ഖനന മേഖലയിൽ പൊരുത്തക്കേട്; ജിഎസ്ഐ മുൻ ശാസ്ത്രജ്ഞർ തയാറാക്കിയ ഭൂപടത്തിലുള്ളത് കേന്ദ്രസർക്കാർ പറയുന്നതിൽനിന്നു വ്യത്യസ്തം

Mail This Article
കൊല്ലം ∙ കടൽ മണൽഖനനം സംബന്ധിച്ച കേന്ദ്ര സർക്കാർ വിശദീകരണത്തിൽ പൊരുത്തക്കേടുകളേറെ. കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്ന സ്ഥലത്തിൽ നിന്നു വ്യത്യസ്തമാണു മണൽ ശേഖരം കണ്ടെത്തിയ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) യിലെ മുൻ ശാസ്ത്രജ്ഞർ തയാറാക്കിയ ഭൂപടത്തിലെ ഖനന മേഖല. മത്സ്യബന്ധനം നടക്കുന്ന മേഖലയ്ക്കും വളരെ അപ്പുറത്താകും മണൽ ഖനനം എന്നാണു കേന്ദ്ര ഖനി മന്ത്രാലയം സെക്രട്ടറി വി.എൽ.കാന്തറാവുവിന്റെ വിശദീകരണം.
എന്നാൽ ജിഎസ്ഐ മുൻ ശാസ്ത്രജ്ഞർ തയാറാക്കിയ ഭൂപടത്തിൽ രാജ്യത്തെ ഏറ്റവും സമൃദ്ധമായ മത്സ്യസങ്കേതമായ കൊല്ലം പരപ്പിന് ഏതാണ്ട് ഉള്ളിലാണു നിർദിഷ്ട ഖനന മേഖല. തീരത്തു നിന്നു കേവലം 27 മുതൽ 33 കിലോമീറ്റർ മാത്രം അകലം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരത്തു നിന്ന് 20 മുതൽ 60 നോട്ടിക്കൽ മൈൽ വരെ ( 37–111 കിലോമീറ്റർ) അകലെ 3300 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നതാണു കൊല്ലം പരപ്പ്.
കൊല്ലത്തു നിന്നു കടലിൽ പോകുന്ന മത്സ്യബന്ധന യാനങ്ങൾ ഈ ഖനന മേഖല പിന്നിട്ടു വേണം കൊല്ലം പരപ്പിന്റെ മറ്റു പ്രദേശങ്ങളിലേക്കു പോകാൻ. സുഗമമായ മത്സ്യബന്ധനത്തിന് ഇതു തടസ്സം സൃഷ്ടിച്ചേക്കാമെന്ന ആശങ്കയേറി.
തീരത്തു നിന്ന് 20–25 കിലോമീറ്റർ വരെയാണു മത്സ്യബന്ധനം നടക്കുന്നതെന്നും ഏകദേശം 50 കിലോമീറ്റർ വരെ അകലെയായിരിക്കും ഖനനമെന്നുമാണു ഖനി സെക്രട്ടറി ചൂണ്ടിക്കാട്ടിയത്.
കേരളത്തിന്റെ അധികാരപരിധിയിലുള്ള തീരക്കടൽ മേഖലയായ 12 നോട്ടിക്കൽ മൈലിനുള്ളിലെ (22.22 കിലോമീറ്റർ) മത്സ്യബന്ധനമാകാം കേന്ദ്ര സെക്രട്ടറി ഉദ്ദേശിച്ചത്. പലപ്പോഴും പരമ്പരാഗത വള്ളങ്ങളാണ് 12 നോട്ടിക്കൽ മൈലിനുള്ളിൽ ഒതുങ്ങുന്നത്. കേരള തീരത്തു നിന്നുള്ള യന്ത്രവത്കൃത ബോട്ടുകൾ അടക്കം 150 നോട്ടിക്കൽ മൈൽ അകലെ വരെ പോയി ദിവസങ്ങളോളം തങ്ങി മീൻ പിടിക്കുകയാണു പതിവ്.
നിർദിഷ്ട മണൽ ഖനന മേഖലയ്ക്കപ്പുറത്തേക്കും മത്സ്യസങ്കേതം വ്യാപിച്ചു കിടക്കുന്നതിനാൽ ഖനന മേഖലയിൽ കൂടി അവിടേക്കു പോയി മീൻ പിടിക്കുന്നതു ബുദ്ധിമുട്ടാകുമെന്നും വാദമുണ്ട്. കൊല്ലം പരപ്പിന്റെ വിസ്തൃതിയെ അപേക്ഷിച്ചു തീരെ കുറഞ്ഞ പ്രദേശമാണു ഖനന മേഖല എന്നതിനാൽ (242 ചതുരശ്ര കിലോമീറ്റർ ) കുഴപ്പമുണ്ടാകില്ലെന്നാണു കേന്ദ്ര സർക്കാർ വാദം. ഖനനത്തിനു ടെൻഡർ എടുക്കുന്ന കമ്പനിയായിരിക്കും പരിസ്ഥിതി ആഘാത പഠനത്തിന് ഏജൻസിയെ നിശ്ചയിക്കുക എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇക്കാര്യത്തിലും കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.
കമ്പനികൾക്ക് കോംപസിറ്റ് ലൈസൻസ്
പര്യവേക്ഷണത്തിനും ഖനനത്തിനും ഉൾപ്പെടെയുള്ള കോംപസിറ്റ് ലൈസൻസ് ആകും കമ്പനികൾക്ക് അനുവദിക്കുക. പര്യവേക്ഷണത്തിനു പരമാവധി 5 വർഷം വരെയും ഖനനത്തിനു പരമാവധി 50 വർഷം വരെയും. കടൽ മണൽഖനനവുമായി ബന്ധപ്പെട്ട ചരക്കു കടത്തും മറ്റും കൊല്ലം തീരം കേന്ദ്രീകരിച്ചാകും. കേന്ദ്ര ഖനി മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ രേഖയിൽ ഇതു സംബന്ധിച്ച സൂചനകളുണ്ട്.