യുഎസ് സർവകലാശാല ക്യാംപസുകൾ ഇന്ത്യയിൽ

Mail This Article
ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസമേഖലയിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യ–യുഎസ് ധാരണ. യുഎസിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓഫ് ക്യാംപസ് സെന്ററുകൾ ഇന്ത്യയിൽ തുടങ്ങും. ജോയിന്റ് / ഡ്യുവൽ ഡിഗ്രികൾ, ട്വിന്നിങ് പ്രോഗ്രാമുകൾ എന്നിവ ഇരു രാജ്യത്തെയും സർവകലാശാലകൾ ചേർന്നു ലഭ്യമാക്കാനും മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു. 3 ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിലുള്ളത്. ഇതിലൂടെ 8 ബില്യൻ ഡോളറാണ് (ഏകദേശം 6,92,66 കോടി രൂപ) യുഎസിനുള്ള വരുമാനം. 2022-23 ൽ 268,923 ആയിരുന്നു ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം. ഇതു 2023–24 ൽ 3,31,602 ആയി വർധിച്ചു.
എഐ ഗവേഷണത്തിന് യുഎസ് സഹകരണം
ന്യൂഡൽഹി ∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഗവേഷണത്തിനുള്ള അടിസ്ഥാന സൗകര്യവികസനം ഊർജിതമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഡേറ്റ സെന്ററുകൾ, കംപ്യൂട്ടിങ് ശേഷി (ചിപ്പുകൾ) എന്നിവയ്ക്കായിരിക്കും ഊന്നൽ. ഇതുവഴി യുഎസിൽ നിന്നുള്ള എഐ ഹാർഡ്‍വെയർ ഇന്ത്യയിൽ കൂടുതലായി എത്തിയേക്കാം. പ്രതിരോധം, എഐ, സെമികണ്ടക്ടറുകൾ (ഇലക്ട്രോണിക് ചിപ്), ക്വാണ്ടം കംപ്യൂട്ടിങ്, ബയോടെക്നോളജി, ബഹിരാകാശം തുടങ്ങിയവയിലെ സഹകരണം ശക്തമാക്കുന്നതിനായി ‘യുഎസ്–ഇന്ത്യ ട്രസ്റ്റ്’പദ്ധതി പ്രഖ്യാപിച്ചു. പുതുതലമുറ സാങ്കേതികവിദ്യകൾക്കായി യുഎസ് നാഷനൽ സയൻസ് ഫൗണ്ടേഷനും കേന്ദ്രസർക്കാരിന്റെ അനുസന്ധാൻ നാഷനൽ റിസർച് ഫൗണ്ടേഷനും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. സെമി കണ്ടക്ടർ, മെഷീൻ ലേണിങ്, പുതുതലമുറ ടെലി കമ്യൂണിക്കേഷൻ, ഫ്യൂച്ചർ ബയോ മാനുഫാക്ചറിങ്, ഇന്റലിജന്റ് ട്രാൻസ്പോർട്ടേഷൻ എന്നിവയെല്ലാം സംയുക്ത ഗവേഷണം നടത്തും.
-
Also Read
അദാനി: മോദിയെ വിമർശിച്ച് രാഹുൽ