠിക്കാനായി. ഭീഷ്മപർവത്തിലെ മോളിയും വലിയ ശ്രദ്ധ നേടിത്തന്നു. ഡോക്ടറാകുമ്പോൾ അമ്മയെ റഫറൻസാക്കാറുണ്ടോയെന്ന് പലരും ചോദിക്കാറുണ്ട് (പാർവതിയുടെ അമ്മ ഡോ.കെ.ലളിത തിരുവനന്തപുരത്തെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റായിരുന്നു). ടേക്ക് ഓഫിലെ ക്യാരക്ടർ ചെയ്യുമ്പോൾ എനിക്കും അമ്മയുടെ നിഴൽ അതിലുണ്ട് എന്ന് തോന്നി. അമ്മയ്ക്ക് സിനിമയും നാടകവും തമ്മിലൊന്നും വലിയ വ്യത്യാസമൊന്നുമില്ല. നാടകമൊക്കെ ചെയ്യുന്ന കാലത്ത് രാത്രി ഓടിപ്പിടിച്ചു വരുമ്പോൾ ഇവളെന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത് എന്ന മനോഭാവമായിരുന്നു അമ്മയ്ക്ക്. ജീവിക്കാൻ വേണ്ടി ഇത്രയും കഷ്ടപ്പെടണോ എന്നായിരിക്കും അമ്മ ആലോചിച്ചിരുന്നത്.

maala-parvathy-33564

തമിഴിൽ തുടങ്ങിയ അന്യഭാഷാ യാത്രകളിൽ ബോളിവുഡും തെലുങ്കുമെല്ലാം അവസരങ്ങൾ തന്നതിന്റെ ആഹ്ലാദം പാർവതിക്കുണ്ട്. ആദ്യം ചെയ്ത തമിഴ് സിനിമ റിലീസായില്ല. 8 വർഷം ശിവകാശിയിലെ പടക്കശാലകളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ച് സംവിധായകൻ അയ്യപ്പൻ ഒരുക്കിയ ‘നിലം നീർ കാട്ര് ’ ആയിരുന്നു ആദ്യ ചിത്രം. സിനിമ പുറത്തിറങ്ങിയില്ല. സംവിധായകനും മരിച്ചു.

‘ഇത് എന്ന മായം’ എന്ന കീർത്തി സുരേഷിന്റെ ആദ്യ തമിഴ് ചിത്രത്തിൽ കീർത്തിയുടെ അമ്മയായി അഭിനയിച്ചു. ബോളിവുഡിൽ തപ്്സി പന്നു നായികയായ ഗെയിം ഓവർ ആണ് കൂടുതൽ അംഗീകാരം നേടിത്തന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തപ്പോൾ വലിയ പ്രശംസ നേടി. വിക്രം നായകനായ തമിഴ് ചിത്രം വീരധീരശൂരൻ ആണ് ഇനി റിലീസ് ചെയ്യാനുള്ളത്.

maala-parvathy-3442

ഹേമ കമ്മിറ്റിക്കു മുൻപാകെ കൊടുത്ത മൊഴികളുടെ പേരിൽ തനിക്കു നേരിടേണ്ടി വരുന്നത് ദുരനുഭവങ്ങളാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പാർവതി ഇന്നും ‘‘ ഞാൻ മൊഴി നൽകിയത് ഒരു സിസ്റ്റം ശരിയാകാനാണ്. എന്റെ അനുഭവങ്ങളും മറ്റുള്ളവർ എന്നോടു പങ്കുവച്ച കാര്യങ്ങളും ഞാൻ കമ്മിറ്റിയോടു പറഞ്ഞു. അതിന്റെ പേരിൽ അവരെ പൊലീസ് വിളിച്ചിട്ട് പാർവതിയുടെ മൊഴി അനുസരിച്ച് എന്നു പറയുമ്പോൾ അത് എത്ര വലിയ മാനസികാഘാതമാകും എന്നാലോചിക്കൂ. ഞാൻ മൊഴി നൽകിയത് ഒരു കമ്മിറ്റി മുൻപാകെയാണ്. കമ്മിഷനു മുന്നിലല്ല. എനിക്കു നല്ല പരിചയമുള്ള ഒരു പ്രൊഡക്‌ഷൻ കൺട്രോളറുണ്ട്. അത്രയും സുരക്ഷിതമാണ് അദ്ദേഹത്തിന്റെ സെറ്റ്. ഞാൻ ഒരു സെറ്റിൽ എനിക്കു നേരിട്ട ദുരനുഭവം പറഞ്ഞപ്പോൾ പൊലീസ് ആ കൺട്രോളറെ വിളിപ്പിച്ചു. അദ്ദേഹം ഞെട്ടിപ്പോയി. എന്റെ മൊഴിയാണ് വിളിക്കാൻ കാരണമെന്നല്ലേ പൊലീസ് പറയുന്നത്. സിനിമ എത്ര സുരക്ഷിതമാണെന്നു പലരും ചോദിക്കാറുണ്ട്. ഓരോ സിനിമാ സെറ്റും ഓരോ വീടു പോലെയാണ്. കൺട്രോളർമാരുടെ രീതിയാണ് ആ സെറ്റിന്റെ സ്വഭാവം നിശ്ചയിക്കുന്നത്. ചെറിയ ആർട്ടിസ്റ്റുകളാണെങ്കിലും അവർക്കു വേഷം മാറാനും ബാത്ത്റൂമിൽ പോകാനും കാരവൻ തരുന്ന ചില സെറ്റുകളുണ്ട്. ചിലയിടത്ത് ഒന്നുമുണ്ടാകില്ല. എങ്കിലും ഗുണപരമായ ഒരു മാറ്റം സെറ്റുകളിലുണ്ട്.

