ഐടി റിട്ടേണിലെ പൊരുത്തക്കേടിന് അറിയിപ്പ്; മറുപടി നൽകണം

Mail This Article
ന്യൂഡൽഹി ∙ ആദായനികുതി റിട്ടേണിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട് ചില നികുതിദായകർക്ക് ‘ഉപദേശസ്വഭാവമുള്ള’ അറിയിപ്പ് നൽകിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. ഇത് നോട്ടിസ് അല്ലെന്നും വ്യക്തമാക്കി.
ആദായനികുതി റിട്ടേണിൽ നൽകിയ വിവരങ്ങളും ബാങ്കുകൾ, ഫോറെക്സ് ഡീലർമാർ അടക്കമുള്ള ‘റിപ്പോർട്ടിങ് എന്റിറ്റി’കളിൽ നിന്നുള്ള വിവരങ്ങളും ഒത്തുനോക്കുമ്പോൾ ശ്രദ്ധയിൽപെട്ട പൊരുത്തക്കേടുകളിന്മേലാണ് അറിയിപ്പ്. ടിഡിഎസ്/ടിസിഎസ് നികുതി ഡിഡക‍്ഷൻ അടക്കമുള്ള വിഷയങ്ങളാണ് അറിയിപ്പിൽ പരാമർശിക്കുന്നത്. വകുപ്പിന്റെ കംപ്ലയൻസ് പോർട്ടൽ വഴി നികുതിദായകനിൽ നിന്ന് അഭിപ്രായം തേടുകയും ആവശ്യമെങ്കിൽ റിട്ടേണുകൾ പുതുക്കി സമർപ്പിക്കാൻ അവസരം നൽകുകയുമാണ് ലക്ഷ്യം. വൈകിയ റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 31 ആണ്. ഇത്തരം അറിയിപ്പ് ലഭിച്ചവർ അടിയന്തരമായി മറുപടി നൽകണമെന്നും നിർദേശമുണ്ട്.