നാടൻ തല്ലിന്റെ ഹരവും വീറുമുള്ള സിനിമ: അയ്യപ്പനും കോശിയും റിവ്യു
Mail This Article
വർഷങ്ങള്‍ക്കു മുമ്പ് നടക്കുന്ന മുണ്ടൂരിലെ കുമ്മാട്ടിക്കളിയിലൂടെയാണ് അയ്യപ്പനും കോശിയുടെ തുടക്കം. തുല്യശക്തികളായ ശിവനും അർജ്ജുനനും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ച് തങ്ങളുടെ കഴിവുകൾ കാട്ടി. ഏറെ നേരം നീണ്ടയുദ്ധത്തിനൊടുവിൽ അർജ്ജുനൻ നിരായുധനും നിസ്സഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവു പറയേണ്ടിവന്നതിൽ അർജ്ജുനൻ ദുഃഖിച്ചു. പെട്ടെന്ന് ശിവൻ കിരാതരൂപം വെടിഞ്ഞ് സ്വരൂപം കൈക്കൊണ്ട് അർജ്ജുനനെ അനുഗ്രഹിച്ചു. വിഷമിക്കേണ്ടതില്ല. കിരാതരൂപത്തിൽ വന്ന് നിന്നെ പരീക്ഷിക്കുകയായിരുന്നു എന്നും പരീക്ഷണത്തിൽ നീ വിജയിച്ചു എന്നും പറഞ്ഞ് ദിവ്യശക്തിയുള്ള പാശുപതാസ്ത്രം ശിവൻ അർജുനനു സമ്മാനിച്ചു.
അട്ടപ്പാടിയിലൂടെ ഊട്ടിക്കു പോകുന്നതിനിടെയാണ് റിട്ടയേർഡ് ഹവീൽദാർ കോശി കുര്യനെ പൊലീസ് പിടിക്കുന്നത്. സ്ഥലം മദ്യനിരോധിത മേഖലയായതിനാലും പൊലീസുമായി കുറച്ച് കയ്യാങ്കളി നടത്തിയതിനാലും കോശിയെ അങ്ങനെ വെറുതെ വിടാൻ എസ്ഐ അയ്യപ്പൻ നായർ തയ്യാറായില്ല. വിരമിക്കാൻ രണ്ടു വർഷം മാത്രം ബാക്കിയുള്ള അയ്യപ്പൻ നായര്‍ അൽപം വാശിക്കാരനുമാണ്. സംഭവം കേസ് ആക്കുന്നു, സംഗതി കുറച്ച് ഗൗരവമേറിയതായതിൽ ഏഴു ദിവസം കോശിക്ക് ജയിലിൽ കഴിയേണ്ടി വരുന്നു.
എന്നാൽ കട്ടപ്പനയിെല പ്ലാന്റർ കുര്യൻ ജോണിന്റെ മകനായ കോശി കുര്യൻ അത്ര നിസ്സാരക്കാരനല്ലായിരുന്നു. ജയിലിൽ നിന്നിറങ്ങിയ കോശിയുടെ സ്വാധീനത്തിന്റെ ബലം അയ്യപ്പൻ നായർ ഉൾപ്പെടെയുള്ള പൊലീസുകാർ പിന്നീട് കണ്ടറിയുന്നു. തന്നോടു പ്രതികാരം വീട്ടുന്ന കോശിയെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ അയ്യപ്പൻ നായർ തുടങ്ങുന്നിടത്താണ് ‘അയ്യപ്പനും കോശിയും’ ഹൈവോൾട്ടേജിലെത്തുന്നത്.
തുടക്കം മുതൽ ഒടുക്കം വരെ പകയുടെ, പ്രതികാരത്തിന്റെ, വാശിയുടെ അടങ്ങാത്ത കനലുമായി അയ്യപ്പനും കോശിയും കട്ടയ്ക്കുനിൽക്കും. ഈ രണ്ടു കഥാപാത്രങ്ങളിലും ഒരു വില്ലൻ സ്വഭാവം പരോക്ഷമായി നിലനിൽക്കുന്നുണ്ട്. ഇടയ്ക്കുവച്ച് പ്രേക്ഷകര്‍ക്കു പോലും ആശയക്കുഴപ്പം തോന്നും ഇതിൽ ആരുടെ കൂടെ നിൽക്കണമെന്ന്.
