അതിർത്തി കടന്ന പ്രണയത്തിന് അതിര് കടന്ന ശിക്ഷയോ?
Mail This Article
ആഘോഷത്തിനിടയ്ക്ക് അപ്രതീക്ഷിതമായി ഹൃദയാഘാതം വന്നതുപോലെയായിരുന്നു അത്. ഉച്ചസ്ഥായിയിൽ മുഴങ്ങിക്കൊണ്ടിരുന്ന പാട്ട് പെട്ടെന്നു നിലച്ചതുപോലെ. നൃത്തച്ചുവടുകൾ നിന്നതുപോലെ. അയാൾക്ക് അതുൾക്കൊള്ളാനായില്ല. ലൂക്കാസ് പെരെയ്‌ര എന്ന ബെസ്റ്റ് സെല്ലർ നോവലുകളുടെ എഴുത്തുകാരന്. അർജന്റീനിയൻ യുവത്വം ഏറ്റെടുത്ത നോവലുകൾ എഴുതിയ അയാൾ ഒരക്ഷരം പോലും എഴുതാനാവാതെ മണിക്കൂറുകൾ തളർന്നിരുന്നു. കണ്ണാടിയിൽ സ്വന്തം മുഖവും ശരീരവും കണ്ടു ക്ഷീണിച്ചു. തനിക്ക് എന്താണു സംഭവിക്കുന്നതെന്ന് അയാൾക്കു മനസ്സിലായില്ല. 40കളിലാണയാൾ.
എന്നാൽ, വാർധക്യം വേഗത്തിൽ പിടിമുറുക്കുന്നത് കണ്ടില്ലെന്നു നടിക്കാനായില്ല. ഭാര്യയുടെ വാക്കുകൾ അയാളുടെ ചെവിയിൽ കയറിയില്ല. മകന്റെ ചെലവുകൾക്ക് പണം കണ്ടെത്തുന്നത് അതീവ ദുഷ്കരമാണെന്നു തിരിച്ചറിഞ്ഞു. ഇതിനൊക്കെയിടയിലും മഴവില്ല് പോലെ ആ രൂപം മനസ്സിൽ മിന്നിക്കൊണ്ടിരുന്നു. എഴുത്തുകാരുടെ കൂട്ടായ്മയിൽ വച്ചു കണ്ട മഗാലി ഗുയ്റ എന്ന 25 വയസ്സുകാരി. കടലോരത്ത് ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ അവർ താൽക്കാലികമായി ഒരുമിച്ചിരുന്നു. പൂർത്തിയാകാത്ത അന്നത്തെ ചുംബനത്തിന്റെ ലഹരി ലൂക്കാസിനെ വിട്ടുപോയില്ല. മഗാലി അയാളെ വിളിച്ചുകൊണ്ടിരുന്നു, തടയാനാവാത്ത പിൻവിളിയായി. അതിനു കാതോർക്കാൻ ലൂക്കാസ് തീരുമാനിച്ചു. ഇനിയും എഴുതിപ്പൂർത്തിയായിട്ടില്ലാത്ത, തുടങ്ങിയിട്ടുപോലുമില്ലാത്ത രണ്ടു നോവലുകൾക്കു വാങ്ങിയ മുൻകൂർ തുകയുമായി അയാൾ ഉറുഗ്വെയിലേക്കു പോകാൻ തീരുമാനിച്ചു. ജീവിതത്തിലെ ഏറ്റവും നിർണായകമായ യാത്ര.
ആ യാത്രയിൽ അയാൾ മധ്യവയസ്കനായിരുന്നില്ല. പ്രായത്തിന്റെ പ്രശ്നങ്ങൾ ഒന്നും അയാളെ അലട്ടിയില്ല. ക്ഷീണം തോന്നിയതേയില്ല. മനസ്സ് ഉൻമേഷഭരിതമായിരുന്നു. ഇഷ്ടഗാനം മൂളി, യുവാവിന്റെ പ്രസരിപ്പോടെ അയാൾ ഉറുഗ്വെയുടെ തലസ്ഥാന നഗരത്തിലെ ഏറ്റവും ആഡംബര പൂർണമായ ഹോട്ടലിൽ മുറിയെടുത്തു. ഏറ്റവും മികച്ച സ്യൂട്ട് തന്നെ.
താങ്കൾ ഇവിടെ ഒറ്റയ്ക്കല്ലല്ലോ താമസിക്കാൻ പോകുന്നതെന്ന് മാനേജരുടെ ചോദ്യം. അങ്ങനെ തന്നെ പ്രതീക്ഷിക്കാം എന്ന ലൂക്കാസിന്റെ പ്രത്യാശ നിറഞ്ഞ മറുപടി.
പെഡ്രോ മൈറലുടെ പ്രശസ്ത നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ഉറുഗ്വെയിൽ നിന്നുള്ള സ്ത്രീ The woman from Uruguay.
78 മിനിറ്റിൽ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ തീരുന്ന ചലച്ചിത്രം. എന്നാൽ, ആ 78 മിനിറ്റും കഥയാൽ, മികച്ച സംഭാഷണങ്ങളാൽ നിറച്ചിരിക്കുകയാണ് അന ഗാർസിയ ബ്ലാസ.
ആദ്യം കാണുമ്പോൾ തന്നെ മഗാലി ആൺസുഹൃത്തിനൊപ്പമായിരുന്നു. ആ ബന്ധം തുടരുമ്പോൾ തന്നെയാണ് അവൾ ലൂക്കാസിനെ ആദ്യത്തെ ചുംബനത്തിൽ തന്നെ കുടുക്കിയിട്ടത്. എന്നെന്നേക്കുമായി. ഉറുഗ്വെയിൽ വച്ചു കാണുമ്പോൾ ആൺസുഹൃത്തിനെക്കുറിച്ചു അവൾ പറഞ്ഞത് അവ്യക്തമായാണ്. അതിർത്തി കടന്ന് പ്രണയം സാക്ഷാത്കരിക്കാനെത്തിയ ലൂക്കാസിനോട് പ്രണയ നിർഭരമായാണ് പെരുമാറുന്നതെന്ന് അവൾ വിശ്വസിപ്പിക്കുക മാത്രമായിരുന്നില്ലേ ചെയ്തതത്. അതോ, പ്രണയത്തിന്റെ പരിഭ്രമം മാത്രമായിരുന്നോ അത്.
പിന്നീടുണ്ടായ സംഭവങ്ങൾ ലൂക്കാസിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. അയാൾ എഴുതാനിരുന്ന നോവിലിനെ. വിവാഹ ബന്ധത്തെ. ജീവിതത്തെയും എഴുത്തിനെയും ലോകത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളെ. പ്രണയം ഇത്ര അപകടകരമോ എന്ന ചോദ്യം ബാക്കിയാക്കിയാണ് സിനിമ അവാസാനിക്കുന്നത്. അതുയർത്തുന്ന മുഴക്കങ്ങളുടെ അലയൊലികൾ അത്ര പെട്ടെന്നൊന്നും അവസാനിക്കാൻ പോകുന്നില്ല.