വീട് കടലെടുത്ത ഫുട്ബോൾ താരം പ്രീതയ്ക്കു സഹായവുമായി ലുലു ഗ്രൂപ്പ്

Mail This Article
∙ മനോരമ വാർത്ത തുണയായി
തിരുവനന്തപുരം∙ കടൽക്ഷോഭത്തിൽ വീടു തകർന്ന മുൻ ദേശീയ ഫുട്ബോൾ താരം പ്രീത ജെറാൾഡിന്റെ കുടുംബത്തിനു സഹായവുമായി ലുലു ഗ്രൂപ്പ്. അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകുമെന്നു ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു. പ്രീതയുടെ കുടുംബത്തെ എങ്ങനെ സഹായിക്കാനാവുമെന്നു പരിശോധിക്കുമെന്നു കായിക മന്ത്രി വി.അബ്ദു റഹ്മാനും അറിയിച്ചു. മനോരമ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയും ചിത്രവും ശ്രദ്ധയിൽപെട്ടതോടെയാണ് ഇടപെടൽ.
തിരുവനന്തപുരം വെട്ടുകാട് തീരത്ത് അടുത്തടുത്തു കുടുംബമായി താമസിക്കുന്ന പ്രീതയുടെയും സഹോദരി വിനിതയുടെയും വീടുകളാണു കടലാക്രമണത്തിൽ തകർന്നത്. അടിത്തറ പൂർണമായി ഒലിച്ചു പോയി.
ഈ ഭാഗത്തു മണൽ ചാക്കുകൾ അടുക്കി കടലാക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന സഹോദരിമാരുടെ ചിത്രമാണ് ഇന്നലെ മനോരമ പ്രസിദ്ധീകരിച്ചത്. കടലാക്രമണം വീണ്ടും ശക്തമായാൽ വീട് നിലംപൊത്താം. വീട് അപകടാവസ്ഥയിൽ ആണെന്നു ബോധ്യപ്പെട്ടതോടെ കുടുംബം വാടക വീട്ടിലേക്കു മാറിയിരുന്നു. ലുലു ഗ്രൂപ്പ് നൽകുന്ന തുക ഇരുവർക്കും വീട് നിർമിക്കാൻ ഉപയോഗിക്കുമെന്നു പ്രീത പറഞ്ഞു. കൂടുതൽ സുരക്ഷിതമായ ഒരിടത്തേക്കു മാറി വീട് ഉണ്ടാക്കണമെന്നാണു കുടുംബങ്ങളുടെ താൽപര്യം.
മത്സ്യത്തൊഴിലാളിയായ ജെറാൾഡ് മാനുവലിന്റെയും സനോവ മേരിയുടെയും മകളായ പ്രീത ഇല്ലായ്മകൾക്കിടയിൽ നിന്നാണു കാൽപന്ത് തട്ടി ദേശീയ തലം വരെ എത്തിയത്.
അണ്ടർ 18 ദേശീയ ടീമിൽ കളിച്ച പ്രീത സംസ്ഥാന ടീം ക്യാപ്റ്റനുമായിരുന്നു. ചെറ്റക്കുടിലിൽ താമസിച്ചിരുന്ന താരത്തെ സംബന്ധിച്ചു മനോരമ നേരത്തേ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നു രണ്ട് ലക്ഷം രൂപയുടെ സർക്കാർ സഹായത്തോടെ 2011 ൽ ആണ് ചെറിയ കോൺക്രീറ്റ് വീട് പണിതത്. കടമെടുത്ത് സമീപത്തു സഹോദരി വിനിതയും വീട് നിർമിച്ചു. ഈ വീടുകളാണ് ഇപ്പോൾ തകർന്നത്.
കായിക മികവിന്റെ അടിസ്ഥാനത്തിൽ സ്പോർട്സ് കൗൺസിലിൽ പ്രീതയ്ക്കു ജോലി ലഭിച്ചിരുന്നു. കരകയറാൻ കുടുംബത്തിന് അത്താണിയായതും ആ ജോലിയാണ്.