‘കണക്കുകളെക്കുറിച്ച് ക്ലാരിറ്റി ഉണ്ട്, പരാജയസാധ്യത അറിഞ്ഞു തന്നെയാണ് 28 വർഷം നീണ്ട യാത്ര’; കുഞ്ചാക്കോ ബോബന്റെ വൈകാരിക കുറിപ്പ്

Mail This Article
വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളെക്കുറിച്ച് വ്യക്തമായ ‘ക്ലാരിറ്റി’ ഉണ്ടെന്ന് കുഞ്ചാക്കോ ബോബൻ. മലയാള സിനിമയിൽ 28 വർഷങ്ങൾ പൂർത്തീകരിച്ചതിലെ സന്തോഷം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ പങ്കുവച്ച വൈകാരിക കുറിപ്പിലാണ് താരത്തിന്റെ പരാമർശം. സിനിമയിൽ വിജയങ്ങേളേക്കാൾ കൂടുതൽ സാധ്യത പരാജയപ്പെടാനാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിമിഷം വരെ മലയാള സിനിമയ്ക്കൊപ്പമുള്ള യാത്രയെന്നും താരം കുറിച്ചു. തന്റെ സിനിമാ അരങ്ങേറ്റത്തിന്റെ 28 വർഷത്തിനൊപ്പം ഉദയ പിക്ചേഴ്സും 79 വർഷം പൂർത്തിയാക്കുകയാണെന്നും കുഞ്ചാക്കോ ബോബൻ അറിയിച്ചു.
കുഞ്ചാക്കോ ബോബന്റെ കുറിപ്പിന്റെ പൂർണരൂപം:
അനിയത്തിപ്രാവിന് ഇന്ന് 28 വയസ്സ്. നായകനായി അഭിനയിച്ച ആദ്യ സിനിമ പുറത്തിറങ്ങുമ്പോൾ പ്രതീക്ഷിച്ചതല്ല, 28 വർഷങ്ങൾക്കു ശേഷം ഇതുപോലൊരു കുറിപ്പ്. ഈ സ്നേഹം എനിക്ക് നൽകാൻ കാരണക്കാരായ ആയ പാച്ചിക്കക്കും നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചനും, അവരുടെ സുധിയുടെ നന്ദി.

സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്നേഹിക്കുന്ന, നല്ല സിനിമകൾ ചെയ്യുമ്പോൾ തിയറ്ററിൽ എത്തുകയും മോശം സിനിമകൾ പരാജയപ്പെടുത്തി ശാസിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും, സിനിമാ മേഖലയിലെ എന്റെ എല്ലാ സഹപ്രവർത്തകരോടും ഹൃദയം നിറഞ്ഞ നന്ദി.
മലയാളിയുടെ സ്വന്തം ഉദയ പിക്‌ചേഴ്‌സ് 79 വർഷം പൂർത്തിയാക്കുന്നു. വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളെക്കുറിച്ച് വ്യക്തമായ “ക്ലാരിറ്റി” അറിയുകയും, അനുഭവിക്കുകയും ചെയ്ത ഒരു കുടുംബമാണ് ഉദയ. വിണ്ണിലെ താരം എന്ന സങ്കൽപ്പത്തിനേക്കാൾ മണ്ണിലെ മനുഷ്യനായി നിൽക്കാനുഉള്ള തിരിച്ചറിവും വിവേകവും പക്വതയും ആ പരാജയങ്ങൾ നൽകി.

സിനിമയിൽ വിജയങ്ങേളേക്കാൾ കൂടുതൽ സാധ്യത പരാജയപ്പെടാനാണെന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ നിമിഷം വരെയുള്ള യാത്രയും. കൂടുതൽ ഉത്തരവാദിത്വത്തോടെ നല്ല കഥാപാത്രങ്ങളുമായി നല്ല സിനിമകളുമായി വീണ്ടും വരും എന്ന ഉറപ്പോടെ... നിങ്ങൾ നൽകുന്ന സ്നേഹത്തിൽ നിന്നുള്ള ഉറച്ച ആത്മവിശ്വാസത്തോടെ, വിനയത്തോടെ, സ്നേഹത്തോടെ...
നിങ്ങളുടെ സ്വന്തം,
കുഞ്ചാക്കോ ബോബൻ ആൻഡ് ഉദയ പിക്‌ചേഴ്‌സ് Since 1946!!
