ADVERTISEMENT

2025 ൽ പുതിയ തുടക്കം എന്ന നിലയിൽ പുതിയ ബംഗ്ലാവിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് രൺബീർ കപൂറും ആലിയ ഭട്ടും. മകൾ രാഹയ്ക്കുള്ള സമ്മാനമായാണ് കൃഷ്ണരാജ് ബംഗ്ലാവ്  നവീകരിച്ചത്. വീടിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. രൺബീറിന്റെ കുടുംബ വീടായ കൃഷ്ണരാജിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏതാനും വർഷങ്ങളായി തുടർന്നു വരികയായിരുന്നു.

നിർമാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായതോടെ പാലി ഹില്ലിൽ തലയെടുപ്പോടെ നിൽക്കുകയാണ് ഇപ്പോൾ കൃഷ്ണരാജ് ബംഗ്ലാവ്. നിലവിൽ 250 കോടിയാണ് വീടിന്റെ വിലമതിപ്പ്. ആകെ ആറ് നിലകൾ ഉൾപ്പെടുന്ന ബംഗ്ലാവിന്റെ ഉൾഭാഗത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല.

76 വർഷത്തെ പഴക്കമാണ് കൃഷ്ണരാജ് ബംഗ്ലാവിനുള്ളത്. 1980 മുതൽ ഋഷി കപൂറിൻ്റെയും നീതു കപൂറിന്റെയും ഉടമസ്ഥതയിലാണ് വീട്. ഋഷി കപൂറിന്റെ മാതാപിതാക്കളായ രാജ് കപൂറിൻ്റെയും കൃഷ്ണ കപൂറിന്റെയും പേരുകൾ ചേർത്താണ് കൃഷ്ണരാജ് എന്ന് ബംഗ്ലാവിന് പേര് നൽകിയിരിക്കുന്നത്.

ഋഷി കപൂറിന്റെ വിവാഹം മുതലിങ്ങോട്ട് കപൂർ കുടുംബത്തിലെ പല പ്രധാന ചടങ്ങുകൾക്കും വേദിയായതും ഈ ബംഗ്ലാവാണ്. കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും താൽപര്യങ്ങൾക്ക് അനുസൃതമായി പ്രത്യേക ഇടങ്ങളാണ് ബംഗ്ലാവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം നില നീതു കപൂറിൻ്റെ സ്വകാര്യ ഇടം ആയിരിക്കും.  രൺബീറും ആലിയയും രാഹയും മറ്റൊരു നിലയിലാവും താമസിക്കുക. എന്നാൽ രാഹയ്ക്ക് വേണ്ടി ഒരു പ്രത്യേക നിലയും ഇവിടെ നീക്കിവച്ചിട്ടുണ്ട്. രൺബീറിന്റെ സഹോദരിക്കും കുടുംബത്തിനുമാണ് മറ്റൊരു നില. ഋഷി കപൂറിന്റെ ഓർമകൾ നിലനിർത്താനായി ഒരു പ്രത്യേക മുറിയും കുടുംബം ഇവിടെ ഒരുക്കിയിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന കസേരയും ഷെൽഫും അടക്കമുള്ള വസ്തുക്കൾ ഇവിടെ സൂക്ഷിക്കും.

നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതു മുതൽ രൺബീറും ആലിയയും നീതു കപൂറും ഇവിടെ നേരിട്ടെത്തി മേൽനോട്ടം വഹിച്ചിരുന്നു. ബംഗ്ലാവ് രാഹയുടെ പേരിൽ രജിസ്റ്റർ ചെയ്യാനാണ് രൺബീർ ആഗ്രഹിക്കുന്നത്. ഔദ്യോഗികമായി താരകുടുംബം ഇവിടെ താമസിക്കുന്നതോടെ ഈ മേഖലയിൽ തന്നെ ഏറ്റവും വിലമതിപ്പേറിയ വീടായി കൃഷ്ണരാജ് ബംഗ്ലാവ് മാറും.

English Summary:

Ranbir Aaliya and Raha to move to New luxury bungalow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com