ജനുവരിയിലെ റേഷൻ വിതരണം 4 വരെ നീട്ടി

Mail This Article
തിരുവനന്തപുരം ∙ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ഫെബ്രുവരി 5ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി നൽകും. 6 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലെ വൈകിട്ട് 5 വരെ 68.71% കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഗതാഗത കരാറുകാരുടെ പണിമുടക്കു കാരണം ഭക്ഷ്യധാന്യങ്ങളുടെ റേഷൻ വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി റേഷൻ കടകളിലേക്കുള്ള 'വാതിൽപടി' വിതരണം സുഗമമായി നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ കടകളിലും സ്റ്റോക്ക് ലഭ്യമാണ് എന്ന് മന്ത്രി ഇന്നലെയും അവകാശപ്പെട്ടെങ്കിലും കാലിയായതും ഒന്നോ രണ്ടോ ചാക്ക് അരി ശേഷിക്കുന്നതുമായ ഒട്ടേറെ കടകളുടെ ചിത്രങ്ങൾ ഇന്നലെ രാവിലെ മുതൽ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. റേഷൻകടകളിലെ സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി കോംബിനേഷൻ ബില്ലിങ് ഫെബ്രുവരി മാസവും അനുവദിച്ചിട്ടുണ്ട്.