യാത്ര കഴിഞ്ഞ് രാഹുൽ; ഇനി പ്രചാരണം
Mail This Article
ന്യൂഡൽഹി ∙ 2 മാസം നീണ്ട ഭാരത് ജോഡോ ന്യായ് പര്യടനം പൂർത്തിയായതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണക്കളത്തിലേക്കു രാഹുൽ ഗാന്ധി സജീവമായി ഇറങ്ങുന്നു. ദക്ഷിണേന്ത്യയിലടക്കം പ്രചാരണത്തിനിറങ്ങാൻ രാഹുലിന് ഇനിയും സാധിച്ചിട്ടില്ല. സ്ഥാനാർഥിയായി മത്സരിക്കുന്ന വയനാട്ടിലും പ്രചാരണം ആരംഭിക്കാനായിട്ടില്ല.
ദേശീയതലത്തിൽ ബിജെപിയോടു പിടിച്ചുനിൽക്കാൻ ദക്ഷിണേന്ത്യയിലെ മുന്നേറ്റം കോൺഗ്രസിന് അനിവാര്യമാണ്. താരപ്രചാരകനായി രാഹുൽ എത്രയും വേഗമെത്തണമെന്നു തെലങ്കാന, കർണാടക അടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ യാത്രയിലായതിനാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയാണ് ഇതുവരെ പ്രചാരണം നയിച്ചത്. ആ ചുമതല ഇനി രാഹുൽ ഏറ്റെടുക്കും. ബിജെപിയുടെ ശക്തികേന്ദ്രമായ ഉത്തരേന്ത്യയിൽ ഒബിസി വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനായിരിക്കും ഊന്നൽ നൽകുക.
അഖിലേഷ് യാദവ് (യുപി), തേജസ്വി യാദവ് (ബിഹാർ), ഉദ്ധവ് താക്കറെ, ശരദ് പവാർ (മഹാരാഷ്ട്ര), എം.കെ.സ്റ്റാലിൻ (തമിഴ്നാട്), അരവിന്ദ് കേജ്‌രിവാൾ (ഡൽഹി) എന്നിവർക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ രാഹുലിന്റെ സംയുക്ത പ്രചാരണവും പരിഗണനയിലുണ്ട്. യാത്ര സമാപിച്ചതോടെ, പാർട്ടിയുടെ സംഘടനാസംവിധാനം പൂർണമായി ഇനി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. യാത്രയിൽ പങ്കാളിയാവുകയും സീറ്റ് നിർണയമടക്കം ഡൽഹിയിലെ പാർട്ടി ചർച്ചകൾക്കു ചുക്കാൻ പിടിക്കുകയും ചെയ്ത സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഇനി ആലപ്പുഴയിൽ സജീവ പ്രചാരണത്തിലേക്കു കടക്കും.
യുപിയിലെ അമേഠിയിലും രാഹുൽ മത്സരിക്കുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അമേഠിയിൽ മത്സരത്തിനിറങ്ങിയാൽ ഏറെസമയം അവിടെ ചെലവഴിക്കേണ്ടി വരുമെന്നും മറ്റിടങ്ങളിലെ പ്രചാരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഒരു വിഭാഗം വാദിക്കുന്നു. സ്മൃതി ഇറാനിക്കെതിരെ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനട്ടയെ സ്ഥാനാർഥിയാക്കണമെന്നാണ് ഇവരുടെ അഭിപ്രായം.