സീറ്റ് വിഭജനം: ഘടകകക്ഷി നിലപാടിനോട് യോജിച്ച് കോൺഗ്രസ്

Mail This Article
തിരുവനന്തപുരം∙ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം നേരത്തേ പൂർത്തിയാക്കണമെന്ന യുഡിഎഫ് ഘടകകക്ഷികളുടെ നിലപാടിനോടു യോജിച്ച് കോൺഗ്രസ്. ഈ വർഷമവസാനം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണിക്കുള്ളിൽ ധാരണയുണ്ടാക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. അവസാനനിമിഷമുള്ള സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും ഇക്കുറി പാടില്ലെന്നും അതിനു കോൺഗ്രസ് മുൻകയ്യെടുക്കണമെന്നുമുള്ള നിലപാടിലാണു ഘടകകക്ഷികൾ.
തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് ധാരണയുണ്ടാക്കണമെന്നു ചില ഘടകകക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വരും മാസങ്ങളിൽ ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ ആരംഭിക്കാമെന്നും തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം അന്തിമ തീരുമാനമെടുക്കാമെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. ചില ഘടകകക്ഷികൾ കൂടുതൽ സീറ്റ് ചോദിക്കാനുള്ള സാധ്യത കോൺഗ്രസ് കാണുന്നുണ്ട്.സിഎംപിക്ക് 3 സീറ്റ് വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാർട്ടി നേതാവ് സി.പി.ജോൺ ആവശ്യപ്പെട്ടിരുന്നു.