ADVERTISEMENT

തിരുവനന്തപുരം ∙ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ അഗ്നികുൽ കോസ്മോസിന്റെ ‘അഗ്നിബാൺ’ റോക്കറ്റ് കുതിച്ചുയർന്നപ്പോൾ ‘3ഡി പ്രിന്റ്’ ചെയ്ത റോക്കറ്റ് എൻജിനും ലോകത്തിന്റെ ശ്രദ്ധയിലെത്തി. സെമി ക്രയോജനിക് റോക്കറ്റ് എൻജിൻ നിർമിക്കാൻ അഗ്നികുൽ കോസ്മോസ്, അഡിറ്റീവ് മാനുഫാക്ചറിങ് എന്ന 3ഡി പ്രിന്റിങ് വകഭേദമാണ് ഉപയോഗിച്ചത്.  ലേസർ ഉപയോഗിച്ച് ലോഹം ഉരുക്കി നിർമിക്കുന്ന സെലക്ടീവ് ലേസർ മെൽറ്റിങ് രീതിയും ഇതിൽ പ്രയോഗിച്ചെന്ന് കേരള സ്റ്റാർട്ടപ് മിഷനു കീഴിലെ സൂപ്പർ ഫാബ് ലാബ് ടെക്നിക്കൽ ഓഫിസർ ജോജിൻ ഫ്രാൻസിസ് പറഞ്ഞു. 

നിർമാണം എങ്ങനെ? 

ഒരു കടലാസിൽ നൂറു കണക്കിനു വൃത്തങ്ങൾ പ്രിന്റ് എടുത്ത ശേഷം മുറിച്ചെടുത്ത് മേൽക്കുമേൽ ഒട്ടിച്ചാൽ ഒരു കുഴൽ നിർമിക്കാം. അതുപോലെയാണ് അഡിറ്റീവ് മാനുഫാക്ചറിങ്. കംപ്യൂട്ടറിന്റെ സഹായത്തോടെ ഡിസൈൻ (സിഎഡി) തയാറാക്കി സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യും. അതിനെ എത്രത്തോളം ചെറിയ പാളികളായി മുറിച്ചെടുക്കാൻ കഴിയുമെന്നു നോക്കിയാണ് നിർമിക്കാനാവശ്യമായ വസ്തുക്കൾ (പ്ലാസ്റ്റിക്, ക്ലേ, ലോഹങ്ങളും ലോഹ സങ്കരങ്ങളും തുടങ്ങിയവ) നിറയ്ക്കുക. 

റോക്കറ്റ് എൻജിൻ നിർമിക്കുമ്പോൾ, വിവിധ ദിശകളിൽ ചലിക്കാൻ കഴിയുന്ന റോബട്ടിക് യന്ത്രത്തിന്റെ നോസിലിലൂടെ തീരെ ചെറിയ പാളികളായി മേൽക്കുമേൽ ലോഹപ്പൊടി വിതറും. അതിലേക്ക് ലേസർ കിരണങ്ങൾ പതിപ്പിച്ച് ഉരുക്കിച്ചേർക്കും. എൻജിന്റെ രൂപം പൂർത്തിയാകുന്നതുവരെ ഇത് ആയിരക്കണക്കിനു തവണ ആവർത്തിക്കും. അതിനിടയിൽ എൻജിന്റെ ഉൾഭാഗത്തു നിർമിക്കേണ്ട കുഴലുകൾ, വളയങ്ങൾ തുടങ്ങിയ ഘടകങ്ങളെല്ലാം രൂപപ്പെട്ടിരിക്കും. 

ഗുണങ്ങൾ

 ∙പരമ്പരാഗത റോക്കറ്റ് എൻജിൻ നിർമാണത്തിനു വേണ്ട വെൽഡിങ്, സ്ക്രൂ, നട്ട്, ബോൾട്ട് തുടങ്ങിയ ഒട്ടേറെ വസ്തുക്കൾ ഒഴിവാക്കാം. 

∙ഭാരവും ചെലവും കുറയും. ഡിസൈൻ ചെയ്യുന്നതിൽ ചെറിയ വ്യത്യാസം പോലും ഉണ്ടാകില്ല. 

∙എൻജിന്റെ ഉള്ളിലെ സങ്കീർണ ഘടകങ്ങൾ നിർമിച്ചു ചേർക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം. 

ഐഎസ്ആർഒയും 

ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) മേയ് ആദ്യവാരം ഒരു റോക്കറ്റ് ഘടകം നിർമിച്ചു വിജയകരമായി പരീക്ഷിച്ചിരുന്നു. പിഎസ്എൽവി റോക്കറ്റിന്റെ നാലാം ഘട്ടമാണ് വിപ്രോ 3ഡിയുടെ സഹായത്തോടെ ഐസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) നിർമിച്ചത്. 

മുൻപ് ഇത്തരമൊരു ഭാഗത്തിൽ കൂട്ടിച്ചേർക്കേണ്ട 14 ഘടകങ്ങൾ ഉണ്ടായിരുന്നത് എല്ലാം കൂടി ഒറ്റ ഭാഗമായി മാറി. വെൽഡിങ് നടത്തി കൂട്ടിച്ചേർക്കേണ്ടിയിരുന്ന 19 ഭാഗങ്ങൾ ഒഴിവായി. ഒരു എൻജിൻ നിർമിക്കാൻ ലോഹ ഷീറ്റുകൾ ഉൾപ്പെടെ 565 കിലോഗ്രാം ലോഹം വേണ്ടിയിരുന്ന സ്ഥാനത്ത് 13.7 കിലോഗ്രാം ലോഹ പൊടി മാത്രം മതിയെന്നതും നിർമാണത്തിനാവശ്യമായ സമയത്തിൽ 60% ലാഭിക്കാൻ കഴിഞ്ഞെന്നതും ഐഎസ്ആർഒയ്ക്ക് നേട്ടമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com