ഉത്സവ വേദിയിൽ ചിലങ്ക കെട്ടിയാടി നവ്യ നായർ; വിഡിയോ

Mail This Article
ആസ്വാദകരുടെ മനം നിറച്ച് നടി നവ്യ നായരുടെ നൃത്താർച്ചന. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഭരതനാട്യവുമായി നവ്യ വേദിയിലെത്തിയത്. ധനലക്ഷ്മിയും ശ്രുതിയും നവ്യയ്ക്കൊപ്പം ചുവടുവച്ചു. ചാരുകേശി വർണത്തിലായിരുന്നു തുടക്കം. തുടർന്ന് ചിദംബര സ്തുതിയിൽ നവ്യയും കൂട്ടരും നൃത്താവിഷ്കാരം ചമച്ചു.
നവ്യയുടെയും കൂട്ടരുടെയും നൃത്താർച്ചന കാണാൻ ദർബാർ ഹാളിൽ ആളുകൾ തിങ്ങി നിറഞ്ഞു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നൃത്താർച്ചന നടത്താൻ സാധിച്ചതിൽ ഏറെ സന്തോഷിക്കുന്നുവെന്നും ഇത് ദൈവം നൽകിയ അവസരമായാണു കാണുന്നതെന്നും നവ്യ പ്രതികരിച്ചു. കലയെ ഏറെ ആസ്വദിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ആളുകളാണ് വേദിയിലും സദസ്സിലുമുണ്ടായിരുന്നതെന്നും അവർക്കു മുന്നിൽ ചിലങ്ക കെട്ടിയാടാൻ സാധിച്ചത് മികച്ച അവസരമായി കാണുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
അഭിനയത്തിലെന്ന പോലെ നവ്യ നൃത്ത വേദികളിലും സജീവമാണ്. മാതംഗി എന്ന േപരിൽ സ്വന്തമായി നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. കഴിഞ്ഞ വിജയദശമി ദിനത്തിലാണ് നവ്യ പുത്തൻ സംരംഭത്തിനു തുടക്കം കുറിച്ചത്. നിരവധി വിദ്യാർഥികൾ നവ്യയുടെ കീഴിൽ നൃത്തം അഭ്യസിക്കുന്നുണ്ട്.