അഭിനയജീവിതത്തിൽ 28 വർഷം പൂർത്തിയാക്കുന്നതിലുള്ള സന്തോഷം ആരാധകരുമായി താരം നേരിട്ടു പങ്കുവച്ചു. സമൂഹമാധ്യമത്തിൽ ലൈവിലെത്തിയാണ് താരം ആരാധകർക്ക് നന്ദി പറഞ്ഞത്. താരത്തിന്റെ വാക്കുകൾ: ‘‘ലവ് ആൻഡ് ലവ് ഒൺലി... 28 വർഷം തികയുകയാണ്, നിങ്ങൾ എന്നെയും സുധിയെയും നെഞ്ചിലേറ്റിയിട്ട്! ഒരു നീണ്ട കാലയളവിൽ നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി പറയാൻ കൂടി വേണ്ടിയാണ് ഞാനിപ്പോൾ വന്നത്. 28 വർഷത്തോളം ചാക്കോച്ചൻ എന്ന എന്നെയും അതിനപ്പുറം 79 വർഷത്തോളം ഉദയ പിക്ചേഴ്സ് എന്ന പ്രസ്ഥാനത്തെയും സ്നേഹിച്ച, സ്വീകരിച്ച പ്രേക്ഷകരോട് ഒരു വലിയ നന്ദി ആദ്യം തന്നെ പറയുകയാണ്. ഇന്നത്തെ ദിവസത്തിന് വേറെ ഒരു പ്രത്യേകത കൂടി ഉണ്ട്. എന്റെ ഏറ്റവും പുതിയ ചിത്രമായ ഓഫിസർ ഓൺ ഡ്യൂട്ടി റിലീസ് ചെയ്തിട്ട് 35 ദിവസം. ഇപ്പോഴും സിനിമ തിയറ്ററുകളിൽ ഓടുന്നു. അങ്ങനെ ഒരുപാട് സന്തോഷവും ഒരുപാട് നല്ല ഓർമ്മകളും നൽകുന്ന ഒരു അവസരമാണ്. അതിന് ഒരു നന്ദി നേരിട്ട് പറയാൻ കൂടി വേണ്ടിയിട്ടാണ് വന്നത്.

ഉദയ സ്റ്റുഡിയോ അല്ലെങ്കിൽ ഉദയ പിക്ചേഴ്സിന്റെ മൂന്നാം തലമുറക്കാരൻ ആയാണ് സിനിമയിൽ നിൽക്കുന്നത്. അത് വളരെ അവിചാരിതമായി സംഭവിച്ചതാണ്. തുടക്കക്കാലത്തെ സിനിമ തന്നെ വേണ്ട എന്ന് വച്ചിരുന്ന ഒരു ഒരു പയ്യൻ പിന്നീട് സിനിമയിലേക്ക് വരികയും ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറി നിൽക്കുകയും വീണ്ടും തിരിച്ചു വരികയും ചെയ്യുമ്പോൾ എപ്പോഴും കൈ നീട്ടി സ്വീകരിച്ചിട്ടേ ഉള്ളൂ സിനിമയെ സ്നേഹിക്കുന്ന, സ്നേഹമുള്ള പ്രേക്ഷകർ! ആ ഒരു കടപ്പാടും സ്നേഹവും തിരിച്ചു നൽകുക എന്നുള്ളത് നല്ല സിനിമ ചെയ്യുകയും നല്ല കഥാപാത്രങ്ങളിലൂടെയും നല്ല സിനിമകളുടെ ഭാഗമാകുകയും കൂടെ ചെയ്യുന്നത് വഴിയാണ്. നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അല്ലെങ്കിൽ നിങ്ങളെ എന്റർടൈൻ ചെയ്യിക്കുന്ന രീതിയിൽ അതിനു സാധിക്കുന്നുണ്ടെങ്കിൽ അത് കുറെ പേരുടെ പ്രാർത്ഥനകളുടെയും ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും ഒരു ഒരു പൂർത്തീകരണമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഈ സ്നേഹത്തിന് വാക്കുകളിലൂടെ നന്ദി പറയുന്നത് ശരിയാകുമോ എന്ന് എനിക്കറിയില്ല. അതിനുപകരം സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും അതു ചെയ്യുക എന്നുള്ളത് മാത്രമാണ് എന്റെ ഒരു വഴി. എന്നെ സിനിമയിലേക്ക് കൊണ്ടു വന്ന പാച്ചിക്ക... ആ സിനിമയുടെ നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ, എന്റെ കൂടെ അഭിനയിച്ച ആൾക്കാർ... തിലകൻ ചേട്ടൻ, വിദ്യാമ്മ, ലളിത ചേച്ചി, ഹനീഫ ഇക്ക, ജനാർദ്ദനൻ ചേട്ടൻ, ശാലിനി... അങ്ങനെ ഒരുപാട് ഒരുപാട് ആൾക്കാർ... സിനിമയുടെ ക്യാമാറാമാൻ, മ്യൂസിക് ഡയറക്ടർ, എഡിറ്റർ... യൂണിറ്റിൽ പ്രവർത്തിച്ചിട്ടുള്ള എല്ലാവരും! തുടർന്നിങ്ങോളം നൂറിൽ പരം സിനിമകൾ അഭിനയിക്കുകയും ചില സിനിമകൾ നിർമ്മിക്കുകയും പങ്കാളിയാവുകയും ചെയ്യുമ്പോൾ എല്ലാ അർത്ഥത്തിലും എല്ലാ രീതിയിലും സിനിമയിൽ നിലനിൽക്കുന്ന ഒരു സിനിമ ആസ്വാദനം അല്ലെങ്കിൽ സിനിമയെ സ്നേഹിക്കുന്ന ഒരു കലാകാരൻ എന്നുള്ള രീതിയിൽ തന്നെ എന്ന വളർത്തിയത് സിനിമ പ്രേക്ഷകരും സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവരും കൂടി ചേർന്നിട്ടാണ്. അതുകൊണ്ടുതന്നെ എൻറെ ഈ സിനിമ യാത്രയിൽ എന്റെ കൂടെ പ്രവർത്തിച്ചിട്ടുള്ള ആ സ്നേഹം പങ്കുവച്ചിട്ടുള്ള എല്ലാവരോടും നന്ദി അറിയിക്കുകയാണ്.
28 വർഷം എന്ന് പറയുന്നത് ഒരു നീണ്ട കാലയളവ് തന്നെയാണ്. പ്രത്യേകിച്ച് മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരു സിനിമ എന്ന് പറയുമ്പോൾ അത് ഒരു വ്യവസായം മാത്രമല്ല കലാരൂപം കൂടിയാണ്. ആ രണ്ട് രീതിയിലും എന്റെ സിനിമകളെ സ്വീകരിക്കുന്നതിൽ ഒരുപാട് നന്ദി. എന്റെ ഉയർച്ചയിലും താഴ്ചയിലും വീഴ്ചയിലും തിരിച്ചുവരവിലും എല്ലാം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകളും സ്നേഹവും പ്രോത്സാഹവും ഉണ്ടായിരുന്നു എപ്പോഴൊക്കെ വീണിട്ടുണ്ടോ അപ്പോഴെല്ലാം എന്നെ സഹായിക്കുകയും അല്ലെങ്കിൽ തിരിച്ചു വരാനുള്ള സാഹചര്യങ്ങൾ ഒരുക്കി തരുകയും ചെയ്തിട്ടുള്ള ഒരുപാട് വ്യക്തികളുണ്ട്, അല്ലെങ്കിൽ പ്രസ്ഥാനങ്ങളുണ്ട്. അവരോട് എല്ലാവരോടും ഉള്ള ഒരു നന്ദിയും ഇപ്പോൾ അറിയിക്കുകയാണ്. നിങ്ങൾ തരുന്ന സ്നേഹത്തിനു മുന്നിൽ തലകുനിക്കുക എന്നുള്ളത് അല്ലാതെ നിങ്ങൾ തരുന്ന സ്നേഹം നല്ല സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും തിരിച്ചു നൽകുക എന്നുള്ളത് അല്ലാതെ വേറൊന്നും എനിക്കറിയില്ല.
എല്ലാവർക്കും അനിയത്തിപ്രാവിന്റെ, ഈ സുധിയുടെ, നിങ്ങളുടെ ചാക്കോച്ചന്റെ, ഉദയാ കുടുംബത്തിന്റെ നന്ദി പറയുന്നു. ഒരുപാടു നന്ദി. നല്ല സിനിമകളിലൂടെ നല്ല കഥാപാത്രങ്ങളിലൂടെ നിങ്ങളുടെ മനസ്സിൽ തുടരാൻ സാധിക്കട്ടെ എന്നുള്ള പ്രാർഥനയോടുകൂടി ഒരുപാട് നന്ദി. ലവ് യു ഓൾ! ലവ് ആൻഡ് ലവ് ഓൺലി!,’’ കുഞ്ചാക്കോ ബോബൻ പറഞ്ഞു.