‘സുപ്രധാന പ്രതിരോധ യൂണിറ്റിനു നേരെ സൈബർ ആക്രമണമുണ്ടായി’; വെളിപ്പെടുത്തി കേന്ദ്ര സർക്കാർ റിപ്പോർട്ട്
Mail This Article
ന്യൂഡൽഹി∙ കഴിഞ്ഞ വർഷം രാജ്യത്തെ ഒരു സുപ്രധാന പ്രതിരോധ യൂണിറ്റിനു നേരെ സൈബർ ആക്രമണമുണ്ടായതായി കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. യൂണിറ്റ് ഏതെന്നു വ്യക്തമാക്കിയിട്ടില്ല. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള സങ്കീർണമായ സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്ന വർഷമാണ് 2023 എന്നാണ് മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലെ പരാമർശം. ഒരു പ്രതിരോധ യൂണിറ്റിനു നേരെ റാൻസംവെയർ ആക്രമണമാണുണ്ടായത്. ഫയലുകൾ ലോക്ക് ചെയ്ത ശേഷം അവ തുറന്നു നൽകാനായി മോചനദ്രവ്യം തേടുന്ന ആക്രമണ രീതിയാണ് റാൻസംവെയർ.
ഇതിനു പുറമേ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ വിവരം പുറത്തുവന്ന വിവരച്ചോർച്ചയെക്കുറിച്ചും പരാമർശമുണ്ട്. കോവിൻ പോർട്ടലിലെ വിവരച്ചോർച്ചയെക്കുറിച്ചാണ് പരാമർശമെന്നാണ് സൂചന. ഒരു മന്ത്രാലയത്തിനു നേരെ മാൽവെയർ ആക്രമണവും വിമാനത്താവളങ്ങൾ അടക്കമുള്ള സുപ്രധാന സ്ഥാപനങ്ങൾക്കു നേരെ ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ്) ആക്രമണവും 2023ൽ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഒരേ സമയം ലക്ഷക്കണക്കിനു ഡിവൈസുകളിൽ നിന്നു ഒരു പ്രത്യേക ഐപി വിലാസത്തിലേക്ക് മലവെള്ളപ്പാച്ചിൽ പോലെ റിക്വസ്റ്റുകൾ അയച്ച് പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനെയാണ് ഡിഡിഒഎസ് എന്നു വിളിക്കുന്നത്.