ADVERTISEMENT

ആർത്തവത്തെക്കുറിച്ച് സുദീർഘമായ കുറിപ്പ് പങ്കിട്ട് ഗായിക ജ്യോത്സ്ന. സ്കൂൾ കാലത്തെ ചിത്രം പങ്കുവച്ച് അന്നത്തെ അനുഭവങ്ങൾ കൂടി വിവരിച്ചുകൊണ്ടാണ് ഗായികയുടെ സമൂഹമാധ്യമ പോസ്റ്റ്. ആർത്തവം തികച്ചും സാധാരണമായ ഒരു ശാരീരിക പ്രക്രിയ ആണെന്നും അതിനെക്കുറിച്ച് സംസാരിക്കാനുള്ള മടിയും ചമ്മലും മാറ്റണം എന്നും ഗായിക കുറിപ്പിലൂടെ ഓർമിപ്പിച്ചു. സ്കൂൾ യൂണിഫോമിലുള്ള പഴയ ചിത്രമാണ് ജ്യോത്സ്ന പങ്കുവച്ചത്. ‘ഈ ചിത്രത്തിലേയ്ക്കു നോക്കുമ്പോൾ അന്ന് സാധാരണമാണന്നു കരുതിയിരുന്ന പല കാര്യങ്ങളിലേയ്ക്കും കണ്ണ് തുറക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ് ഗായികയുടെ കുറിപ്പ് ആരംഭിക്കുന്നത്. ജ്യോത്സ്നയുടെ സമൂഹമാധ്യമ കുറിപ്പ് ഇങ്ങനെ: 

 

‘ഈ ചിത്രത്തിലേയ്ക്കു നോക്കുമ്പോൾ ഞാൻ എത്ര ചെറുപ്പമായിരുന്നു എന്ന വസ്തുത തിരിച്ചറിയുന്നു. അന്ന് വളരെ സാധാരണമാണെന്നു കരുതിയ ഒരുപാട് കാര്യങ്ങളിലേയ്ക്ക് എന്റെ കണ്ണുകൾ തുറക്കുന്നു. ഷാൾ വൃത്തിയായി തോളിൽ കുത്തിവച്ച് അയഞ്ഞ യൂണിഫോം ധരിച്ചു നിൽക്കുന്ന ഇതിൽ എനിക്ക് ഏകദേശം പതിനാല് വയസ്സ് പ്രായമുണ്ടായിരിക്കും. 

 

സ്പോർട്സ് ദിവസങ്ങളിൽ വെള്ള യൂണിഫോം ആയിരുന്നു ധരിക്കേണ്ടിയിരുന്നത്. ആർത്തവ സമയത്ത് അത് ധരിക്കാനുള്ള പേടി! ബെഞ്ചിൽ നിന്നും എഴുന്നേൽക്കുമ്പോഴെല്ലാം അടുത്തുള്ള പെൺസുഹൃത്തിനോട് ‘ഒന്നു നോക്കൂ’ എന്നു പറയും. ചുവന്ന നിറത്തിലുള്ള ഡിസൈൻ വന്നിട്ടുണ്ടാകല്ലേ എന്നായിരുന്നു പ്രാർഥന. ആവശ്യം വന്നാൽ ഉപയോഗിക്കാൻ പാഡുകൾ ബാഗിൽ നിറയ്ക്കുമായിരുന്നു. മാസത്തിലെ ആ നാല് ദിവസങ്ങളിൽ പുറത്തു കളിക്കാൻ വരാത്ത സുഹൃത്തുക്കളുമുണ്ട്. തങ്ങൾക്ക് ആർത്തവമാണെന്ന് ആരെങ്കിലും (പ്രത്യേകിച്ച് ആൺകുട്ടികൾ) അറിയുന്നത് ലജജിക്കേണ്ടതും നാണിക്കേണ്ടതുമായ കാര്യമാണെന്നായിരുന്നു ചിന്ത. 

 

പക്ഷേ അത് അങ്ങനെ ആയിരിക്കേണ്ടതുണ്ടോ? ഒരു സാധാരണ, സ്വഭാവിക ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അത്തരം ചിന്തകൾ പതിനാലാം വയസ്സിൽ തന്നെ ഭാരമാകേണ്ടതുണ്ടോ? കാര്യങ്ങൾ പതിയെ മാറാൻ തുടങ്ങിയതു കാണുമ്പോൾ സന്തോഷം തോന്നുന്നു. ഇനിയും പതിയെ പതിയെ എല്ലാം ഉറപ്പായും മാറും. ചെറിയ പെൺകുട്ടികൾ ചെറിയപെൺകുട്ടികൾ തന്നെയായിരിക്കട്ടെ. ആദ്യ ആർത്തവം മുതൽ അവരെ ‘പക്വതയുള്ളവർ’ ആയി കാണരുത്. അവരുടെ പുസ്തകങ്ങളിൽ നിന്നും ലൈംഗിക പഠന പേജുകൾ ഒഴിവാക്കരുത്. നിങ്ങളുടെ പെൺകുട്ടികളോടും ആൺകുട്ടികളോടും അതിനെക്കുറിച്ചു സംസാരിക്കുക. അതിനുമേലുള്ള ലജ്ജയും വിലക്കും നീക്കുക. ആർത്തവം സാധാരണമാണ്, ലളിതവും’, ജ്യോത്സ്ന കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com