ഭൂനികുതി വരുമാനം മാത്രം താഴേക്ക്; പിഴത്തുക കൂട്ടുമോ ബജറ്റ്?

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ മറ്റെല്ലാ വരുമാനങ്ങളും മുന്നേറുമ്പോൾ ലാൻഡ് റവന്യു, കേന്ദ്ര ഗ്രാന്റ് ഇനങ്ങളിലെ വരവു താഴേക്ക്. ഭൂനികുതി, ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കുള്ള ഫീസുകൾ, പാട്ടത്തുക, കെട്ടിടങ്ങളുടെ വാടക തുടങ്ങിയ ഇനങ്ങളിലെ വരുമാനമാണ് ലാൻഡ് റവന്യു. അടിക്കടി ഭൂനികുതി വർധിപ്പിച്ചിട്ടും വരുമാനം ഉയരാത്തതിനു മുഖ്യകാരണം പിരിവിലെ ഉഴപ്പാണെന്നാണു ധനവകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഡിസംബർ വരെ 562 കോടി ലഭിച്ചിടത്ത് ഇത്തവണ അതേ കാലയളവിൽ കിട്ടിയത് 507 കോടി.
-
Also Read
ജനുവരിയിലെ റേഷൻ വിതരണം 4 വരെ നീട്ടി
വായ്പ അടക്കമുള്ള ആവശ്യങ്ങൾ വരുമ്പോൾ മാത്രം ഭൂനികുതി അടയ്ക്കുന്ന രീതി നിരുത്സാഹപ്പെടുത്തി പകരം എല്ലാ സാമ്പത്തിക വർഷവും നികുതി അടപ്പിക്കുന്നതിനുള്ള നടപടികൾ വരുന്ന സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചേക്കും. നികുതി വൈകിപ്പിച്ചാൽ ഇൗടാക്കുന്ന പിഴത്തുക ഉയർത്തുക, നികുതി അടയ്ക്കൽ എസ്എംഎസ് അടക്കമുള്ള സംവിധാനങ്ങളിലൂടെ ഓർമിപ്പിക്കുക, കാലങ്ങളായി പാട്ടത്തുക അടയ്ക്കാതെ സർക്കാർ ഭൂമി കൈവശംവച്ചിരിക്കുന്നവർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയവയാണു സർക്കാരിന്റെ ആലോചനയിൽ. കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റ് ഇൻ എയ്ഡിലും ഇക്കുറി ഗണ്യമായ കുറവുണ്ട്. കുറഞ്ഞത് 1,642 കോടി രൂപ. ധനകാര്യ കമ്മിഷൻ നിശ്ചയിച്ച മാനദണ്ഡമനുസരിച്ചാണു ഗ്രാന്റുകൾ വിതരണം ചെയ്യുന്നത്.
കടമെടുപ്പു കൂടി; വരുമാനവും
സർക്കാരിന്റെ ആകെ വരുമാനം കഴിഞ്ഞ വർഷത്തെക്കാൾ (ഡിസംബർ വരെ) 8,943 കോടി രൂപ കൂടിയെങ്കിലും ഇതിൽ 2,926 കോടി കടമെടുപ്പിലെ വർധനയാണ്. ഫലത്തിൽ സർക്കാരിന്റെ ആകെ വരുമാന വർധന 6,017 കോടി (7.20%). കേന്ദ്ര ഗ്രാന്റ് കുറഞ്ഞെങ്കിലും കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതത്തിൽ 3,240 കോടി വർധനയുണ്ടായി. ജിഎസ്ടിയും 2,308 കോടി അധികം കിട്ടി.
ശമ്പളം, പെൻഷൻ ഇനങ്ങളിലായി 52,625 കോടി രൂപയാണു സർക്കാർ ചെലവിട്ടത്. എന്നാൽ, വികസന പദ്ധതികൾക്കായി ചെലവിട്ടത് 10,114 കോടി മാത്രം. സർക്കാർ വിവിധ സ്ഥാപനങ്ങൾക്ക് ഗ്രാന്റായി 7,242 കോടി നൽകി. വരവിനെക്കാൾ അധികം ചെലവിട്ട തുക, അഥവാ ധനക്കമ്മി 35,450 കോടി രൂപയാണ്.