maala-parvathy-3344

ആക്ടിവിസ്റ്റ് പ്രതിഛായ തനിക്കു ഗുണത്തേക്കാളേറെ ദോഷം ചെയ്തുവെന്നാണ് പാർവതിയുടെ നിരീക്ഷണം.‘‘ സത്യത്തിൽ ശരിയായ ആക്ടിവിസ്റ്റുകളുടെ പ്രവർത്തനം നോക്കുമ്പോൾ എനിക്കെങ്ങനെ അത്തരമൊരു പേരു വന്നുവെന്നു ഞാൻ അദ്ഭുതപ്പെടാറുണ്ട്. അജിതയും ദേവികയുമൊക്കെ എത്രയോ ഉയരത്തിൽ നിൽക്കുന്ന ആക്ടിവിസ്റ്റുകളാണ്. ഞാൻ എന്തു ചെയ്തിട്ടാണ് എന്നെ അങ്ങനെ വിളിക്കുന്നത്. 2005ൽ തിരുവനന്തപുരം നഗരം രാത്രിയിൽ സ്ത്രീകൾക്കു എത്രമാത്രം സുരക്ഷിതമാണെന്നറിയാൻ മലയാള മനോരമ നടത്തിയ ഒരു ശ്രമത്തിൽ ഞാൻ പങ്കാളിയായി. രാത്രിയിൽ നഗരത്തിലെ പല ഇരുളിടങ്ങളിലൂടെയുള്ള യാത്രയായിരുന്നു അത്. ആ സംഭവം എനിക്ക് ആക്ടിവിസ്റ്റ് എന്ന പ്രതിഛായ നൽകുകയായിരുന്നു. ശബരിമല വിഷയത്തിലൊക്കെ എന്റെ പ്രതികരണമെന്ന പേരിലുള്ള കാർഡുകൾ സോഷ്യൽ മീഡിയയിൽ ഞാൻ കണ്ടിട്ടുണ്ട്. ഞാൻ പറയാത്ത കാര്യങ്ങളായിരുന്നു അത്.’’

maala-parvathy-334

വിവരവും വിദ്യാഭ്യാസവുമൊക്കെയുള്ളയാളാണല്ലോ, എന്നിട്ടും പാർവതിയെ വെർച്വൽ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞ് വിളിച്ചപ്പോൾ അതിൽ വീണുപോയതെങ്ങനെയാണെന്ന് പലരും ചോദിക്കാറുണ്ട്. ‘‘ വെർച്വൽ അറസ്റ്റ് എന്നു പറഞ്ഞ് വിളിച്ചപ്പോൾ ഞാൻ സംശയത്തോടെ തന്നെയാണ് കണ്ടത്. എന്നാൽ അവിടെ ഒരു പൊലീസ് സ്റ്റേഷനു സമാനമായ എല്ലാ അന്തരീക്ഷവും പശ്ചാത്തലത്തിലുണ്ടായിരുന്നു. എന്നോടു വളരെ മാന്യമായാണ് അവർ പെരുമാറിയത്. തിരക്കാണെങ്കിൽ പിന്നെ വിളിക്കാം. ഇതാണ് ഞങ്ങളുടെ നമ്പർ. വിളിച്ചാൽ മതി എന്നൊക്കെയാണ് പറഞ്ഞത്. എനിക്കു വേണമെങ്കിൽ കബളിപ്പിക്കപ്പെട്ടതിന്റെ ജാള്യതയോടെ വിവരങ്ങൾ പുറത്തുപറയാതെ ഇരിക്കാമായിരുന്നു. ഇനിയും ആരും ഇത്തരം കുടുക്കിൽപ്പെടാതിരിക്കാനാണ് ഞാനതു മാധ്യമങ്ങളോട് പറഞ്ഞത്. ’’

English Summary:

Maala Parvathy's Raw Honesty: From Capital City Glamour to Kochi Struggle and Reinvention

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com