'പടം കാണൂ പിള്ളേരേ..' എന്ന് മോഹൻലാൽ; ഏറ്റെടുത്ത് ആരാധകർ

Mail This Article
എമ്പുരാൻ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഡ്രോൺ ഷോ അരങ്ങേറിയ വേദിയിൽ നിറസാന്നിധ്യമായി എമ്പുരാൻ താരങ്ങൾ. രാത്രി ഏറെയായിട്ടും പരിപാടിയിൽ ലയിച്ചിരുന്ന ആരാധകരോട് 'നാളെ പോയി സിനിമ കാണൂ പിള്ളേരേ' എന്നാണ് മോഹൻലാൽ പറഞ്ഞത്. അത് കേട്ടതും ആരാധകർ ആവേശക്കടലായി. മോഹൻലാൽ പറഞ്ഞത് അനുസരിച്ചു എന്നതുപോലെ ഇന്ന് അതിരാവിലെ തുടങ്ങിയ എമ്പുരാൻ സിനിമ പ്രദര്ശനശാലകളെല്ലാം ആരാധകരെക്കൊണ്ട് നിറയുകയായിരുന്നു.
എമ്പുരാൻ ടീമും മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലുക്കാസും ചേർന്നു നടത്തുന്ന, ‘ലഹരിക്കെതിരെ ഒരുമിക്കൂ’ എന്ന, പത്തു ദിവസം നീണ്ട ലഹരി വിരുദ്ധ ക്യാംപെയ്നിനു സമാപനം കുറിച്ചാണ് കൊച്ചി ഇൻഫോപാർക്കിലെ ജെയിൻ യൂണിവേഴ്സിറ്റിയിൽ ഡ്രോൺ ഷോ നടന്നത്.
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു എന്ന പ്രത്യേകതയും എമ്പുരാനുണ്ട്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.