ADVERTISEMENT

കമ്പം ∙ മയക്കുവെടിവച്ച് പിടികൂടാനെത്തിയവരെ വെട്ടിച്ച് അരിക്കൊമ്പൻ വീണ്ടും കാട്ടിൽ മറഞ്ഞു. ശനിയാഴ്ച രാവിലെ ആറു മുതൽ കമ്പം ടൗണിനെ വിറപ്പിച്ച അരിക്കൊമ്പൻ ഇന്നലെ രാവിലെ പത്തോടെയാണു കാടുകയറിയത്. 

തമിഴ്നാട്ടിലെ മേഘമലയോടു ചേർന്ന ഭാഗത്തു 2 കിലോമീറ്റർ ഉൾക്കാട്ടിലാണ് ആനയുടെ ഇപ്പോഴത്തെ സ്ഥാനമെന്നു വനംവകുപ്പ് പറയുന്നു. ആന കാടിറങ്ങാതിരിക്കാനുള്ള സന്നാഹങ്ങളുമായി ഉദ്യോഗസ്ഥർ മേഖലയിൽ തുടരുകയാണ്.

അരിക്കൊമ്പൻ കാടിറങ്ങിയാൽ മയക്കുവെടിവച്ച് പിടികൂടാൻ അഞ്ചംഗ വിദഗ്ധ സംഘത്തെയും സ്പെഷൽ ടാസ്ക് ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്. അരിക്കൊമ്പനെ മയക്കുവെടി വച്ചാൽ പ്രദേശത്തുനിന്നു നീക്കാനായി മൂന്നു കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. കമ്പം ടൗണിനു സമീപമുള്ള പ്രദേശങ്ങളിൽ തേനി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരും. 

തമിഴ്നാട് വനംമന്ത്രി ഡോ. എം.മതിവേന്തൻ ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

അരിക്കൊമ്പൻ ഇന്നലെ പുലർച്ചെ കമ്പം-കമ്പംമെട്ട് റോഡിന്റെ സമീപം വരെ എത്തിയശേഷം തിരികെ കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയപാത മുറിച്ചുകടന്ന് സുരുളി വെള്ളച്ചാട്ടത്തിനു സമീപമുള്ള കൊടിലിംഗം കോവിലിന്റെ പരിസരത്തെത്തി. യാത്രയ്ക്കിടെ മുന്തിരിത്തോട്ടത്തിന്റെ സംരക്ഷണവേലികളും കൃഷിയിടത്തിന്റെ 2 ഗേറ്റുകളും തകർത്തു. 

പിന്നീടു ജനവാസമേഖലയായ ആനഗജത്തിലേക്കു നീങ്ങിയെങ്കിലും രാവിലെ പത്തോടെ അവിടെനിന്നു കാട്ടിലേക്കു കയറിപ്പോയെന്ന് അധികൃതർ പറയുന്നു.

 

 

∙ "മയക്കുവെടി ഉൾപ്പെടെയുള്ള നടപടികൾക്കു മുൻപായി അരിക്കൊമ്പന്റെ ആരോഗ്യനിലയും പരിഗണിക്കും. നിലവിൽ കൂത്തനാച്ചി വനമേഖലയിലാണു കൊമ്പനുള്ളത്. 24 മണിക്കൂറും ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നു. മയക്കുവെടിവച്ചു പിടികൂടുകയോ ഉൾവനത്തിലേക്ക് ആനയെ തുരത്തുകയോ ചെയ്യും." - ഡോ. എം. മതിവേന്തൻ (തമിഴ്നാട് വനം മന്ത്രി)

English Summary : Elephant moved to forest yesterday morning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com