കൊച്ചിയിലേതിന് സമാന അപകടം 2018ൽ തിരുവനന്തപുരത്തും; കയർ കെട്ടുന്നത് വിലക്കി അന്നേ ഉത്തരവ്
Mail This Article
തിരുവനന്തപുരം ∙ ഗതാഗതം നിയന്ത്രിക്കാൻ റോഡിനു കുറുകെ കയർ കെട്ടുന്നതു വിലക്കി 2018 ഒക്ടോബറിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയിരുന്നു. എന്നിട്ടും പൊലീസിന്റെ സമീപനത്തിൽ മാറ്റമില്ലെന്നു കൊച്ചിയിലെ ദുരന്തം വ്യക്തമാക്കുന്നു. 2012 മേയിൽ നിയമസഭാ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ ഇരുചക്രവാഹനത്തിൽ പോയ പത്രപ്രവർത്തകൻ അനിൽ രാധാകൃഷ്ണന് റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ഗുരുതര പരുക്കേറ്റിരുന്നു.
ഈ സംഭവം മലയാള മനോരമ ‘ഞായറാഴ്ച’യിൽ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും വേണ്ട മാർഗനിർദേശം നൽകാൻ ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തു. ഗതാഗതം തിരിച്ചുവിടുന്ന സ്ഥലത്തിനു വളരെ മുൻപേ അക്കാര്യം അറിയിച്ചു ബോർഡ് വയ്ക്കണമെന്നു ഡിജിപിയുടെ ഉത്തരവിലുണ്ട്. ബാരിക്കേഡുകളും അതിലെ റിഫ്ലക്ടറുകളും ദൂരെനിന്നുതന്നെ കാണാവുന്ന വിധത്തിലായിരിക്കണമെന്നും നിർദേശിച്ചിരുന്നു.
കൊച്ചിയിലുണ്ടായതിനു സമാനമായ ദുരന്തം 2018 ഓഗസ്റ്റിൽ പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ തിരുവനന്തപുരത്തുമുണ്ടായി. പൊലീസ് റോഡിനു കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ തിരുവനന്തപുരം നന്തൻകോട് സ്വദേശി റെനി റോബിൻസൻ (21) മരിച്ചു. അർധരാത്രി കവടിയാർ മൻമോഹൻ ബംഗ്ലാവിനു സമീപമായിരുന്നു അപകടം.