ബിജു മേനോൻ ഗംഭീര പ്രകടനവുമായി നിറഞ്ഞാടിയപ്പോൾ പൃഥ്വിയും ‘വില്ലൻ’ കഥാപാത്രമായി തകർത്താടി. ആദ്യ പകുതി പൃഥ്വിരാജ് ഷോ ആണെങ്കിൽ രണ്ടാം പകുതി ബിജു മേനോന്റെ അഴിഞ്ഞാട്ടമാണ്. ഇരുതാരങ്ങളുടെയും സ്ക്രീൻ സ്പെയ്സ് നന്നായി ഉപയോഗിക്കാൻ സംവിധായകനു സാധിച്ചു.
പണത്തിന്റെയും അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിരൂപമാണ് കോശി കുര്യൻ. മുണ്ടൂർ മാടൻ എന്ന് വിളിപ്പേരുള്ള, ദുരൂഹതകളുള്ള അയ്യപ്പൻ നായർ സാധാരണക്കാരന്റെ പ്രതിഷേധത്തിന്റെ പ്രതീകവും. ആകാരം കൊണ്ടും ശബ്ദം കൊണ്ടും കുര്യൻ എന്ന അപ്പൻ കഥാപാത്രമായി രഞ്ജിത്ത് തിളങ്ങുന്നു. ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് അദ്ദേഹം. വിനു മോഹന്‍, അനിൽ നെടുമങ്ങാട്, ധന്യ (41 ഫെയിം), സാബുമോൻ, അന്ന രാജൻ, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങളെ അവിസ്മരണീയമാക്കുന്നുണ്ട്. അയ്യപ്പൻ നായരുടെ ഭാര്യ കണ്ണമ്മയായി എത്തിയ ഗൗരി നന്ദയുടെ ഡയലോഗ് ഡെലിവെറിയും അഭിനയവും സിനിമയുടെ മറ്റൊരു കരുത്താണ്.
രണ്ടു മണിക്കൂർ 51 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും കഥയുടെ വേഗം കുറയാതിരിക്കാൻ തിരക്കഥാകൃത്തു കൂടിയായ സംവിധായകൻ ശ്രദ്ധചെലുത്തുന്നുണ്ട്. രണ്ടു പേരുടെ ഈഗോ മാത്രമല്ല, പണത്തിന്റെയും പിടിപാടിന്റെയും ബലം കൊണ്ട് സാധാരണക്കാരനെ ഇല്ലാതാക്കുന്ന അധികാരവർഗങ്ങളുടെ പകപോക്കലും നിയമവാഴ്ചയിലെ പാകപ്പിഴകളും ചിത്രത്തിലൂടെ പരോക്ഷമായി വിമർശിക്കുന്നുണ്ട്.
സാങ്കേതികമായി വളരെ മികവു പുലർത്തുന്ന സിനിമയുടെ ഛായാഗ്രഹണവും പുതുമയുള്ള അനുഭവം പകരുന്നു. അട്ടപ്പാടിയുടെ പച്ചപ്പിനെ മനോഹരമായി ദൃശ്യവത്കരിക്കാനും ആക്‌ഷൻ രംഗങ്ങൾ ചടുലതയോടെ കൈകാര്യം ചെയ്യാനും ക്യാമാമാന് സാധിച്ചു. സുധീപ് ഇളമൺ ആണ് ഛായാഗ്രഹണം. അവസാനമുള്ള സംഘട്ടനത്തിന്റെ കൊറിയോഗ്രഫി അത്യുഗ്രൻ.
നാടൻപാട്ടുകളുടെ പശ്ചാത്തലത്തിലാണ് സംഗീതം. കാടിന്റെ വീറും വന്യതയും പടർന്നുനിൽക്കുന്ന സംഗീതം സിനിമയുടെ സ്വഭാവത്തോടു ചേർന്നുനിൽക്കുന്നു. ജേക്സ് ബിജോയ് പ്രത്യേക പ്രശംസ അർഹിക്കുന്നു.
നല്ല നാടൻ തല്ലിന്റെ ഹരവും വീറുമുള്ള ഒരു സിനിമ. വില്ലനും നായകനുമെല്ലാം ഏതു മനുഷ്യന്റെയുമുള്ളിലുള്ളതാണെന്നും സാഹചര്യങ്ങളാണ് അവന് അതിലൊന്നിന്റെ മുഖംമൂടി വച്ചുനൽകുന്നതെന്നും പറയുന്ന സിനിമ പ്രേക്ഷകന് നല്ല അനുഭവമായിരിക്കും.