ആശയക്കുഴപ്പം ഉണ്ടാക്കരുത്; ഉരുൾപൊട്ടൽ പുനരധിവാസം സർക്കാരുകളോട് ഹൈക്കോടതി
Mail This Article
കൊച്ചി ∙ ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽമല-മുണ്ടക്കൈയിൽ പുനരധിവാസ പ്രവർത്തനങ്ങളിൽ കണക്കുകൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനു കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും ഹൈക്കോടതിയുടെ വിമർശനം. കേന്ദ്രം വകയിരുത്തിയ തുകയും സംസ്ഥാനം പ്രതീക്ഷിക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസമെത്ര? വ്യത്യാസമുണ്ടെങ്കിൽ അതിനുള്ള വഴി എന്താണ് തുടങ്ങിയവ അറിയിക്കണമെന്നു കോടതി നിർദേശിച്ചു.
വിവരങ്ങളിൽ വ്യക്തത വരുത്താനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഫിനാൻസ് ഓഫിസറോട് ഇന്നു ഹാജരാകാൻ ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
സഹായത്തെ നടപടിക്രമങ്ങൾ ബാധിക്കരുതെന്നു കോടതി പറഞ്ഞു. ദുരന്തസമയത്ത് സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) എത്ര രൂപയുണ്ടായിരുന്നു, എത്ര രൂപ വിനിയോഗിച്ചു, നിലവിൽ എത്ര രൂപയുണ്ട്, എത്ര രൂപ ചെലവിടാം തുടങ്ങിയ വിവരങ്ങളാണു കോടതി സംസ്ഥാന സർക്കാരിൽനിന്നു തേടിയത്. അനുവദിച്ച തുകയെ സംബന്ധിച്ച് കേന്ദ്രസർക്കാരും അറിയിക്കണം.
ദേശീയ ദുരന്ത പ്രതികരണ നിധിയിൽനിന്ന് 153.467 കോടി രൂപയുടെ സഹായം നൽകിയെന്നു കേന്ദ്രം പറയുന്നുണ്ടെങ്കിലും ഇതു വിനിയോഗിക്കുന്നതിൽ നിബന്ധന വച്ചതു പ്രതിസന്ധിയാണെന്നു കേരളം വിശദീകരിച്ചു. തുടർന്നാണു വ്യക്തത വരുത്താൻ കോടതി നിർദേശിച്ചത്. ദുരന്തമുണ്ടാകുമ്പോൾ സഹായം നേരിട്ടു നൽകാൻ കഴിയുമോ എന്നതിൽ വിശദീകരണം നൽകാമെന്നു കേന്ദ്രസർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.
മഴക്കെടുതി: തമിഴ്നാടിന് കേന്ദ്രത്തിന്റെ 944 കോടി
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാടിന് 944.80 കോടി അടിയന്തര സഹായമായി കേന്ദ്രം അനുവദിച്ചു. കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം അധികത്തുക അനുവദിക്കുന്നതു പരിഗണിക്കുമെന്നും അറിയിച്ചു. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെത്തുടർന്നുള്ള നാശനഷ്ടങ്ങളിൽനിന്നു കരകയറാൻ 2000 കോടി രൂപ അനുവദിക്കണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.
വില്ലുപുരം, കടലൂർ, കള്ളക്കുറിച്ചി, തിരുവണ്ണാമലൈ, ധർമപുരി, കൃഷ്ണഗിരി ജില്ലകളിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജേഷ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ചെന്നൈയിലെത്തി. 2 ദിവസം സംസ്ഥാനത്തു പര്യടനം നടത്തി കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.