അത്ര ഈസിയല്ല, ഈസ് ഓഫ് ഡൂയിങ്

Mail This Article
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ സഭയിൽ അതിന്റെ പിതൃത്വത്തെക്കുറിച്ച് അവകാശവാദങ്ങളുയരും; പിന്നെ അടിയാകും. ധനാഭ്യർഥന ചർച്ച തുറമുഖ വകുപ്പിനെക്കുറിച്ചു കൂടിയാകുമ്പോൾ ആ ആചാരം പാലിക്കാതിരിക്കാനാവില്ലല്ലോ.വിഴിഞ്ഞം എൽഡിഎഫിന്റെ കുഞ്ഞാണെന്നതിൽ ചർച്ച തുടങ്ങിവച്ച കടകംപള്ളി സുരേന്ദ്രന് സംശയമില്ല. പക്ഷേ കടകംപള്ളിയുടെ ശബ്ദത്തിൽ പഴയ ആവേശമില്ലെന്ന് എ.പി.അനിൽകുമാർ കണ്ടെത്തി. എം.വിൻസന്റ് അതിന്റെ കാരണവും പറഞ്ഞു: ‘‘പാർട്ടി സെക്രട്ടേറിയറ്റിൽ എടുക്കാത്തതിനു ഞങ്ങളെന്തു പിഴച്ചു?’’
വിഴിഞ്ഞം ടെൻഡർ വിളിച്ചത് വിഎസ് സർക്കാർ ആണെന്നിരിക്കെ എൽഡിഎഫ് അല്ലാതെ മറ്റാർക്കും അതിന്റെ പിതൃത്വം നൽകില്ലെന്ന് കെ.ആൻസലൻ പറഞ്ഞു. പി.എസ്.സുപാലിന്റെ പിന്തുണ പിന്നാലെ. വിഴിഞ്ഞം സ്വയം ഏറ്റെടുത്തിട്ട് കരുവന്നൂർ തിരിച്ചു തരുന്നത് അസ്സലായെന്ന പരിഹാസം അപ്പോൾ സണ്ണി ജോസഫിൽ നിന്നുണ്ടായി. തർക്കം മൂത്തപ്പോൾ പി.സി.വിഷ്ണുനാഥ് വികാര വിക്ഷോഭത്തോടെ പറഞ്ഞു: ‘‘വിഴിഞ്ഞം എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഉയരുന്ന ഒരേ ഒരു മുഖം ഉമ്മൻചാണ്ടിയുടേതാണ്. അതു മറച്ചുവയ്ക്കാൻ ശ്രമിക്കുന്തോറും നിങ്ങൾ കൂടുതൽ അപമാനിതരായിക്കൊണ്ടിരിക്കും.’’
മന്ത്രി കെ.കൃഷ്ണൻകുട്ടിയെ പോലും ഞെട്ടിച്ച ഒരു മഹദ്‌വചനം പി.മമ്മിക്കുട്ടി നടത്തി. ‘‘ കേരളത്തിലെ എട്ടു വയസ്സു വരെയുളള കുട്ടികൾക്ക് കറന്റ് കട്ട് എന്ന വാക്കിന്റെ അർഥം അറിയില്ല. കാരണം അത് അവർക്കു കാണേണ്ടി വന്നിട്ടില്ല!’’ മുഖ്യമന്ത്രിയായി പിണറായി എട്ടു വർഷം പിന്നിട്ടതാണ് മമ്മിക്കുട്ടി ഉദ്ദേശിച്ചത്. മുൻ വൈദ്യുതി മന്ത്രി എം.എം.മണി അപ്പോൾ ഗ്രാമ്യഭാഷ വിട്ട് സംസ്കൃത ചിത്തനായി. കേരളത്തിനു പൊൻവെളിച്ചം പകരുന്ന സർക്കാരാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ചെങ്കൊടിയെ താഴ്ത്തിക്കെട്ടിയ പി.ഉബൈദുല്ലയ്ക്ക് കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ മറുപടി ഒരു ദിവസം വൈകിയായി.
ആരെങ്കിലും പറയുന്ന കേട്ട് കൊടിയഴിച്ച് കക്ഷത്തിൽ വയ്ക്കുന്ന ലീഗുകാർ ആദ്യം ആ പതാക സംരക്ഷിച്ചിട്ടു വർത്തമാനം പറയൂ എന്നായി അദ്ദേഹം. വർഗീയത പരത്തുന്ന പി.സി.ജോർജിനെ കൽത്തുറുങ്കിൽ അടയ്ക്കണമെന്ന അപ്രതീക്ഷിതമായ ആവശ്യം ലീഗിന്റെ മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫിൽ നിന്നുണ്ടായി. അതിർത്തിക്കപ്പുറത്തുള്ള സിദ്ധരാമയ്യ സർക്കാരാണ് പ്രചോദനമെന്നും വെളിപ്പെടുത്തി.കരുവന്നൂർ കമന്റുകൾക്ക് മന്ത്രി വി.എൻ.വാസവനും വനം, കൃഷി പ്രശ്നങ്ങൾക്ക് മന്ത്രിമാരായ എ.കെ.ശശീന്ദ്രനും പി.പ്രസാദും മറുപടി നൽകിയശേഷം മന്ത്രി പി.രാജീവ് എഴുന്നേറ്റതോടെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസി’ൽ കേരളം മുന്നിലെത്തിയതിന്മേലുള്ള സംവാദം കൊഴുത്തു. രാജീവ് മാർക്കറ്റിങ് വിദഗ്ധനാണെന്നതിൽ എ.പി.അനിൽകുമാറിന് സംശയമില്ല. അതെ, കേരളത്തെ മാർക്കറ്റ് ചെയ്യും, എന്താണ് സംശയം– എന്നായി മന്ത്രി. റാങ്കിങ് തെറ്റായ അവകാശവാദമാണെന്ന് പി.സി.വിഷ്ണുനാഥും റോജി എം.ജോണും മാത്യു കുഴൽനാടനും രാഹുൽ മാങ്കൂട്ടത്തിലും ഒരുമിച്ചു സമർഥിച്ചു.
ചോദ്യങ്ങളുമായി രാഹുൽ തുടരെ എഴുന്നേറ്റപ്പോൾ രാജീവും പ്രകോപിതനായി. ‘പാലക്കാട് അംഗം ആഗ്രഹിക്കുന്ന ഉത്തരം മന്ത്രിക്കു നൽകാൻ കഴിയില്ല’ എന്ന പിന്തുണയുമായി സ്പീക്കർ എ.എൻ.ഷംസീർ രംഗത്തെത്തി. ധനാഭ്യർഥന ചർച്ച വോട്ടിനിടാൻ സമയമായപ്പോൾ സഭ താൽക്കാലികമായി പിരിയുന്ന ദിവസമായതിനാൽ രണ്ടു പക്ഷത്തും ആളു കുറവ്. വിവിധ കക്ഷികളുടെ പാർലമെന്ററി പാർട്ടി ഭാരവാഹികൾ ശ്രദ്ധിക്കുന്നില്ലേ എന്ന അനിഷ്ടം സ്പീക്കർ പ്രകടിപ്പിച്ചു.