മിസോറമിൽ സെഡ്പിഎം അധികാരത്തിൽ; എംഎൻഎഫ് പുറത്ത്, മുഖ്യമന്ത്രിയടക്കം തോറ്റു
Mail This Article
കൊൽക്കത്ത ∙ 36 വർഷം മാറിമാറി ഭരിച്ച മിസോ നാഷനൽ ഫ്രണ്ടിനെയും (എംഎൻഎഫ്) കോൺഗ്രസിനെയും പുറന്തള്ളി പ്രാദേശിക പാർട്ടികളുടെയും പൗരസംഘടനകളുടെയും കൂട്ടായ്മയായ സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) മിസോറമിൽ അധികാരത്തിലെത്തി. 40 അംഗ നിയമസഭയിൽ സെഡ്പിഎം 27 സീറ്റ് നേടിയപ്പോൾ നിലവിലെ ഭരണകക്ഷിയായ എംഎൻഎഫിന് ലഭിച്ചത് 10 സീറ്റ് മാത്രം. കോൺഗ്രസ് ഒരു സീറ്റിലേക്ക് ചുരുങ്ങിയപ്പോൾ ബിജെപി 2 സീറ്റിൽ ജയിച്ചു.
എംഎൻഎഫ് നേതാവും മുഖ്യമന്ത്രിയുമായ സോറാംതാംഗ, ഉപമുഖ്യമന്ത്രി താവ്നുലിയ, കോൺഗ്രസ് അധ്യക്ഷൻ ലാൽസാത്‌വ തുടങ്ങിയവർ തോറ്റു. സെഡ്പിഎം നേതാവ് ലാൽഡുഹോമ പുതിയ മുഖ്യമന്ത്രിയാകും. ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മുൻ ഐപിഎസ് ഓഫിസറാണ് ലാൽഡുഹോമ. മിസോ സമാധാനശ്രമങ്ങളിലെ പ്രത്യേക ദൂതനുമായിരുന്നു. 3 തവണ മുഖ്യമന്ത്രിയായിരുന്ന സോറാംതാംഗ ഗവർണറെ കണ്ട് രാജിക്കത്ത് നൽകി.