മുഖ്യമന്ത്രിയെ വിളിച്ച് സതീശൻ, അനുഭാവപ്രതികരണവുമായി പിണറായി; ആശാ സമരം തീരാൻ വഴിതെളിയുന്നു

Mail This Article
തിരുവനന്തപുരം ∙ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിക്കണമെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ അഭ്യർഥനയോട് അനുഭാവപൂർവമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലുള്ള പിണറായി ഇന്നു രാത്രി തിരുവനന്തപുരത്ത് എത്തും. സമരം ഒത്തുതീർക്കാനുള്ള ചർച്ചകൾ നാളെ ആരംഭിക്കുമെന്നാണു വിവരം. സിപിഎം സംസ്ഥാന സമ്മേളനത്തിനിടെയാണ് സതീശൻ പിണറായിയെ ഫോണിൽ വിളിച്ചത്. അശരണരായ വിഭാഗത്തിന്റെ ഓണറേറിയത്തിൽ വർധന വേണമെന്നു സതീശൻ അഭിപ്രായപ്പെട്ടു. കർണാടകയിലെ ആശാമാരുടെ സമരത്തെക്കുറിച്ചും സതീശൻ ഓർമിപ്പിച്ചു. അവിടെ സമരം 5 ദിവസം പിന്നിട്ടപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. ഓണറേറിയം 10,000 രൂപയാക്കാൻ തീരുമാനിച്ച അദ്ദേഹം ഹെൽത്ത് കമ്മിഷണറെ സമരസ്ഥലത്തേക്ക് അയച്ചാണു പ്രഖ്യാപനം നടത്തിയത്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം നീട്ടിക്കൊണ്ടു പോകുന്നതു ശരിയല്ലെന്ന സതീശന്റെ അഭിപ്രായത്തോട് അനുകൂലമായാണു മുഖ്യമന്ത്രി പ്രതികരിച്ചത്. സാഹചര്യം പരിശോധിച്ച് ഉടൻ തീരുമാനം ഉണ്ടാക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായി സതീശൻ അറിയിച്ചു.
ഓണറേറിയം 7,000 രൂപയിൽ നിന്ന് 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നുമാണു സമരക്കാരുടെ ആവശ്യം. എന്നാൽ ഓണറേറിയത്തിൽ 500 രൂപ മുതൽ 1000 രൂപവരെ വർധന വേണമെന്ന് ഡിസംബറിൽ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ധനവകുപ്പിലെ ആ ഫയലിൽ ഇതുവരെ തീരുമാനമായിട്ടില്ല.