അപ്രതീക്ഷിതം, ‘വിജയ’വഴി; സസ്പെൻഷൻ കാലം കടന്ന് സുപ്രധാന പദവിയിൽ പി.വിജയൻ
Mail This Article
തിരുവനന്തപുരം ∙ അത്ര ‘അഭിമതര’ല്ലാത്ത എഡിജിപിമാരാണ് ഇനി എഡിജിപി എം.ആർ.അജിത്കുമാറിനു ചുറ്റും. കേരള പൊലീസിൽ ‘സൂപ്പർ ഡിജിപി’ എന്നറിയപ്പെട്ടിരുന്ന അജിത്തിനു ചുറ്റും 3 എഡിജിപിമാരെ സുപ്രധാന തസ്തികകളിൽ നിയമിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈകഴുകിയത്. അജിത്തിന്റെ സംരക്ഷകനായ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് അജിത്തിനെ സംരക്ഷിക്കാനായില്ല.
പി.വിജയന്റെ ഇന്റലിജൻസിലേക്കുള്ള വരവ് അപ്രതീക്ഷിതമാണ്. കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതികളെ പിടികൂടി കേരളത്തിലേക്കു കൊണ്ടുവരുന്നതിനിടെ അവരുടെ യാത്രാവിവരം ചില മാധ്യമങ്ങൾക്കു വിജയൻ ചോർത്തി നൽകിയെന്നായിരുന്നു അജിത്തിന്റെ കണ്ടെത്തൽ. കേസിലെ പ്രതി ഷാറുഖ് സെയ്ഫിയുമായി മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്നു വരുമ്പോൾ ആ സംഘത്തിലെ പൊലീസുകാരുമായി വിജയൻ ഫോണിൽ ബന്ധപ്പെട്ടെന്നും അജിത് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 2023 മേയിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. കേരള പൊലീസിലെ തീവ്രവാദവിരുദ്ധ സേനയുടെ തലവനായിരുന്നു അന്ന് ഐജിയായ വിജയൻ.
പിന്നീട് എഡിജിപി കെ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജിത്തിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി. അതിനുശേഷം സസ്പെൻഷൻ അവലോകനം ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 4 അംഗ സമിതി രൂപീകരിച്ചു. 2 തവണ സസ്പെൻഷൻ പിൻവലിക്കാൻ സമിതി ശുപാർശ ചെയ്തിട്ടും സർക്കാർ അനങ്ങിയില്ല. കഴിഞ്ഞ നവംബറിൽ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തു. പിന്നീട് എഡിജിപിയായി സ്ഥാനക്കയറ്റവും നൽകി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമും പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ശ്രീജിത്തും അജിത്തിന് അനഭിമതരാണ്. ഇവർ 3 പേരും ചുറ്റുമിരിക്കെയാണ് എഡിജിപി ബറ്റാലിയൻ ചുമതല അജിത്കുമാർ നിർവഹിക്കേണ്ടിവരുന്നത്.