എസ്.എൻ. സ്വാമിയുടെ വേറിട്ട പരീക്ഷണം; ‘സീക്രട്ട്’ റിവ്യു
Secret Movie Review
Mail This Article
മലയാളസിനിമയിലെ തിരക്കഥാരംഗത്തെ അതികായനായ എസ്.എൻ. സ്വാമി തിരക്കഥയെഴുതി ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് 'സീക്രട്ട്'. ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ചിത്രം മോട്ടിവേഷണൽ ഡ്രാമ എന്ന വിഭാഗത്തിൽ പെടുത്താൻ കഴിയുന്ന സിനിമയാണ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് തിയറ്ററിൽ വരവേറ്റതെങ്കിലും സിബിഐ സിനിമാ സീരീസുകളുടെ തലതൊട്ടപ്പന് പ്രേക്ഷകരെ സിനിമയിൽ തളച്ചിടാൻ കഴിഞ്ഞോ എന്ന് സംശയമാണ്.
ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയും മെഡിക്കൽ റെപ്പുമാണ് മിഥുൻ. എന്തിനും ഏതിനും കൂട്ടായി നിൽക്കുന്ന നാലു കൂട്ടുകാരടങ്ങുന്ന സംഘമാണ് മിഥുന്റെ ശക്തി. അല്ലലൊന്നുമില്ലാത്ത കുടുംബത്തിലെ ഏക സന്തതിയായ മിഥുന് പറ്റിയ പെൺകുട്ടിയെ തന്നെ അച്ഛനും അമ്മയും കണ്ടുപിടിച്ചിട്ടുണ്ട്. കുടുംബ സുഹൃത്തിന്റെ മകളായ ശ്രേയ എന്ന ആ പെൺകുട്ടി മിഥുന്റെ മനസ്സിൽ ചേക്കേറാൻ അധിക സമയമെടുത്തില്ല. കൂട്ടുകാരിൽ ഒരാളായ മൂർത്തിയുടെ വിവാഹത്തിന് പോയി മടങ്ങുംവഴി കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു ജ്യോത്സ്യനെ കാണാൻ മിഥുനും ഒപ്പം കൂടി. നാഡീജ്യോതിഷത്തിലൂടെ ഭാവി പ്രവചിക്കുന്ന ആ ജ്യോൽസ്യനുമായുള്ള കൂടിക്കാഴ്ച മിഥുന്റെ ജീവിതം മാറ്റി മറിക്കുകയാണ്.
മിഥുൻ എന്ന കേന്ദ്രകഥാപാത്രമായി ധ്യാൻ ശ്രീനിവാസനാണ് സീക്രട്ടിലെത്തുന്നത്. സ്വതസിദ്ധമായ നർമ്മത്തിലൂന്നിയുള്ള പ്രകടനമല്ല ചിത്രത്തിൽ ധ്യാൻ കാഴ്ച വയ്ക്കുന്നത്. ഒപ്പം അഭിനയിച്ച ഗ്രിഗറിയും കലേഷും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. അതേസമയം, നായികയായി എത്തിയ ആർദ്ര മോഹനും അപർണ്ണ ദാസും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി ചെയ്തു. സംവിധായകൻ രഞ്ജിത്ത് മോട്ടിവേറ്ററായി ചിത്രത്തിലുണ്ടെങ്കിലും കാര്യമായ ഇംപ്കാട് സൃഷ്ടിക്കാൻ കഴിയാതെ പോയി. അൽപം ലൗഡ് പെർഫോമൻസാണ് ചിത്രത്തിൽ രഞ്ജി പണിക്കരുടേത്. നിർമാതാവ് സുരേഷ് കുമാർ, ജയകൃഷ്ണൻ, തലൈവാസൽ വിജയ്, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ തുടങ്ങിയ താരങ്ങൾ തങ്ങളുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കി.
മനസ്സിൽ തോന്നുന്ന ചില മുന്നറിവുകൾ കൊണ്ട് നടക്കാനിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കാം എന്നാണ് എസ് എൻ സ്വാമി ഈ ചിത്രത്തിൽ പറയാൻ ശ്രമിക്കുന്നത്. ആസന്നമായ വിധിയെ മറികടക്കാനുള്ള പഴുത് അന്വേഷിച്ച് ഒരാൾ പരക്കം പായുന്നതാണ് സിനിമയുടെ പ്രമേയം. ഇന്ന് സമൂഹത്തിൽ വർധിച്ചു വരുന്ന വിശ്വാസമില്ലായ്മയും അന്ധവിശ്വാസവും തമ്മിലുള്ള പോരാട്ടവും കാര്യങ്ങളെ മനഃശാസ്ത്രപരമായി നേരിടുന്നതെങ്ങനെയെന്നും പറയാൻ തന്റെ തിരക്കഥയിൽ എസ് എൻ സ്വാമി ശ്രമിച്ചിട്ടുണ്ട്. ഭൗതിക ശാസ്ത്രത്തിലെ ചില നിയമങ്ങളും മനഃശാസ്ത്രത്തിലെ തത്വങ്ങളുമൊക്കെ സിനിമയിലുടനീളം പ്രതിപാദിക്കുന്നുണ്ടെങ്കിലും അവ പ്രേക്ഷകരുമായി ഒരു കണക്ട് സൃഷ്ടിക്കുന്നില്ല.
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംഗീതമാണ് ജേക്സ് ബിജോയ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ജേക്സിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും പതിവുപോലെ തന്നെ കേൾക്കാൻ ഇമ്പമുള്ളതായി. ജാക്സൺ ജോൺസൺന്റെ ക്യാമറയും ബസോദ് ടി ബാബുരാജിന്റെ എഡിറ്റിങും മനോഹരമാണ്.
തന്റെ ജീവിതത്തിൽ തന്നെ നടക്കാനിരുന്ന ചില കാര്യങ്ങളെ ഇന്റ്യൂഷൻ കൊണ്ട് മറികടന്നിട്ടുണ്ട് എന്നും അത്തരത്തിലുള്ള ചില സംഭവങ്ങളാണ് ഈ സിനിമയ്ക്ക് പ്രചോദനമായത് എന്നും എസ്.എൻ. സ്വാമി ചില അഭിമുഖങ്ങളിൽ പറയുകയുണ്ടായി. സ്വന്തം ഉൾവിളികളെ ശാസ്ത്രത്തിന്റെ സഹായത്തോടെ വിശദീകരിക്കാൻ ഈ സിനിമയിലൂടെ എസ് എൻ സ്വാമി ശ്രമിക്കുന്നുണ്ട്. ജ്യോതിഷിയുടെ ഭാവി പ്രവചനം നടക്കാൻ പോകുന്ന സംഭവങ്ങളുടെ സാധ്യത മാത്രമാണ് കാണിക്കുന്നതെന്നുള്ള യുക്തിചിന്തയും ചില കഥാപാത്രങ്ങളെക്കൊണ്ട് സ്വാമി പറയിക്കുന്നുണ്ട്. സിനിമാസ്വാദനം അതിരുകൾ ഭേദിച്ച് ദേശാന്തരങ്ങൾ താണ്ടിയ പുതിയ കാലത്ത് റിയലിസ്റ്റിക് സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് മുന്നിൽ എസ്.എൻ. സ്വാമിയുടെ ഒരു വേറിട്ട പരീക്ഷണമാണ് സീക്രട്ട് എന്ന സിനിമ.