ADVERTISEMENT

രണ്ടാം വിവാഹത്തെക്കുറിച്ചു മനസ്സു തുറന്ന് സംഗീതസംവിധായകൻ ഡി.ഇമ്മൻ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി താനും തന്റെ കുടുംബവും അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരമാണീ വിവാഹമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വിവാഹ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇമ്മന്റെ കുറിപ്പ്. 

 

‘മെയ് 15നായിരുന്നു അമേലിയയുമായുള്ള എന്റെ പുനർവിവാഹം. ഞാൻ ഏറ്റവുമധികം പ്രയാസം നേരിട്ട എന്റെ കഠിനമായ നിമിഷങ്ങളിൽ ഒപ്പം നിന്ന പിതാവ് ഡേവിഡ് കിരുബാ​ഗര ദാസിനോടാണ് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത്. എന്നെ വിട്ടുപിരിഞ്ഞ അമ്മ മഞ്ജുള ഡേവിഡിന്റെ ആശീർവാദവും എനിക്കാവശ്യമാണ്. അമേലിയയിലേക്കെത്താൻ സഹായിച്ചതിന് എല്ലാ കുടുംബാംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നു. അമേലിയുടെ മകൾ നേത്ര ഇനിമുതൽ എന്റെ മൂന്നാമത്തെ മകളായിരിക്കും. ഞങ്ങളുടേത് വീട്ടുകാർ തമ്മിൽ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാനും എന്റെ കുടുബവും അനുഭവിച്ചുകൊണ്ടിരുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമാണീ വിവാഹം. 

 

എന്റെ മക്കളായ വെറോണിക്കയ‌േയും ബ്ലെസീക്കയേയും ആണ് പുനർവിവാഹത്തിൽ എനിക്ക് ഏറ്റവുമധികം മിസ് ചെയ്തത്. എന്നെങ്കിലും അവർ വീട്ടിലേക്ക് വരുന്നതും കാത്ത് ക്ഷമയോടെയിരിക്കുകയാണ് ഞാൻ. അമാലിയും നേത്രയും ഞങ്ങളെല്ലാവരും അവരെ ഒരുപാട് സ്നേഹത്തോടെ സ്വീകരിക്കും. എന്നെ പിന്തുണച്ച സംഗീതാസ്വാദകരോടു നന്ദിയും സ്നേഹവും അറിയിക്കുകയാണ്’, ഇമ്മൻ കുറിച്ചു.

 

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് രണ്ടാം വിവാഹവാർത്ത ഇമ്മൻ വെളിപ്പെടുത്തിയത്. അന്തരിച്ച കോളിവുഡ് കലാസംവിധായകൻ ഉബാൽദിന്റെ മകളാണ് അമേലിയ. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ വൈറൽ ആയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

 

2008 ൽ ആയിരുന്നു മോണിക്ക റിച്ചാർഡുമായി ഡി.ഇമ്മന്റെ ആദ്യ വിവാഹം. കഴിഞ്ഞ വർഷം ഇരുവരും വിവാഹമോചിതരായി. 13 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേർപിരിയൽ. ഈ ബന്ധത്തിലാണ് വെറോണിക്ക, ബ്ലെസീക്ക എന്നീ മക്കൾ.

 

‘തമിഴൻ’ എന്ന ചിത്രത്തിലൂടെയാണ് ഡി.ഇമ്മൻ സംഗീതരംഗത്തു ചുവടുറപ്പിച്ചത്. പിന്നീട് സംഗീതസംവിധായകനും ഗായകനുമായി അദ്ദേഹം തിളങ്ങി. തമിഴിനു പുറമേ കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങൾക്കു വേണ്ടിയും സംഗീതമൊരുക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com