വിനീതിന്റെ ‘ഹൃദയ’ത്തിലെ ആദ്യ പാട്ടിന്റെ ടീസർ പുറത്ത്; തിളങ്ങി കല്യാണിയും പ്രണവും

Mail This Article
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹൃദയ’ത്തില ആദ്യ പാട്ടിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ ‘ദർശനാ’ എന്ന പാട്ട് ഹിഷാമും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ദർശന രാജേന്ദ്രനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ ഏളാട്ട് പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു.
ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ടീസർ ട്രെൻഡിങ്ങിൽ മുൻനിരയിലെത്തി. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. പാട്ടിന്റെ പൂർണ പതിപ്പിനു വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആസ്വാദകപക്ഷം. നിരവധി പേർ വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി. ആകെ 15 പാട്ടുകളാണ് ‘ഹൃദയത്തി’ലുള്ളത്.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ഹൃദയം’. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷമാണ് മെറിലാന്‍ഡ് സിനിമാ നിര്‍മ്മാണത്തിലേക്കു തിരിച്ചെത്തുന്നത്.