ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചില സിനിമകൾ അങ്ങനെയാണ്. വലിയ കോലാഹലങ്ങളോ, പൊട്ടിച്ചിരികളോ, കാതടിപ്പിക്കും പശ്ചാത്തല സംഗീതമോ, കൂട്ടപ്പൊരിച്ചിലുകളൊ ഒന്നും കാണില്ല. പക്ഷേ അവ പ്രേക്ഷകന്റെ ഹൃദയത്തിൽ കുടിയേറിപ്പാർക്കും. കാരണം അവ പറയുന്നത് പച്ചയായ ജീവിതമായിരിക്കും. വലിയ നാടകീതയകളോ അതിവൈകാരികതയോ ഒന്നുമതിൽ കാണില്ല. പക്ഷേ നാം എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളതോ കണ്ടറിഞ്ഞിട്ടുള്ളതോ ആകും അതിന്റെ പശ്ചാത്തലം. അത്തരത്തിൽ ഒന്നാണ് ‘ആർക്കറിയാം’ എന്ന ബിജു മേനോൻ സിനിമ. 

 

കണക്കു മാഷായ ഇട്ടിയവരയ്ക്ക് ഷെർലി എന്നൊരു മകൾ മാത്രമാണുള്ളത്. ഷെർലിയും ഭർത്താവ് റോയിയും കോവിഡ് ബാധ ഇന്ത്യയിൽ തുടങ്ങിയപ്പോൾ തന്നെ മുംബൈയിലെ അവരുടെ താമസസ്ഥലത്തു നിന്ന് നാട്ടിലെത്തുന്നു. ഇട്ടിയവര കാഞ്ഞിരപ്പള്ളിയിലെ തന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഷെർലിയും റോയിയും തന്റെ പ്രിയപ്പെട്ട ചാച്ചനൊപ്പം നാട്ടിൽ താമസം തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. 

 

ഷെർലിയുടെയും റോയിയുടെയും മുംബൈയിലെ ജീവിതവും ഇട്ടിയവരയുടെ നാട്ടിലെ ഒറ്റയ്ക്കുള്ള ജീവിതവുമാണ് സിനിമയുടെ തുടക്കത്തിലുള്ള കഥാപശ്ചാത്തലം. കോവിഡ് ബാധയുടെ ആദ്യ സൂചനകൾ വന്ന സമയത്തു തന്നെ ഷെർലിയും റോയിയും നാട്ടിലേക്കു തിരിക്കുന്നുണ്ടെങ്കിലും അവരുടെ വരവിന്റെ കാരണമതല്ല. കോവിഡും ലോക്ക്ഡൗണുമൊക്കെ കഴി‍ഞ്ഞ് പല സിനിമകൾ പുറത്തിറങ്ങിയെങ്കിലും കഴിഞ്ഞ വർഷം നാം അനുഭവിച്ച അവസ്ഥയെ സിനിമയിൽ കൂട്ടിയിണക്കുന്നത് ആദ്യമാകും. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന ചെറിയ സംഭവങ്ങളിലൂടെ മുന്നോട്ടു പോകുന്ന കഥയുടെ ആദ്യ പകുതിയിലാണ് റോയ് ഒരു രഹസ്യം അറിയുന്നത്. 

 

ചാച്ചന് മാത്രം അറിയാവുന്ന രഹസ്യം അദ്ദേഹം റോയിയോട് പറയുന്നതോടെ കഥയുടെ ഗതി മാറുന്നു. റോയിയെ പലപ്പോഴും ആ രഹസ്യം വലയ്ക്കുന്നുണ്ടെങ്കിലും ഒടുവിൽ ആ രഹസ്യം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് അയാൾ അതിൽ നിന്നും കരകയറുന്നുണ്ട്. പ്രായമേറിയ ഇട്ടിയവര എന്ന കഥാപാത്രമായി ബിജു മേനോൻ മികച്ചു നിന്നു. വാക്കിലും നോക്കിലും നടത്തത്തിലും അദ്ദേഹം ശരിക്കും ഒരു വൃദ്ധനായി മാറി. പാർവതി പതിവു പോലെ കഥാപാത്രത്തെ മികച്ചതാക്കിയപ്പോൾ അമ്പരപ്പിച്ചത് ഷറഫുദ്ദീനാണ്. റോയി എന്ന കഥാപാത്രമായി ഷറഫ് ഗംഭീര പ്രകടനം നടത്തി. ചെറുതും വലുതുമായ മറ്റു കഥാപാത്രങ്ങൾ അവതരിപ്പിച്ചവരും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. 

 

പരസ്യചിത്രങ്ങളിലൂടെയും വിശ്വരൂപം അടക്കമുള്ള സിനിമകളുടെ ഛായാഗ്രഹണത്തിലൂടെയും മലയാളികൾക്ക് സുപരിചിതനായ സാനു ജോൺ വർഗീസ് സംവിധായകനായുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ജി. ശ്രീനിവാസ് റെഡ്ഡിയുടെ ഛായാഗ്രഹണം സിനിമയ്ക്ക് കൂടുതൽ മിഴിവേകി. സംഗീതം, കലാസംവിധാനം, മറ്റു സാങ്കേതിക മേഖലകൾ എല്ലാം മികച്ചു നിന്നു. 

 

‘ആർക്കറിയാം’ എന്നത് ഒരു സമ്പൂർണ കുടുംബചിത്രമാണ്. എന്നാൽ മലയാളത്തിൽ സാധാരണ കണ്ടു വരാറുള്ള ക്ലീഷേ കുടുംബസിനിമകൾ പോലെയുമല്ല ഇത്. കുടുംബബന്ധങ്ങളുടെ പുതിയകാല രൂപത്തെ കോവിഡും ലോക്ഡൗണും പോലുള്ള കാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന സിനിമയെ ഒരു മാസ് എന്റെർടയെിനർ എന്നൊന്നും വിശേഷിപ്പിക്കാനാകില്ല. മറിച്ച് മാസ്മരികമായ ഒരു കാഴ്ചാനുഭവം നൽകുന്ന മാസ്റ്റർ പീസ് എന്നു വേണമെങ്കിൽ ഇൗ ചിത്രത്തെ വിളിക്കാം. 

 

 

 

 

 

 

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com