ADVERTISEMENT

ആദ്യമിറങ്ങിയ പാട്ട് കണ്ടപ്പോൾ പ്രേക്ഷകർ വിചാരിച്ചത് ഇതൊരു പ്രണയചിത്രമായിരിക്കുമെന്നാണ്.  പിന്നീട് ട്രെയിലർ ഇറങ്ങിയപ്പോൾ പ്രണയത്തിനൊപ്പം കുടുംബബന്ധങ്ങൾക്കു കൂടി പ്രാധാന്യമുള്ള ചിത്രമാകുമെന്ന് പലരും വിചാരിച്ചു. എന്നാൽ അത്തരം മുൻവിധികളുമായി എത്തിയവർക്ക് ലക്ഷണമൊത്ത ഫാന്റസി ചിത്രം സമ്മാനിച്ച് ഞെട്ടിച്ചിരിക്കുകയാണ് അനുഗ്രഹീതൻ ആന്റണിയിലൂടെ  പ്രിൻസ് ജോയ് എന്ന പുതുമുഖ സംവിധായകൻ. 

 

ഒന്നിലും ഉറച്ചു നിൽക്കാത്തവനും അലസനുമാണ് വർഗീസ് മാഷിന്റെ ഏക മകൻ ആന്റണി. ഭാര്യ മരിച്ചതോടെ മകനു വേണ്ടി മാത്രം മാറ്റിവച്ചതാണു മാഷിന്റെ ജീവിതം. ആന്റണി നല്ല നിലയിൽ എത്തണമെന്ന് മാഷ് ആഗ്രഹിക്കുന്നു. എന്നാൽ ലക്ഷ്യബോധമില്ലാത്ത, ആത്മാർഥമായി ഒന്നിനും ശ്രമിക്കാത്ത ആന്റണിയുടെ ജീവിതം വർഗീസ് മാഷിന് ആശങ്കയാകുന്നു. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചും ചുറ്റിത്തിരിഞ്ഞും ആന്റണിയുടെ ദിവസങ്ങൾ മുന്നോട്ടു പോകുന്നു. അച്ഛനും മകനും തമ്മിലുള്ള അകൽച്ചയിലേക്കാണ് ഇതെല്ലാം നയിക്കുന്നത്. ഇതിനിടിയിലാണ് സഞ്ജന മാധവ് എന്ന പെൺകുട്ടി ആന്റണിയുടെ ജീവിതത്തിലേക്ക് വരുന്നത്. ഇതോടെ പ്രണയത്തിന്റെ ട്രാക്കിലേക്ക് ആന്റണിയുടെ ജീവിതം മാറാൻ തുടങ്ങുന്നു. എന്നാൽ വിധി അവരുടെ ജീവിതത്തിൽ കാത്തുവച്ചത് മറ്റു പലതുമായിരുന്നു. 

 

കാസ്റ്റിങ്ങും ആവിഷ്കാര രീതിയിലെ വ്യത്യസ്തതയുമാണ് അനുഗ്രഹീതൻ ആന്റണിയെ മികച്ച അനുഭവമാക്കുന്നത്. അഭിനേതാക്കളെ തിരഞ്ഞെടുത്തതിലെ സൂക്ഷ്മത സിനിമയെ പ്രേക്ഷകരുമായി ബന്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്. പല വൈകാരിക തലങ്ങളിലൂടെ കടന്നു പോകുന്ന ആന്റണിയെ സണ്ണി വെയ്ൻ അനായാസം അവതരിപ്പിച്ചു. വർഗീസ് മാഷിന്റെ വേദന പ്രേക്ഷകരുടെ നെഞ്ചിൽ നിറയ്ക്കുന്ന സിദ്ദീഖിന്റെ പ്രകടനം പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്. 96, മാസ്റ്റർ എന്നീ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ ഗൗരി കൃഷ്ണയാണ് സഞ്ജന മാധവനെ അവതരിപ്പിച്ചത്. കഥാപാത്രത്തോട് നീതി പുലർത്തിയ പ്രകടനമായിരുന്നു ഗൗരിയുടേത്. ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, മുത്തുമണി, ബൈജു, മാലാ പാർവതി, ഷൈൻ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടർ എന്നിവരെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്.

 

നായ്ക്കളുടെ കാഴ്ചകള്‍ സിനിമയിൽ ചേർത്തുവച്ചിട്ടുണ്ട്. ഇത് സംവിധായകന്റെ കയ്യടക്കവും നവീൻ ടി. മണിലാലിന്റെ തിരക്കഥയിലെ സൂക്ഷ്മതയും വ്യക്തമാക്കുന്നു. ഛായാഗ്രഹണം ഒരുക്കിയ ശെൽവകുമാറാണ് പ്രത്യേക അഭിനന്ദനം അർഹിക്കുന്ന മറ്റൊരു വ്യക്തി. ഗ്രാമാന്തരീക്ഷത്തിലുള്ള ആന്റണിയുടെ ആ ചെറിയ ലോകത്തെ വലിയ സ്ക്രീനിൽ ഭംഗിയോടെ കാണിക്കാൻ ശെൽവകുമാറിന്റെ ഫ്രെയിമുകൾക്ക് സാധിച്ചിട്ടുണ്ട്. നേരത്തെ പുറത്തുവന്ന ‘കാമിനി’ എന്നു തുടങ്ങുന്ന ഗാനമായിരുന്നു സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ  വര്‍ധിപ്പിച്ച ഘടകങ്ങളിലൊന്ന്. ആന്റണിയുടെയും സഞ്ജനയുടെയും പ്രണയത്തെ സിനിമയോടു ചേർത്തുവയ്ക്കുന്നതിൽ ഈ ഗാനം വിജയിച്ചു. മറ്റു ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയുടെ ഫീൽ നിലനിർത്തുന്നവയാണ്.

 

സ്വതന്ത്ര സംവിധായകനായുള്ള അരങ്ങേറ്റം പ്രിൻസ് മികച്ചതാക്കിയപ്പോൾ അനുഗ്രഹീതൻ ആന്റണിക്ക് പ്രേക്ഷകരുടെ ഹൃദയം തൊടാനായി.ആദ്യ പകുതിയിൽ മനസ്സ് നിറഞ്ഞ് ചിരിക്കാം. ഹൃദയത്തിൽ കൊളുത്തി വലിക്കുന്നതാണു രണ്ടാം പകുതി. ഒരു ആത്മപരിശോധയ്ക്കുള്ള അവസരം പ്രേക്ഷകർക്ക് സിനിമ തുറന്നിടുന്നുണ്ട്. കുടുംബസമേതം കാണാനാവുന്ന, ആസ്വദിക്കാവുന്ന ഒരു നല്ല സിനിമയാണ് അനുഗ്രഹീതൻ ആന്റണി എന്നു നിസംശയം പറയാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com