പാശ്ചാത്യ സംഗീതത്തിന്റെ മേമ്പൊടിയോടെ ‘എമ്പുരാനേ...’; പുത്തൻ അനുഭവം പകർന്ന് സൗപർണിക നായർ

Mail This Article
ആസ്വാദകഹൃദയങ്ങളിൽ ചേക്കേറിയ ‘എമ്പുരാനേ...’ ടൈറ്റിൽ ഗാനത്തിനു കവർ പതിപ്പുമായി ലോകവേദികളിലെ മലയാളിസ്വരം സൗപർണിക നായർ. എമ്പുരാന്റെ നിരവധി കവർ പതിപ്പുകൾ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമാണ് സൗപർണികയുടെ ആലാപനവും അവതരണവും. കീബോർഡിന്റെ സഹായത്തിൽ പാശ്ചാത്യ സംഗീതത്തിന്റെ മേമ്പൊടി ചേർത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികളുടെ കൃത്യമായ ഉച്ചാരണ രീതിയും അത് ആലപിക്കാൻ എടുത്തിരിക്കുന്ന ബാഗ്രൗണ്ടും ശ്രദ്ധേയമായിക്കഴിഞ്ഞു.
എമ്പുരാന്റെ റിലീസിന് മുന്നോടിയായി സൗപർണിക തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ചിത്രത്തിന് ആശംസകൾ നേർന്നിരുന്നു. ചിത്രം കാണാൻ വളരെയധികം ആഗ്രഹമുണ്ടെന്നും സൗപർണിക വിഡിയോയിൽ പറയുന്നു. ബ്രിട്ടൻ ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച സൗപർണികയ്ക്ക് ആശംസകൾ നേർന്നുകൊണ്ടുള്ള മോഹൻലാലിന്റെ ശബ്ദ സന്ദേശവും സൗപർണിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സൗപർണികയുടെ കഴിവിൽ അഭിമാനിക്കുന്നുവെന്നും റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിനുള്ള ആത്മവിശ്വാസത്തെ അഭിനന്ദിക്കുന്നു എന്നുമാണ് മോഹൻലാൽ അന്നു പറഞ്ഞത്. ഇപ്പോഴിതാ ഈ രണ്ട് വിഡിയോകളും ശ്രദ്ധേയമായിക്കഴിഞ്ഞു.
‘സൗ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സൗപർണികയുടെ, ലോകവേദിയിലെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ അഭിമാനത്തോടെയാണ് ഇന്ത്യയിലെ സംഗീത ആസ്വാദകർ ഏറ്റെടുത്തത്. സൈമൺ കോവെൽ, അമൻഡ ഹോൾഡൻ, അലേഷ ഡിക്സൺ, ഡേവിഡ് വാല്യംസ് എന്നീ വിധികർത്താക്കളുടെ ചോദ്യങ്ങൾക്കു തികഞ്ഞ ആത്മവിശ്വാസത്തോടെയും ഊർജത്തോടെയുമായിരുന്നു സൗപർണികയുടെ മറുപടി. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ക്വയറുകളിൽ ഒന്നായ ‘യങ് വോയ്സസി’ന്റെ സെലിബ്രിറ്റി ഗസ്റ്റ് ആയും സൗപർണികയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. ബിബിസി ചാനലിലെ മൈക്കൽ മക്കന്റൈയേഴ്സ് ബിഗ് ഷോയിലും ഈ മിടുക്കിക്ക് അവസരം ലഭിച്ചിട്ടുണ്ട്. യുകെയിലെ നിരവധി സംഗീത പരിപാടികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സൗപർണിക മികവ് തെളിയിച്ചിട്ടുണ്ട്. സൗപർണിക നായർ എന്ന യുട്യൂബ് ചാനലിലും പാട്ടുമായി സജീവമാണ് ഈ ഗായിക.