ADVERTISEMENT

ന്യൂഡൽഹി ∙ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ നിർണായക മുന്നേറ്റത്തിനു വഴിയൊരുക്കി ടൈഗർ ഹില്ലിൽ കരസേന ത്രിവർണപതാക പാറിച്ചതിന് 25 വയസ്സ്. ടൈഗർ ഹിൽ നിയന്ത്രണത്തിലാക്കി 25 വർഷം പൂർത്തിയായ ഇന്നലെ നടന്ന ചടങ്ങിൽ സേനാംഗങ്ങളുമായി സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ കൂടിക്കാഴ്ച നടത്തി. യുദ്ധമുറകൾ അതിവേഗം മാറുകയാണെന്നും ഭാവി വെല്ലുവിളികൾ നേരിടാൻ സേന സജ്ജമായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

tiger-hill

നുഴഞ്ഞുകയറിയ പാക്ക് സൈനികരിൽനിന്ന് 1999 ജൂലൈ നാലിനാണ് ഇന്ത്യൻ സേന ടൈഗർ ഹിൽ തിരിച്ചുപിടിച്ചത്. കാർഗിലിൽ ‘ഓപ്പറേഷൻ വിജയ്’ എന്നു പേരിട്ട സൈനിക നടപടിയിലെ നിർണായക വഴിത്തിരിവായിരുന്നു ഇത്. തുടർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ പാക്ക് സൈനികരെ പൂർണമായി തുരത്തി ജൂലൈ 26ന് സേന വിജയമാഘോഷിച്ചു.

ടൈഗർ ഹിൽ തിരിച്ചുപിടിക്കാൻ ‘18 ഗ്രനഡിയേഴ്സ്’ സേനാവിഭാഗമാണു മുന്നിൽനിന്നത്. ഇവരുടെ മുന്നേറ്റത്തിനു വഴിയൊരുക്കി ജൂൺ 27ന് ടൈഗർ ഹിൽ ലക്ഷ്യമിട്ട് നേരിട്ടുള്ള ആക്രമണം പീരങ്കിപ്പട ആരംഭിച്ചു. ജൂലൈ മൂന്നിനു പുലർച്ചെ 5.15നാണ് ഹിൽ പിടിക്കാനുള്ള പോരാട്ടത്തിന്റെ അവസാനഘട്ടം ആരംഭിച്ചത്. സേനയുടെ ഷെല്ലാക്രമണത്തിന്റെ മറവിൽ കാലാൾപ്പട മലമുകളിലേക്കു നീങ്ങി. ജൂലൈ നാലിനു പുലർച്ചെ 4 മണിയോടെ സേനാസംഘം ശത്രുസൈനികരുമായി മുഖാമുഖമെത്തി. നേരിട്ടുള്ള പോരാട്ടത്തിൽ 10 പാക്ക് സൈനികരെ വധിച്ചു. 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. പുലർച്ചെ 6.50ന് ഇന്ത്യയുടെ വീരപുത്രന്മാർ മലമുകളിൽനിന്നു സന്ദേശമയച്ചു: ‘ടൈഗർ ഹിൽ വീണ്ടും നമ്മുടേത്’.

English Summary:

25 years since Tiger Hill was recaptured in the Kargil War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com